കൽപ്പറ്റ: വയനാട് ദുരന്തമേഖലയിൽ തട്ടിപ്പ് സജീവമെന്ന് പരാതി. ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തുന്നത്. പരാതി വ്യാപകമായതിന് പിന്നാലെ ദുരന്തസ്ഥലത്തുനിന്ന് ലഭിക്കുന്ന ആഭരണങ്ങളും വിലപ്പിടിപ്പുള്ള വസ്തുക്കളും രേഖകളും സിവിൽ സ്റ്റേഷനിലോ കൺട്രോൾ റൂമിലോ ഏൽപ്പിക്കണമെന്ന് റവന്യുവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ അറിയിച്ചു. സന്നദ്ധസംഘടനകൾക്ക് രജിസ്‌ട്രേഷനും നിർബന്ധമാക്കിയിരിക്കുകയാണ്.
കഴിഞ്ഞദിവസം രാത്രി ആൾത്താമസം ഇല്ലെന്നുകരുതി വെള്ളരിമല വില്ലേജ് ഓഫീസിന് സമീപത്തെ വീടിന്റെ വാതിൽ തുറക്കാൻ തട്ടിപ്പുകാർ ശ്രമിച്ചു. എന്നാൽ വീട്ടിൽ ആളുണ്ടായിരുന്നതിനാൽ വില്ലേജ് ഓഫീസിൽ നിന്ന് വന്നതാണെന്ന് പറഞ്ഞ് ഇവർ തടിതപ്പി. ചൂരൽമല ബെയ്‌ലി പാലത്തിന് സമീപമുള്ള ഇബ്രഹാമിന്റെ വീട് കുത്തിത്തുറന്ന് പണവും രേഖകളും മോഷ്‌ടിച്ചു. വീട്ടുകാർ മേപ്പാടിയിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. കൂരിമണ്ണിൽ സലീമിന്റെ വീട്ടിലും മോഷണശ്രമമുണ്ടായി. ചെളികയറി നാശമായ വീട്ടിനുള്ളിലെ അലമാര പൊളിച്ച് സാധനങ്ങളെല്ലാം നിലത്തേയ്ക്ക് വാരിവലിച്ചിട്ട നിലയിലാണ്. പരാതികളെത്തുടർന്ന് ദുരന്തമേഖലയിൽ പൊലീസിന്റെ രാത്രികാല പട്രോളിംഗ് ഏർപ്പെടുത്തി.
ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കും. രക്ഷാപ്രവർത്തനത്തിന്റെ പേരിലോ അല്ലാതെയോ ദുരന്തമേഖലയിൽ പൊലീസിന്റെ അനുമതിയില്ലാതെ പ്രവേശിക്കാൻ പാടില്ല.
ഇതിനുപുറമെ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ വീഡിയോകളും ചിത്രങ്ങളുമെടുക്കാൻ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുടെ ശല്യം രൂക്ഷമാകുന്നുവെന്നും അധികൃതർ പറയുന്നു. ഡിസാസ്റ്റർ ടൂറിസം വേണ്ടെന്ന് മുന്നറിയിപ്പ് നൽകുന്ന പോസ്റ്ററുകൾ പൊലീസ് സമൂഹമാദ്ധ്യമങ്ങളിലടക്കം പങ്കുവയ്ക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |