വിജയ് നായകനായി എത്തിയ ജില്ല സിനിമയിലെ അഭിനയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മോഹൻലാൽ. താരത്തിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വെളിപ്പെടുത്തലുകൾ നടത്തിയത്. ജില്ലയിൽ അഭിനയിക്കുന്നതിനായി വിജയ് നേരിട്ടാണ് ക്ഷണിച്ചതെന്ന് മോഹൻലാൽ പറഞ്ഞു. ക്ഷണത്തിന് പിന്നാലെ തന്നെ സമ്മതം മൂളുകയും ചെയ്തെന്ന് താരം കൂട്ടിച്ചേർത്തു.
'വിജയ് വ്യക്തിപരമായി എന്നെ വിളിക്കുകയും വേഷം ചെയ്യാനാകുമോയെന്ന് ചോദിക്കുകയുമായിരുന്നു. ഉടൻ തന്നെ ഞാൻ സമ്മതിക്കുകയും ചെയ്തു. ഞാൻ ആ കഥാപാത്രത്തിന് യോജിക്കുമെന്ന് അദ്ദേഹത്തിനും അണിയറ പ്രവർത്തകർക്കും തോന്നിച്ചത് ഭാഗ്യമായാണ് കരുതുന്നത്'-മോഹൻലാൽ പറഞ്ഞു.
2014ൽ തീയേറ്ററുകളിലെത്തിയ ജില്ലയിൽ വിജയുടെ അച്ഛനായാണ് മോഹൻലാൽ വേഷമിട്ടത്. 50 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്റെ സംവിധായകൻ ആർ ടി നീസണായിരുന്നു. ശിവൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. കാജൽ അഗർവാൾ, സമ്പത് രാജ്, നിവേദ തോമസ്, പൂർണിമ ഭാഗ്യരാജ്, സൂരി തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
അതിനിടെ പുതിയ ചിത്രമായ എമ്പുരാന്റെ ക്യാരക്ടർ ലുക്കും മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പിറന്നാൾ ദിനമായ ചൊവ്വാഴ്ചയാണ് താരം പുതിയ വാർത്തയുമായി എത്തിയത്. മോഹൻലാൽ സിനിമയിൽ അവതരിപ്പിക്കുന്ന 'ഖുറേഷി എബ്രഹാം' എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നത്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് എമ്പുരാന്റെ അപ്ഡേറ്റ് ഉണ്ടാക്കുമെന്ന് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. തോക്ക് ധാരികളായ നിരവധി ബോഡിഗാർഡുകളുടെ നടുവിലൂടെ ഖുറേഷിയുടെ വരവാണ് പുറത്തുവന്ന ചിത്രത്തിലുള്ളത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസിനെത്തുന്ന ചിത്രം നടൻ പൃഥ്വിരാജാണ് സംവിധാനം ചെയ്യുന്നത്. എമ്പുരാന്റെ ആദ്യഭാഗമായ ലൂസിഫർ ബോക്സോഫീസ് റെക്കോഡുകൾ തീർത്തതിനാൽതന്നെ ചിത്രത്തിന് ഏറെ പ്രതീക്ഷ ആരാധകർ നൽകുന്നുണ്ട്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന എമ്പുരാനിൽ തമിഴിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് നിർമ്മാണ പങ്കാളിയാണ്. മുരളി ഗോപിയാണ് രചന. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്നു. ദക്ഷിണേന്ത്യയിലെ ഒരു സിനിമയ്ക്കുവേണ്ടി നടത്തിയ ഏറ്റവും വലിയ ലൊക്കേഷൻ ഹണ്ടായിരുന്നു എമ്പുരാന്റേത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന് ഖ്യാതിയുള്ള എമ്പുരാന്റെ ചിത്രീകരണം ഇപ്പോൾ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.
150 കോടി രൂപയാണ് സിനിമയുടെ ആദ്യം പ്രഖ്യാപിച്ച ബഡ്ജറ്റെങ്കിൽ അതും കടന്നുപോകുമെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരത്തെ ചിത്രീകരണത്തിനുശേഷം കൊച്ചിയിലും ഗുജറാത്തിലും എമ്പുരാന് ചിത്രീകരണമുണ്ട്. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, സായ് കുമാർ, ബെെജു സന്തോഷ് എന്നിവരും ലൂസിറഫിലെ തുടർച്ചയായി തങ്ങളുടെ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, ഷെെൻ ടോം ചാക്കോ എന്നിവരാണ് സിനിമയിലെ പുതിയ കഥാപാത്രങ്ങൾ. സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |