അഗളി: അട്ടപ്പാടിയിൽ ദേശീയ അവാർഡ് ജേതാവും ഗായികയുമായ നഞ്ചിയമ്മയുടെ ഭൂസമരത്തിനടക്കം നേതൃത്വം നൽകിയ സാമൂഹിക പ്രവർത്തകൻ എം.സുകുമാരനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പാലുവാങ്ങാൻ പോയ സുകുമാരൻ മടങ്ങിവരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഗാന്ധിപുരം പൊലീസ് സ്റ്റേഷനിലെ എഫ്.ഐ.ആർ പ്രകാരം തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തതായി അറിഞ്ഞതെന്ന് മകൻ വ്യക്തമാക്കി. തമിഴ്നാട് അതിർത്തിയിൽ ഭൂമി വാങ്ങിയവരെ ഭീഷണിപ്പെടുത്തി സാമൂഹിക മാദ്ധ്യമങ്ങളിൽ തെറ്റായി പ്രചാരണം നടത്തി എന്ന കേസിലാണ് അറസ്റ്റ്. അഗളിയിൽ നിന്ന് അറസ്റ്റ് ചെയ്ത സുകുമാരനെ കോയമ്പത്തൂർ കാട്ടൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
മാവോയിസ്റ്റ് മേനോജ്
എ.ടി.എസ് കസ്റ്റഡിയിൽ
കൊച്ചി: കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് തൃശൂർ ഏവണ്ണൂർ പടിഞ്ഞാറത്തറ വീട്ടിൽ മനോജിനെ (31) കോടതി ആറു ദിവസം തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എ.ടി.എസ്) കസ്റ്റഡിയിൽ വിട്ടു. പ്രതിയെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. പ്രതിയുൾപ്പെട്ട മാവോയിസ്റ്റ് കബനിദളം അംഗങ്ങളെ കണ്ടെത്തേണ്ടതുണ്ടെന്ന് എ.ടി.എസ് കോടതിയെ അറിയിച്ചു. ആയുധങ്ങളും കണ്ടെത്തണം. ഇയാളെ ഉച്ചയോടെ നെടുമ്പാശേരിയിലെ എ.ടി.എസ് ആസ്ഥാനത്ത് എത്തിച്ച് ചോദ്യംചെയ്തുവരികയാണ്. 14 യു.എ.പി.എ കേസുകളിൽ പ്രതിയാണ്. ഈ കേസുകളിലെല്ലാം അറസ്റ്റ് രേഖപ്പെടുത്തും.
വിദ്യാഭ്യാസ ഗ്രാന്റ്:
സംഘടനകൾ
പ്രക്ഷോഭത്തിന്
കൊച്ചി: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആദിവാസി - ദളിത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് ഇ-ഗ്രാന്റ്സ് സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ 27ന് സെക്രട്ടേറിയറ്റ് ധർണയും രാജ്ഭവൻ മാർച്ചും നടത്തും.
ഇ-ഗ്രാന്റ്സ് അപേക്ഷകർക്ക് രണ്ടരലക്ഷം രൂപ വരുമാനപരിധി നിശ്ചയിച്ചത് റദ്ദാക്കുക, ഗ്രാന്റുകൾ പ്രതിമാസം നൽകുക, ഇ-ഗ്രാന്റ്സ് കുടിശിക കൊടുത്തുതീർക്കുക, ഹോസ്റ്റൽ അലവൻസും മറ്റ് ആനുകൂല്യങ്ങളും പരിഷ്കരിക്കുക, അലവൻസുകൾ വർഷത്തിൽ ഒരിക്കലെന്ന കേരള സർക്കാർ ഉത്തരവ് പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം.
ഇതിന്റെ ഭാഗമായി മാനവീയം വീഥിയിൽ ആദിവാസി - ദളിത് സ്റ്റുഡന്റ്സ് തിയേറ്റർ മൂവ്മെന്റിന്റെ 'എങ്കളെ ഒച്ചെ" നാടകവും വിദ്യാർത്ഥികളുടെ സാംസ്കാരിക പരിപാടികളും അരങ്ങേറുമെന്ന് കോഓർഡിനേറ്റർ എം. ഗീതാനന്ദൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |