അങ്കോള (ഉത്തര കർണാടക): കർണാടകയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും (30), ലോറിയും കരയിലില്ലെന്ന് ബംഗളൂരുവിലെ സൈനിക ആസ്ഥാനം സ്ഥിരീകരിച്ചു. അർജുനും ലോറിയും ഗംഗാവലി പുഴയിലെ ചെളിക്കും മണ്ണിനുമടിയിൽ ഉണ്ടാകാമെന്നാണ് സൈന്യം നൽകുന്ന സൂചന. ആധുനിക റഡാർ സംവിധാനത്തോടെയും ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ ചിത്രങ്ങളുടെയും സഹായത്താലും കരയിലും വെള്ളത്തിലും ഒരേസമയം തെരഞ്ഞെങ്കിലും ഏഴാം ദിവസവും കണ്ടെത്താനായില്ല.
ഇന്നലെ ഉച്ചയ്‌ക്ക് 12നാണ് 15 മീറ്റർ ആഴത്തിൽ സിഗ്നൽ ലഭിക്കുന്ന റഡാറെത്തിച്ചത്. തുടർന്ന് എട്ട് മീറ്റർ താഴ്‌ചയിൽ നീളമുള്ള ലോഹവും പാറക്കല്ലുമുണ്ടെന്ന് സിഗ്നൽ കിട്ടി. അർജുന്റെ ലോറിയും മുന്നിലുണ്ടായിരുന്ന കാറുമായിരിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. മൂന്ന് സ്‌പോട്ടുകളിൽ എട്ട് മീറ്ററിലായി മുഴുവൻ മണ്ണും വൈകിട്ട് അഞ്ചോടെ മാറ്റിയിട്ടും ഫലമുണ്ടായില്ല. പിന്നാലെ ഇന്നലത്തെ തെരച്ചിൽ നിറുത്തി. അതേസമയം തീരത്ത് സിഗ്നൽ കണ്ടതിനെ തുടർന്ന് സൈന്യം ഇന്നലെ വൈകിട്ട് നദിയിലും പരിശോധന നടത്തി.
നദിയുടെ ആഴങ്ങളിൽ പരിശോധനയില്ല
നാവിക സേന സ്‌കൂബാ ബോട്ടുകളിൽ പുഴയുടെ മേൽത്തട്ട് മാത്രമാണ് തെരച്ചിൽ നടത്തിയത്. 25 അടി താഴ്ചയുള്ള നദിയുടെ ആഴങ്ങളിൽ പരിശോധന നടത്തിയിട്ടില്ല. കൊങ്കൺ മേഖലയിലെ കുത്തൊഴുക്കുള്ള നദിയാണ് ഗംഗാവാലി. ഉരുൾപൊട്ടലിനിടെ പുഴയിൽ പതിച്ച ടാങ്കർ ലോറിയുടെ ബുള്ളറ്റ് ഭാഗം കിലോമീറ്റർ അകലെ നിന്നാണ് കിട്ടിയത്. നിറയെ ഇന്ധനമുണ്ടായിരുന്ന ടാങ്കർ ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുടെ വിദഗ്ദ്ധരാണ് കരയിൽ കയറ്റിയത്. 30 ടൺ ലോഡ് കയറ്റിയ 2.68 മീറ്റർ ഉയരമുള്ള അർജുന്റെ ട്രക്ക് ഒഴുകി പോകാനുള്ള സാദ്ധ്യതയും രക്ഷാപ്രവർത്തകർ തള്ളിക്കളയുന്നില്ല. അതേസമയം താളംതെറ്റിയും ദിശ മാറിയുമുള്ള ഓപ്പറേഷനാണെന്ന ആരോപണം ശരിവയ്ക്കുന്നതായിരുന്നു ഇന്നലത്തെ ദൗത്യം. കനത്ത മഴ പെയ്തതും ചെളി നിറഞ്ഞതും ഇന്നലെയും രക്ഷാദൗത്യത്തെ ബാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |