ന്യൂഡൽഹി: ഒറ്റ ദിവസം രാജ്യതലസ്ഥാനത്ത് 100 സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട ഐസിസ് ദമ്പതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ജമ്മു കാശ്‌മീർ സ്വദേശികളായ ജഹൻജേബ് സമി, ഭാര്യ ഹീന ബഷീർ ബെയ്‌ഗ് എന്നിവരാണ് ഐസിസുമായി ബന്ധമുണ്ടാക്കി രാജ്യത്ത് ഖിലാഫത്ത് സ്ഥാപിക്കാൻ ശ്രമിച്ചത്. ഇതിനായി ഡൽഹിയിൽ ഒറ്റ ദിവസം 100 സ്‌ഫോടനം നടത്താൻ പദ്ധതി ആസൂത്രണം ചെയ്‌തു.
ബിടെക്, എംബിഎ ബിരുദധാരിയാണ് സമി. ഒരു ബ്രിട്ടീഷ് കമ്പനിക്കുവേണ്ടി ജോലി നോക്കവെയാണ് ഡൽഹിയിലെത്തിയത്. കംപ്യൂട്ടർ ആപ്ളിക്കേഷൻ ബിരുദവും എംബിഎ ബിരുദവും നേടിയയാളാണ് ഹീന ബെയ്‌ഗ്. പൗരത്വഭേദഗതി ബിൽ വന്നതോടെ ഇരുവരും വീടിന് പുറത്തിറങ്ങാതെയായി. ഈ സമയം അഫ്‌ഗാനിസ്ഥാനിലും സിറിയയിലുമുള്ള ഐസിസ് നേതാക്കളുമായി ഇവർ ഓൺലൈനിൽ ബന്ധപ്പെടുകയും അവരുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കാനും തുടങ്ങി. ഹന്നബീ, ഖതീജ അൽ കശ്‌മീരി എന്നീ പേരുകളിലാണ് ഹീന സൈബർ ലോകത്ത് പ്രവർത്തിച്ചത്. സയിബ്, അബു അബ്‌ദുള്ള, അബ്‌ദുള്ള മുഹമ്മദ് അൽ ഹിന്ദ് എന്നീ പേരുകളിലാണ് സമി പ്രവർത്തിച്ചത്.
2019ൽ തുടങ്ങിയ ഇവരുടെ പ്രവർത്തനം ഡൽഹി പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഉടനെ കണ്ടെത്തി. പിന്നീട് 2020 മാർച്ച് എട്ടിന് ഇവരെ അറസ്‌റ്റ് ചെയ്‌തു. കേസ് പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. നാല് വർഷത്തിന് ശേഷമാണ് കോടതി ഇരുവരെയും കുറ്റക്കാരെന്ന് കണ്ടെത്തി. വിവിധ വകുപ്പുകളിലായി മൂന്ന് മുതൽ 20 വർഷം വരെ തടവ്‌ശിക്ഷ സമിക്ക് ലഭിച്ചു. ഹീന ബെയ്‌ഗിന് ഏഴ് വർഷം വീതമുള്ള രണ്ട് ശിക്ഷ ലഭിച്ചു.
സിഎഎ, എൻ ആർ സി പ്രതിഷേധങ്ങളിൽ യുവാക്കളെ പ്രകോപിപ്പിച്ച് രംഗത്തിറക്കിയതിൽ ഇരുവർക്കും പങ്കുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. മാത്രമല്ല ഐസിസ് നേതാവ് അബു ഉസ്‌മാൻ അൽ കശ്‌മീരി എന്നയാളുമായി ബന്ധം സ്ഥാപിച്ച് ഇവർ സാവത് അൽ ഹിന്ദ് എന്ന പേരിൽ ഡിജിറ്റൽ മാഗസീൻ തുടങ്ങി. 2019ൽ അഫ്‌ഗാനിൽ ഡ്രോൺ ആക്രമണത്തിൽ മരിച്ച ഹുസൈഫ അൽ ബകിസ്‌തായിയുടെ സ്വാധീനവും ഇരുവർക്കും ഉണ്ടായിരുന്നു. തങ്ങളുടെ സൈബർ പ്രവർത്തികളെല്ലാം പുറത്തുവരാതിരിക്കാൻ ഇരുവരും പരമാവധി ശ്രമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |