കളക്ടറായി അർജുൻ പാണ്ഡ്യൻ ചുമതലയേറ്റു
തൃശൂർ: ജില്ലയുടെ ആവശ്യങ്ങളും സാദ്ധ്യതകളും വിശദമായി പഠിച്ച് വേണ്ട ഇടപെടലുകൾ നടത്തുമെന്ന് കളക്ടർ അർജ്ജൂൻ പാണ്ഡ്യൻ. ചുമതലയേറ്റശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങൾക്ക് സുതാര്യമായും സമയബന്ധിതമായും സേവനങ്ങൾ ലഭ്യമാക്കും. അതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാലവർഷത്തോട് അനുബന്ധിച്ചുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. സൗകര്യങ്ങളെല്ലാം ഏർപ്പാടാക്കിയിട്ടുണ്ട്, പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കും. സമഗ്ര വികസനത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നതിന് ജീവനക്കാരുടെ സഹകരണവും പിന്തുണയും ആവശ്യമാണെന്നും അർജുൻ പറഞ്ഞു.
കൈയടിച്ച് വരവേറ്റ് ജീവനക്കാർ
ചുമതലയേൽക്കാനെത്തിയ പുതിയ കളക്ടർ അർജുൻ പാണ്ഡ്യനെ കൈയടിച്ച് സ്വീകരിച്ചാണ് ജീവനക്കാർ വരവേറ്റത്. രാവിലെ പത്തിന് സിവിൽ സ്റ്റേഷനിലെത്തിയ കളക്ടറെ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി. മുരളി, സബ് കളക്ടർ മുഹമ്മദ് ഷെഫീക്ക്, അസി. കളക്ടർ അതുൽ സാഗർ, തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. കളക്ടറായിരുന്ന വി.ആർ. കൃഷ്ണ തേജ ഡെപ്യൂട്ടേഷനിൽ ആന്ധ്രയിലേക്ക് പോയ ഒഴിവിലാണ് നിയമനം.
ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറും ലേബർ കമ്മിഷണറുമായിരുന്നു. 2017 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ അർജുൻ പാണ്ഡ്യൻ കണ്ണൂർ അസി. കളക്ടർ, ഒറ്റപ്പാലം, മാനന്തവാടി സബ് കളക്ടർ, അട്ടപ്പാടി നോഡൽ ഓഫീസർ, ഇടുക്കി ഡെവലപ്‌മെന്റ് കമ്മിഷണർ, അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയിന്റ് കമ്മിഷണർ, സംസ്ഥാന ലാൻഡ് ബോർഡ് സെക്രട്ടറി, സാമൂഹിക സന്നദ്ധ സേന ഡയറക്ടർ, ഹൗസിംഗ് ബോർഡ് സെക്രട്ടറി, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളജിൽ നിന്നും ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിടെക് ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം ഇടുക്കി ഏലപ്പാറ സ്വദേശിയാണ്. പാണ്ഡ്യൻ, ഉഷാകുമാരി ദമ്പതികളുടെ മകനാണ്. ഡോ. അനുവാണ് ഭാര്യ.
കളക്ടർ പദവി ഒരു അംഗീകാരമാണ്. തൃശൂർ തന്നെ കളക്ടറാകാൻ ഭാഗ്യമുണ്ടായി. വരും വർഷങ്ങളിൽ തൃശൂർ പൂരം മികച്ച രീതിയിൽ ഏകോപിപ്പിക്കും.
- അർജുൻ പാണ്ഡ്യൻ, കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |