മഞ്ചേരി : ബിസിനസ് പങ്കാളിയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജീവപര്യന്തം തടവിനും 90000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പെരിന്തൽമണ്ണ കരിങ്കല്ലത്താണി മാട്ടറക്കൽ ചേലക്കാടൻ അബുബക്കർ (71) നെയാണ് ജഡ്ജ് എ വി ടെല്ലസ് ശിക്ഷിച്ചത്.
അബുബക്കറിനൊപ്പം മരക്കച്ചവടം ചെയ്തു വരികയായിരുന്ന കുഞ്ഞിമരക്കാർ ആണ് കൊല്ലപ്പെട്ടത്. 2015 ജൂൺ 15ന് രാവിലെ 7.30ന് താഴെക്കോട് മുതുക്കുംപുറം ഹംസക്കുട്ടിയുടെ ചായക്കടയിൽ വെച്ചാണ് സംഭവം. അബുബക്കറും കുഞ്ഞിമരക്കാരും തമ്മിൽ കച്ചവടത്തിലെ പണമിടപാട് സംബന്ധമായുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പ്രഭാത നമസ്‌കാരം കഴിഞ്ഞ് ചായക്കടയിലിരുക്കുന്ന സമയം തർക്കം മൂത്ത് അബൂബക്കർ അരയിൽ കരുതിയിരുന്ന കത്തി കൊണ്ട് കുഞ്ഞിമരക്കാരെ കുത്തുകയായിരുന്നു. ഉടൻ നാട്ടുകാർ കുഞ്ഞിമരക്കാരെ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പകൽ പതിനൊന്നര മണിയോടെ മരണപ്പെടുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ അബുബക്കർ പെരിന്തൽമണ്ണ പൊലീസിൽ കീഴടങ്ങി. പൊലീസ് ഇൻസ്‌പെക്ടറായിരുന്ന കെ.എം.ബിജുവാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കോസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും. കൊല്ലപ്പെട്ട കുഞ്ഞിമരക്കാറുടെ മകൻ യാസിർ ആണ് പരാതിക്കാരൻ. പരാതിക്കാരന്റെ പ്രത്യേക അപേക്ഷ പ്രകാരം സർക്കാർ അഡ്വ. പി.പി.ബാലകൃഷ്ണനെ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കുകയായിരുന്നു.പ്രതി സാധാരണ കത്തി കയ്യിൽ കൊണ്ടുനടക്കാത്ത ആളാണെന്നും സംഭവ ദിവസം കൊലനടത്തണമെന്ന മുൻതീരുമാന പ്രകാരം കത്തി കയ്യിൽ കരുതിയാണ് എത്തിയതെന്നും ഇത് കൊലപാതകം മനപ്പൂർവ്വം നടത്തിയതാണെന്നതിന് തെളിവാണെന്നുമുള്ള സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പരാതിക്കാരനും പള്ളിയിൽ നിന്നിറങ്ങിയവരുമടക്കം നിരവധി ദൃക്സാക്ഷികളുണ്ടായിരുന്ന കേസിൽ ആകെയുള്ള 34 സാക്ഷികളിൽ 22 പേരെ കോടതിയിൽ വിസ്തരിച്ചു. 27 രേഖകളും കൊലപ്പെടുത്താനുപയോഗിച്ച കത്തിയടക്കം ഒമ്പതു തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷൻ ലൈസൺ വിംഗിലെ എസ്സിപിഒ അബ്ദുൽ ഷുക്കൂർ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതി പിഴയടക്കാത്ത പക്ഷം രണ്ടു വർഷത്തെ അധിക കഠിന തടവ് അനുഭവിക്കണമെന്നും പിഴയടക്കുകയാണെങ്കിൽ തുക പരാതിക്കാരനായ യാസിറിന് നൽകണമെന്നും കോടതി വിധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |