ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ അടക്കം കേരളത്തിലെ മഴക്കെടുതി കണക്കിലെടുത്ത് ഇൻഷ്വറൻസ് ക്ളെയിമുകൾ വേഗത്തിലാക്കി പണം നൽകാൻ ഇൻഷ്വറൻസ് കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. എൽ.ഐ.സി, നാഷണൽ ഇൻഷ്വറൻസ്, ന്യൂ ഇന്ത്യാ അഷ്വറൻസ്, ഓറിയന്റൽ ഇൻഷ്വറൻസ് തുടങ്ങിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്കാണ് കേന്ദ്ര ധനമന്ത്രാലയം നിർദ്ദേശം നൽകിയത് .
ഇൻഷ്വറൻസ് കമ്പനികൾ പത്ര, ദൃശ്യമാദ്ധ്യമങ്ങൾ, സമൂഹമാദ്ധ്യമങ്ങൾ, എസ്.എം.എസ് തുടങ്ങിയ വഴി കൂടുതൽ ക്ളെയിമുകൾ റിപ്പോർട്ട് ചെയ്യുന്ന വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ പോളിസി ഉടമകളെ ബന്ധപ്പെടുന്നുണ്ട്. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയ്ക്ക് കീഴിലുള്ള ക്ലെയിം തുക വേഗത്തിൽ വിതരണം ചെയ്യാൻ എൽ.ഐ.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ളെയിമുകൾക്കായി സമർപ്പിക്കേണ്ട രേഖകളുടെ കാര്യത്തിൽ ഇളവു നൽകും.
ക്ലെയിമുകളിൽ വേഗത്തിൽ നടപടിയെടുത്ത് പണം നൽകാൻ ജനറൽ ഇൻഷ്വറൻസ് കൗൺസിൽ ഇൻഷുറൻസ് കമ്പനികളെ ഏകോപിപ്പിക്കും. നടപടികളുടെ പുരോഗതി വെബ്‌സൈറ്റ് വഴി നിരീക്ഷിക്കുകയും ചെയ്യും.
അതേസമയം വയനാട് ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്ക് ഇൻഷ്വറൻസ് തുക വേഗത്തിൽ ലഭ്യമാക്കുമെന്ന് എൽ.ഐ.സി അറിയിച്ചു. പ്രധാനമന്ത്രി ജീവൻജ്യോതി ബീമയോജന ഉൾപ്പെടെ ഇൻഷ്വറൻസുകൾ ഉടനടി തീർപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് ഡിവിഷനിൽ നോഡൽ ഓഫീസർമാരെ നിയോഗിച്ചതായി എൽ.ഐ.സി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ സിദ്ധാർഥ മൊഹന്തി പറഞ്ഞു. ദുരിതം നേരിടുന്ന വയനാട്ടിലെ സഹോദരങ്ങൾക്കൊപ്പമാണ് എൽ.ഐ.സിയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |