തിരുവനന്തപുരം: മീൻ പിടിക്കുന്നതിനിടെ കടൽച്ചൊറി കണ്ണിൽ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയിൽ പുരയിടത്തിൽ പ്രവീസ് (56) ആണ് മരിച്ചത്. ജൂൺ 29ന് രാവിലെ മക്കളോടൊപ്പം രണ്ട് നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ മീൻ പിടിക്കുന്നതിനിടെയായിരുന്നു സംഭവം. പ്രത്യേക ഇനത്തിൽപ്പെട്ട ജെല്ലി ഫിഷിനെയാണ് കടൽച്ചൊറി എന്ന് പറയുന്നത്.
വലയിൽ കുടുങ്ങിയ കടൽച്ചൊറി എടുത്ത് മാറ്റുന്നതിനിടയിലാണ് പ്രവീസിന്റെ കണ്ണിൽ തെറിച്ചത്. അലർജി ബാധിച്ച് കണ്ണിൽ നീര് വന്നതോടെ പുല്ലുവിള ആശുപത്രിയിൽ ചികിത്സ തേടി. അസുഖം കൂടിയതോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് ബന്ധുക്കൾ കൊണ്ടുപോയി. അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരണം സംഭവിച്ചത്. ഭാര്യ - ജയശാന്തി. മക്കൾ - ദിലീപ്, രാജി, രാഖി. മരുമക്കൾ - ഗ്രീഷ്‌മ, ഷിബു, ജോണി.
എന്താണ് കടൽച്ചൊറി?
ശരീരത്തിൽ 90 ശതമാനത്തിലധികം ജലാംശമുള്ള ജലജീവിയാണ് ജെല്ലി ഫിഷ് അഥവാ കടൽച്ചൊറി. ഇത് മത്സ്യമല്ല. കുടയുടെ ആകൃതിയിലുള്ള ശരീരവും ടെൻറക്കിളുകളും (tentacles) ഉള്ള ഇവയെ എല്ലാ സമുദ്രങ്ങളിലും കാണാം. ഈ ടെൻറക്കിളുകൾ ഉപയോഗിച്ചാണ് അവ ഇരപിടിക്കുന്നത്. ഭീമൻ ജെല്ലി ഫിഷിൻറെ ടെൻറക്കിളിന് 30 മീറ്റർ വരെ നീളമുണ്ടാകും.
ഇവ ഉത്പാദിപ്പിക്കുന്ന ചില രാസവസ്തുക്കൾ കാൻസറിനും ഹൃദ്രോഗത്തിനുമുള്ള ഔഷധങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. എല്ലാ ജെല്ലി ഫിഷുകളും നിരുപദ്രവകാരികളല്ല. ബോക്സ് ജെല്ലി ഫിഷ് പോലുള്ളവ വിഷമുള്ളവയാണ്. മനുഷ്യനെവരെ കൊല്ലാൻ ശേഷിയുള്ള വിഷമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |