ന്യൂഡൽഹി: കാവഡ് യാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് - ഉത്തരാഖണ്ഡ് സർക്കാരുകളുടെ വിവാദ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ. ഇരു സർക്കാരുകൾക്കും നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു.
കാവഡ് തീർത്ഥാടകർക്ക് വിളമ്പുന്ന ഭക്ഷണമേതെന്ന് ഭക്ഷണശാലകൾക്ക് മുന്നിൽ പ്രദർശിപ്പിക്കാം. ഉടമയുടെ പേരും പ്രദർശിപ്പിക്കണമെന്ന് നിർബന്ധിക്കരുതെന്ന് ജസ്റ്റിസുമാരായ ഹൃഷികേശ് റോയിയും എസ്.വി.എൻ ഭട്ടും അടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകി.
മഹുവ മൊയിത്ര എം.പി, സന്നദ്ധസംഘടനയായ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഒഫ് സിവിൽ റൈറ്റ്സ്, ഡൽഹി സർവകലാശാലയിലെ പ്രൊഫ. അപൂർവാനന്ദ്, ആക്‌ടിവിസ്റ്റ് ആകാർ പട്ടേൽ എന്നിവർ സമർപ്പിച്ച ഹർജികളിലാണ് നടപടി. ഹർജികൾ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
എല്ലാ വർഷവും ശ്രാവണമാസത്തിൽ (ജൂലായ് - ആഗസ്റ്റ്) ഹരിദ്വാർ, ഗംഗോത്രി തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കാണ് ശിവഭക്തർ കാവഡ് യാത്ര നടത്തുന്നത്.
മതേതരത്വത്തിന്
എതിര്
ന്യൂനപക്ഷ സമുദായത്തെയും, ദലിതരെയും സാമ്പത്തികമായി ബഹിഷ്ക്കരിക്കുന്ന സാഹചര്യമാണ് സൃഷ്‌ടിച്ചിരിക്കുന്നതെന്ന് ഹർജിക്കാർ വാദിച്ചു
നൂറുകണക്കിന് പേർക്ക് തൊഴിൽ നഷ്‌ടപ്പെടും. സ്വാതന്ത്ര്യം ലഭിക്കും മുൻപും കാവഡ് യാത്രയുണ്ടായിരുന്നു. ഹോട്ടലിൽ എന്തു ഭക്ഷണം ലഭിക്കുമെന്നാണ് നോക്കിയിരുന്നത്
ഹോട്ടലുടമയുടെ പേര് ചോദിച്ചിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വം, സാഹോദര്യം എന്നിവ ലംഘിക്കുന്ന നടപടിയാണ്. ഇത് അനുവദിക്കരുത്
'കേരളത്തിൽ മുസ്ലിമിന്റെ
വെജി. ഹോട്ടൽ സൂപ്പർ'
കേരളത്തിൽ മുസ്ലിമിന്റെ
വെജി. ഹോട്ടൽ സൂപ്പർ
കേരളത്തിൽ മുസ്ലിം സമുദായാംഗം നടത്തുന്ന വെജിറ്റേറിയൻ ഹോട്ടലിലെ നിത്യസന്ദർശകനായിരുന്നു താനെന്ന് സുപ്രീംകോടതി ജഡ്ജി എസ്.വി.എൻ ഭട്ടി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെയുള്ള അനുഭവമാണ് ഭട്ടി പങ്കുവച്ചത്. ദുബായിൽ നിന്ന് മടങ്ങിയെത്തി നാട്ടിൽ ബിസിനസ് നോക്കുന്നയാളാണ് ഉടമ. രാജ്യാന്തര നിലവാരമുള്ള ശുചിത്വം ആ ഹോട്ടലിനുണ്ടായിരുന്നു. ഭക്ഷണത്തിന്റെ നിലവാരവും മികച്ചതായിരുന്നു. എന്നാൽ, ഏത് നഗരത്തിലെ ഹോട്ടലാണെന്ന് ജഡ്ജി വെളിപ്പെടുത്തിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |