വാരണാസി: അനന്തിന്റെയും രാധികയുടെയും വിവാഹത്തിന്റെ തിരക്കിലാണ് അംബാനി കുടുംബം. ഇരുവരുടെയും വിവാഹം ജൂലായ് 12ന് മുംബയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കും. വിവാഹത്തിന് മുന്നോടിയായി നിത അംബാനി കാശി വിശ്വനാഥ് ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു. കാശി വിശ്വനാഥന് ആദ്യ ക്ഷണക്കത്ത് സമർപ്പിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ നിത അംബാനി വിവാഹത്തിനോടനുബന്ധിച്ച് ബനാറസ് സാരികൾ വാങ്ങുന്നതിന് വേണ്ടി വാരണാസിയിൽ നേരിട്ട് എത്തിയിരിക്കുകയാണ്. സാരികൾ വാങ്ങുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വാരണാസിയിയെ നെയ്ത്തുകാരെയും തറി ഉടമകളെയും നേരിട്ട് കണ്ട് അമ്പത് മുതൽ അറുപത് സാരി വരെ നിത അംബാനി വാങ്ങിയെന്നാണ് റിപ്പോർട്ട്.
ലക്കാ ബുട്ടി, ഹസാര ബുട്ടി ബനാറസ് സാരികളാണ് നിത അംബാനി വാങ്ങിയത്. ഇവ എല്ലാം നെയ്‌തെടുക്കാൻ ദിവസങ്ങളുടെ പ്രയത്നമുണ്ട്. ഇത്തരം സാരികൾ നെയ്തെടുക്കുന്നവർക്ക് മികച്ച കരകൗശലവിദ്യ ആവശ്യമാണ്. എല്ലാ സാരികളും യഥാർത്ഥ പട്ടുനൂൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല, ഈ സാരികളിൽ വെള്ളിയും സ്വർണ്ണ നൂലുകളും ഉണ്ടാകും. സാരിയിൽ 50 മുതൽ 60 ശതമാനം വരെ വെള്ളിനൂലും 1.5 ശതമാനം സ്വർണം കൊണ്ടുള്ള നൂലുമാണ്. 1.5-2 ലക്ഷം രൂപ മുതൽ 5-6 ലക്ഷം രൂപ വരെയാണ് സ്വർണ, വെള്ളി നൂലുകളുള്ള സാരികളുടെ വില.
ബനാറസ് സാരികളെ ഹസാറ ബുട്ടിയെന്നും ലഖാ ബൂട്ടി സാരി എന്ന പേരിലും അറിയപ്പെട്ടും. ഞങ്ങൾ നിർമ്മിക്കുന്ന സാരിയുടെ പേര് ലഖാ ബുട്ടി എന്നാണെന്ന് നെയ്ത്തുകാർ പറയുന്നു. 'ഈ സാരിയുടെ പ്രത്യേകത എന്തെന്നാൽ, സാരിയിൽ അഞ്ചാലിനടുത്ത് ഒരു മൂലയുണ്ട്, ഒരു തവണ തറി സ്ഥാപിക്കുമ്പോൾ ഞങ്ങൾ മുഴുവൻ സാരിയും തയ്യാറാക്കും, എന്നാൽ ഈ പ്രത്യേക സാരി തയ്യാറാക്കാൻ, മൂന്ന് തവണ തറി തയ്യാറാക്കണം. ഹിന്ദു മതത്തിലെ മംഗളകരമായ ചടങ്ങുകളിൽ ചുണരിയും പിയാരിയും ഉപയോഗിക്കുന്നു, ഈ സാരി നിർമ്മിക്കാൻ 60 മുതൽ 62 ദിവസം വരെ എടുക്കും'- നെയ്ത്തുകാരൻ പറഞ്ഞു.
'ഈ സാരികൾ നിർമ്മിക്കാൻ വളരെയധികം സമയമെടുക്കും. നിത അംബാനി ഒരു പ്രത്യേക സാരിയാണ് വാങ്ങിയത്, അതിനെ ഹസാര ബുട്ടി എന്നാണ് വിളിക്കുന്നത്, അതിൽ ഏകദേശം 35000 വെള്ളി നൂലുണ്ട്. ഒരു ഹസാര ബുട്ടി സാരി നിർമ്മിക്കാൻ 40 മുതൽ 45 ദിവസമെടുക്കും. കരകൗശലത്തിൽ വിദഗ്ദരായ 25ഓളം പേരാണ് ഈ സാരി നിർമ്മാണത്തിൽ ഏർപ്പെടുന്നത്.
മുംബയിൽ നടക്കുന്ന അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് ദേശീയ അന്തർദേശീയ താരങ്ങളുടെ സാന്നിദ്ധ്യം എന്തായാലും ഉണ്ടാകും. അതുകൊണ്ട് തന്നെ തങ്ങൾ നിർമ്മിച്ച സാരികൾക്ക് മികച്ച എക്സ്‌പോഷർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നെയ്ത്തുകാർ. ഇതോടെ ബനാറസ് സാരി വ്യവസായത്തിന് ഉത്തേജനം നൽകുമെന്നും അവർ പ്രതീക്ഷിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |