SignIn
Kerala Kaumudi Online
Tuesday, 23 July 2024 5.13 AM IST

സ്വന്തം കാറിൽ ബീക്കൺ ഘടിപ്പിച്ച് യാത്ര നടത്തിയ യുവ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് മാനസിക വൈകല്യമുള്ളതായി അവകാശവാദം

pooja-khedkar

ന്യൂഡൽഹി: അധികാര ദുർവിനിയോഗം നടത്തിയതിന് സ്ഥലംമാറ്റപ്പെട്ട യുവ ഐ.എ.എസ് ഉദ്യോഗസ്ഥ മാനസിക വൈകല്യമുണ്ടെന്ന് യു.പി.എസ്.സിക്ക് സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറഞ്ഞിരുന്നതായി വിവരം. തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഇളവ് ലഭിക്കുന്നതിനായാണ് കാഴ്‌ച, മനോ വൈകല്യമുണ്ടെന്ന് പൂനെ അസിസ്റ്റന്റ് കളക്ടറായ പൂജ ഖേദ്‌കർ രേഖകളിൽ ചൂണ്ടിക്കാട്ടിയത്. വൈകല്യങ്ങൾ സ്ഥിരീകരിക്കുന്ന നിർബന്ധിത വൈദ്യ പരിശോധനയിൽ പക്ഷേ പൂജ ഹാജരായിരുന്നുമില്ല.

സ്വകാര്യ ആഡംബര കാറിൽ സർക്കാരിന്റെ ബോർഡ് സ്ഥാപിക്കുക,​ അനധികൃതമായി ബീക്കൺ ലൈറ്റ് ഘടിപ്പിക്കുക,​ അഡിഷണൽ കളക്ടറുടെ ചേംബർ കൈയേറുക തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് പൂജയെ വാഷിം ജില്ലയിലേക്കാണ് സ്ഥലംമാറ്റിയത്. അസി. കളക്ടർ ബീക്കൺ ലൈറ്റ് ഘടിപ്പിച്ച സ്വകാര്യ കാറിൽ സഞ്ചരിക്കുന്നത് വിവാദമായിരുന്നു. 2023 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് ഇവർ.

പ്രൊബേഷൻ കാലയളവിൽ സർക്കാർ നൽകാത്ത പലസൗകര്യങ്ങളും ഇവർ ഉപയോഗിച്ചിരുന്നതായാണ് ആരോപണം. സ്വകാര്യ ഔഡി കാറിൽ 'മഹാരാഷ്ട്ര സർക്കാർ' എന്ന ബോർഡ് സ്ഥാപിച്ച കളക്ടർ, കാറിന് മുകളിൽ ചുവപ്പ്, നീല നിറങ്ങളിലുള്ള ബീക്കൺ ലൈറ്റും ഘടിപ്പിച്ചു. ഇതിനുപുറമേ അഡിഷണൽ കളക്ടർ അജയ് മോറെയുടെ ചേംബർ കൈയേറിയതിലും പൂജയ്‌ക്കെതിരെ അന്വേഷണമുണ്ടായി.

അജയ് മോറെ സ്ഥലത്തില്ലാത്ത സമയത്താണ് പൂജ ഇദ്ദേഹത്തിന്റെ ചേംബറിലിരുന്നത്. തുടർന്ന് അഡി. കളക്ടറുടെ അനുമതിയില്ലാതെ ഓഫീസ് ഫർണീച്ചറുകൾ മാറ്റിയെന്നും വി.ഐ.പി നമ്പർ പ്ലേറ്റുള്ള ഔദ്യോഗിക കാർ, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, ഒരു കോൺസ്റ്റബിൾ,​ വിസിറ്റിംഗ് കാർഡ് എന്നിവ ആവശ്യപ്പെട്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ഇത് വിവാദമായതോടെ പൂനെ കളക്ടർ സുഹാസ് ദിവസെ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ഇതിനുപിന്നാലെയാണ് സ്ഥലംമാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്. അതിനിടെ, മകൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാനായി റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥനായ പൂജയുടെ പിതാവ് കളക്ടറുടെ ഓഫീസിൽ സമ്മർദ്ദം ചെലുത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

സർട്ടിഫിക്കറ്റ് വ്യാജം

അതിനിടെ പൂജയ്ക്കെതിരെ വ്യാജ സർട്ടിഫിക്കറ്റ് ആരോപണവും ഉയർന്നു. സർവീസിൽ പ്രവേശിക്കാൻ വ്യാജ മെഡിക്കൽ,​ ജാതി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചെന്നാണ് ആരോപണം. കാഴ്ചപരിമിതിയുണ്ടെന്നും ഒ.ബി.സി. വിഭാഗത്തിലാണെന്നും കാണിച്ചാണ് പൂജ പരീക്ഷ എഴുതിയത്. സെലക്ഷന് ശേഷം മെഡിക്കൽ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഇവർ പല കാരണങ്ങൾ പറഞ്ഞ് ഹാജരായില്ലെന്നാണ് റിപ്പോർട്ട്.

സർട്ടിഫിക്കറ്റുമായി ഡൽഹി എയിംസിൽ പരിശോധനയ്ക്ക് ഹാജരാകാനായിരുന്നു നിർദ്ദേശം. എന്നാൽ, കൊവിഡ് ബാധിച്ചെന്ന് പറഞ്ഞ് ഹാജരായില്ല. ഇതിനുശേഷം അഞ്ചുതവണ കൂടി പരിശോധനയ്ക്ക് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി. ഒടുവിൽ ഒരു സ്വകാര്യ ആശുപത്രിയിൽനിന്നുള്ള വ്യാജ മെഡിക്കൽ വെരിഫിക്കേഷൻ റിപ്പോർട്ട് ഹാജരാക്കിയെന്നാണ് വിവരം.

പൂജ സമർപ്പിച്ച സർട്ടിഫിക്കറ്റുകളിൽ സംശയമുണ്ടെന്ന് യു.പി.എസ്.സി അറിയിച്ചിരുന്നു. ഇതിനിടെ, രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ജോലിയിൽ പ്രവേശിച്ചു.

ഒ.ബി.സി. വിഭാഗത്തിൽ പരീക്ഷയെഴുതിയ പൂജ ഇതിലും ക്രമക്കേട് നടത്തിയതായാണ് വിവരം. പിതാവിന്റെ വാർഷികവരുമാന പരിധി എട്ടുലക്ഷം രൂപയാണ്. എന്നാൽ, പൂജയുടെ പിതാവ് ദിലീപ് ഖേദ്കർ മഹാരാഷ്ട്ര സർക്കാർ സർവീസിൽനിന്ന് വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥനാണ്. പുതിയ ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് സ്വന്തം ജില്ലയിൽ ആദ്യം പോസ്റ്റിംഗ് നൽകില്ലെന്നിരിക്കെ പൂജ ഖേദ്കറിനെ പൂനെയിൽ നിയമച്ചതിലും വിവാദം ഉയർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, POOJA KHEDKAR, PUNE IAS OFFICER, TRANSFERED, MENTAL DISABILITY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.