ബംഗളൂരു: കര്‍ണാടകയിൽ ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുനുവേണ്ടിയുള്ള തെരച്ചിൽ ഏകോപിപ്പിക്കാൻ കർണാടക മന്ത്രിമാരെത്തുമെന്ന് വിവരം. രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലത്ത് മന്ത്രി മംഗൾ വൈദ്യ ഉടനെത്തും. ഉത്തര കന്നട ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ് മംഗൾ വൈദ്യ. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയും ഇന്ന് സ്ഥലത്തെത്തും.
അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് രാവിലെ പുനഃരാരംഭിച്ചിരുന്നു. ഇടവിട്ടുള്ള മഴ തെരച്ചിലിന് വെല്ലുവിളി ഉയർത്തുന്നു. നാവികസേന, എൻഡിആർഎഫ്, എസ്‌ഡിആർഫ് പൊലീസ്, ഫയർഫോഴ്‌സ് എന്നിവരാണ് രക്ഷാദൗത്യം നടത്തുന്നത്. അപകസ്ഥലത്ത് റഡാർ ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചു. സൂറത്‌കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് റഡാർ പരിശോധന നടത്തുന്നത്. രക്ഷാദൗത്യത്തിനായി കൂടുതൽ സാങ്കേതിക വിദഗ്ദ്ധർ എത്തുമെന്ന് ഉത്തര കന്നട കളക്‌ടർ ലക്ഷ്മിപ്രിയ പറഞ്ഞു. ലോറി പുഴയിലേയ്ക്ക് പോകാനുള്ള സാദ്ധ്യത തള്ളുന്നില്ലെന്ന് കളക്‌ടർ പറഞ്ഞിരുന്നു. ഇത് കണക്കിലെടുത്ത് പുഴയിലും റഡാർ പരിശോധന നടത്തുന്നുണ്ട്.
അപകടത്തിൽ കൂടുതൽപേർ കുടുങ്ങിയോ എന്നറിയാൻ പുഴയിലും പരിശോധിക്കുമെന്ന് കർണാടക എസ്‌പി നാരായണ പറഞ്ഞു. ലോറിയുണ്ടെന്ന് കരുതുന്ന സ്ഥലത്ത് 50 അടി ഉയരത്തിൽ മണ്ണുണ്ടെന്നും എസ്‌പി വ്യക്തമാക്കി. ലോറിക്ക് സമീപത്ത് എത്താൻ ഇനിയും 100 മീറ്റർ മണ്ണ് മാറ്റണമെന്ന് കേരളത്തിൽ നിന്നുള്ള എംവിഐ ഉദ്യോഗസ്ഥൻ അറിയിച്ചു. ആറ് മീറ്റർ മണ്ണ് ലോറിക്ക് മുകളിലുണ്ടെന്ന് എംവിഐ ചന്ദ്രകുമാർ പറഞ്ഞു.
നാലു ദിവസം മുമ്പാണ് മലയിടിഞ്ഞ് ലോറിയടക്കം അർജുൻ മണ്ണിനടിയിലായത്. ഗോവ- മംഗളൂരു ദേശീയ പാതയിൽ ഉത്തര കന്നഡ ജില്ലയിലെ അങ്കോല ഷിരൂർ മലഞ്ചെരുവിലാണ് കോഴിക്കോട് കക്കോടി കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അർജുനെ (30) ലോറിയടക്കം കാണാതായത്. ഗംഗാവലി പുഴയുടെ തീരത്താണ് ഈ പ്രദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |