കൽപ്പറ്റ: ദുരന്തത്തിൽ അകപ്പെട്ടവരെ കണ്ടെത്താനുള്ള തെരച്ചിലിന് സൈന്യം നിർമ്മിച്ച ബെയ്ലി പാലം വേഗതക്കൂട്ടി. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും ഉപകരണങ്ങളും എത്തിച്ചാണ് ഇന്നലെ തെരച്ചിൽ നടത്തിയത്. 'ജീവനോടെ ആരെങ്കിലും ഉണ്ടെങ്കിൽ രക്ഷിച്ചിരിക്കും. തെരച്ചിലിനു മാത്രം 350 സൈനികർ രംഗത്തുണ്ട്.' രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്ന ആർമി റെസ്‌ക്യു ഫോഴ്സ് കേരള ആൻഡ് കർണാടക സബ് ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ് (ജി.ഒ.സി) മേജർ ജനറൽ വിനോദ്.ടി. മാത്യു പറഞ്ഞു.
എല്ലാ വെല്ലുവിളികളും അതിജീവിച്ച് റെക്കാഡ് വേഗത്തിലാണ് പാലം നിർമ്മിച്ചത്. പത്തു ടീമുകളായാണ് സൈന്യം രക്ഷാപ്രവർത്തനവും പരിശോധനയും തുടരുന്നത്. പാലമുണ്ടാക്കിയ എൻജിനിയറിംഗ് വിഭാഗത്തിലെ 160പേർ ഇപ്പോഴും സ്ഥലത്തുണ്ട്. സൈന്യം മാത്രം 120ലേറെ മൃതദേഹങ്ങൾ കണ്ടെത്തി. തുടർപ്രവർത്തനങ്ങളിൽ സൈന്യത്തിന്റെ എല്ലാശേഷിയും ഉപയോഗിക്കും.
ഇവിടെ നിന്നുമാത്രമല്ല, ചെന്നൈ, ഡൽഹി, പൂനെ എന്നിവിടങ്ങളിൽ നിന്നും കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. എല്ലാ പിന്തുണയും സംസ്ഥാന സർക്കാരിന് നൽകും. സർക്കാർ ആവശ്യപ്പെടുംവരെ രക്ഷാപ്രവർത്തനം തുടരും. തെരച്ചിലിന്റെ രണ്ടാംഘട്ടത്തിലേക്ക് കടന്നത് പാലം നിർമ്മാണം പൂർത്തിയായതോടെയാണ്. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നായി 122 ടി.എ മദ്രാസ് റെജിമെന്റ് ബറ്റാലിയൻ, മറാഠാ റെജിമെന്റ്, കണ്ണൂർ ഡി.എസ്.സി സെന്ററുകളിലെ സൈനികരാണ് രംഗത്തുള്ളത്.
മുന്നിൽ നിന്ന് നയിച്ച്
മേജർ ജനറൽ മാത്യു
ദുരന്ത ഭൂമിയിൽ മനസ് വിങ്ങുമ്പോഴും പതറാതെ കൃത്യനിർവഹണം നടത്തുകയാണ് മേജർ ജനറൽ വി.ടി.മാത്യു. തൊടുപുഴ ഏഴുമുട്ടം മാളിയേക്കൽ കുടുംബാംഗമാണ്. കഴക്കൂട്ടം സൈനിക സ്‌കൂൾ, ദേശീയ ഡിഫൻസ് അക്കാഡമി, ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാഡമി എന്നിവിടങ്ങളിൽ നിന്നാണ് പരിശീലനം നേടിയത്. 1988 ഡിസംബറിൽ മദ്രാസ് റെജിമെന്റിൽ പ്രവേശിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയിലെ യു.എൻ മിഷനിൽ സൈനിക നിരീക്ഷകൻ, സുഡാനിൽ സമാധാന സേനയിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തുടങ്ങി വിവിധ പദവികൾ വഹിച്ചു. ഭാര്യ: മിനി. മക്കൾ: ടിഫാനി, മെവിൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |