വയനാട് : ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ മുണ്ടക്കൈയിലും ചൂരൽമലയിലും സാന്ത്വനവുമായി മോഹൻലാൽ ഇന്ന് എത്തിയിരുന്നു. രക്ഷാദൗത്യത്തിന് ആദ്യം എത്തിയ ടെറിട്ടോറിയൽ ആർമി 122 ഇൻഫൻട്രി ബറ്റാലിയന്റെ ലഫ്റ്റനന്റ് കേണലാണ് മോഹൻലാൽ. സൈനിക യൂണിഫോമിലാണ് മോഹൻലാൽ എത്തിയത്. ചൂരൽമലയിലും സേന നിർമ്മിച്ച ബെയ്ലി പാലം കടന്ന് മുണ്ടക്കൈയിലും. തകർന്ന വീടുകൾക്കരികിലൂടെ ദുഷ്കരമായ വഴികൾ താണ്ടി ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തും പോയി. തിരികെ ചൂരൽമലയിലെത്തിയ ലാൽ സൈനികരെ അഭിനന്ദിക്കുകയും ചെയ്തു.
സന്ദർശനത്തിന് ശേഷം അദ്ദേഹം സോഷ്യൽ മീഡിയയിലും കുറിപ്പ് പങ്കുവച്ചു. വയനാട്ടിലെ തകർച്ച ആഴത്തിലുള്ള മുറിവാണ്. അതുണങ്ങാൻ സമയമെടുക്കും. നഷ്ടപ്പെട്ട ഓരോ വീടും തടസപ്പെട്ട ജീവിതവും വ്യക്തിപരമായ ദുരന്തമാണ്. ഡോർഫ്-കെറ്റൽ കെമിക്കൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ പിന്തുണയോടെ വിശ്വശാന്തി ഫൗണ്ടേഷൻ അടിയന്തര ദുരിതാശ്വാസത്തിനും പുനർനിർമ്മാണ ശ്രമങ്ങൾക്കുമായി 3 കോടി രൂപ നൽകും. ഞങ്ങളുടെ പ്രതിബദ്ധതകളിലൊന്നാണ് മുണ്ടക്കൈയിലെ എൽ.പി സ്കൂളിൻ്റെ പുനർനിർമാണം. ഞാൻ കൂടി അംഗമായ 122ടിഎ മദ്രാസ് ബറ്റാലിയനിലെ സൈനികരുടെയും മറ്റ് രക്ഷാപ്രവർത്തകരുടെയും ധീരമായ പ്രയത്‌നങ്ങൾക്ക് സാക്ഷ്യം വഹിച്ചത് വലിയ അനുഭവമായിരുന്നു. അവരുടെ നിസ്വാർത്ഥമായ സമർപ്പണവും സഹിഷ്ണുതയോടെ തകരാതെ പിടിച്ചുനിന്ന സമൂഹവും പ്രതീക്ഷ നൽകുന്നു. ഒരുമിച്ച്, ഞങ്ങൾ പുനർനിർമ്മിക്കും, മുറിവുണക്കും, പൂർവാധികം ശക്തിയോടെ തിരിച്ചുവരും, മോഹൻലാൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |