#കൈയൊഴിഞ്ഞ് എസ്.എഫ്.ഐ
കൊച്ചി: മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിശ്രമ മുറിയിൽ നിസ്‌കരിക്കാൻ അനുവദിക്കാത്തതിന് പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ച് സിറോമലബാർ സഭയും ക്രൈസ്തവ സംഘടനകളും. എസ്.എഫ്.ഐ, എം.എസ്.എഫ് സംഘടനകളുടെ നേതൃത്വത്തിലായിരുന്നു വെള്ളിയാഴ്ച കോളേജിലെ പ്രതിഷേധം.
നിസ്കാര സൗകര്യം ഒരുക്കില്ലെന്ന് മാനേജ്മെന്റ് പ്രഖ്യാപിച്ചു. ഇതിനെതിരെ ചില സംഘടനകൾ ഇന്ന് ക്യാമ്പസിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനെ ചെറുക്കുമെന്നും പ്രിൻസിപ്പലിനെ തടഞ്ഞുവച്ച സംഭവം അംഗീകരിക്കില്ലെന്നും ക്രൈസ്തവ സംഘടനകൾ പറഞ്ഞു.
അതേസമയം, കോളേജിൽ നിസ്കാര സൗകര്യം ആവശ്യപ്പെട്ട് എസ്.എഫ്.ഐ സമരം നടത്തിയെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, സെക്രട്ടറി പി.എം. ആർഷോ എന്നിവർ അറിയിച്ചു.
പുതിയ അഡ്മിഷനെടുത്ത ഏതാനും മുസ്ലീം വിദ്യാർത്ഥിനികൾ വിശ്രമമുറിയിൽ നിസ്കരിക്കാൻ ശ്രമിച്ചത് കോളേജ് അധികൃതർ തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണം. കോളേജിനു സമീപത്തെ മുസ്ലിം പള്ളിയിൽ പെൺകുട്ടികളെ പ്രവേശിപ്പിക്കാത്തതിനാൽ കോളേജിൽ നിസ്കാരം അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഇത് അംഗീകരിക്കാത്തതിനാൽ എസ്.എഫ്.ഐയിൽ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ ചേർന്ന് പ്രിൻസിപ്പലിനെ മുറിയിൽ തടഞ്ഞുവച്ചു. നിസ്കരിക്കാൻ പോകുന്നതായി കത്തു നൽകിയാൽ ഹാജരിനെ ബാധിക്കാത്ത തരത്തിൽ സമയത്തിൽ ഇളവ് നൽകാമെന്ന് കോളേജ് അധികൃതർ അറിയിച്ചിരുന്നു.
മത, വർഗീയ
അധിനിവേശം: സഭ
ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കെതിരായ ആസൂത്രിത മത, വർഗീയ അധിനിവേശത്തിന്റെ പുതിയ ഉദാഹരണമാണ് നിർമ്മല കോളേജ് സംഭവമെന്ന് സിറോമലബാർ സഭ പറഞ്ഞു. ക്രിസ്ത്യൻ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമായി ചെറുക്കുമെന്ന് സഭാ പബ്ളിക് അഫയേഴ്സ് കമ്മിഷൻ ചെയർമാൻ ബിഷപ്പ് തോമസ് തറയിൽ വാർത്താക്കുറിപ്പിൽ പറഞ്ഞു.
നിയമപരമായോ ധാർമ്മികമായോ സാധുതയില്ലാത്ത ആവശ്യം ഉയർത്തി കോളേജ് അന്തരീക്ഷം കലുഷിതമാക്കുന്നതിന് രണ്ടു വിദ്യാർത്ഥി സംഘടനകളുടെ യൂണിറ്റുകൾ നേതൃത്വം നൽകിയത് ആശങ്കയുണ്ടാക്കുന്നു. ഇതിന് പിന്നിലെ ഗൂഢാലോചനയും ലക്ഷ്യങ്ങളും അന്വേഷിക്കണം. കോളേജിനും പ്രിൻസിപ്പൽ ഉൾപ്പെടെ അധികാരികൾക്കും സംരക്ഷണം ഒരുക്കാൻ സർക്കാർ തയ്യാറാകണമെന്നും സഭ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |