ന്യൂഡൽഹി: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു ശ്രീലങ്കയിലെ കൊളംബോയലേക്കു കണ്ടെയ്നറുമായി പോയ ചരക്കുകപ്പലിൽ തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഫിലിപ്പീൻസ് സ്വദേശിയാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഗോവ തീരത്ത് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. എം.വി മെഴ്സ്‌ക് ഫ്രാങ്ക്ഫർട്ട് എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് കരുതുന്നത്.
അപകടം നടന്നയുടൻ ഇന്ത്യൻ കോസ്റ്റ് ഗാർഡ് സംഘം സ്ഥലത്തെത്തിയിരുന്നു. ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. നിരീക്ഷണത്തിന് ഡോർണിയർ വിമാനവും വിന്യസിച്ചു. തീപിടിക്കുന്ന ചരക്കുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലിന്റെ മുൻ ഭാഗത്ത് സ്‌ഫോടനങ്ങളുണ്ടായെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. 21 ജീവനക്കാരാണ് ഉണ്ടായിരുന്നത്.
ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീ പടർന്നുപിടിക്കുകയായിരുന്നെന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ അറിയിച്ചു.
ജീവനക്കാർക്ക് തീ അണയ്ക്കാൻ സാധിക്കാതെ വന്നതോടെയാണ് ഇവർ കോസ്റ്റ് ഗാർഡിനെ വിവരം അറിയിച്ചത്. ഡെക്കിൽ തീ അതിവേഗം പടർന്ന് മുൻവശത്തുണ്ടായിരുന്ന കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ചു. 160 കണ്ടെയ്നറുകളിൽ 20 എണ്ണത്തിനാണ് തീപിടിച്ചത്. അപകടകരമായ ചരക്കുകളാണ് കപ്പലിലുണ്ടായിരുന്നത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |