തിരുവനന്തപുരം: സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന എയ്ഡഡ് സ്കൂളുകളിൽ മാനേജർമാർ സംവരണം മാനദണ്ഡങ്ങൾ പാലിക്കാതെ തോന്നും പടി നിയമനം നടത്തുന്നതായി ഖാദർ കമ്മിറ്റി റിപ്പോർട്ട്. ഇതൊഴിവാക്കി സാമൂഹികനീതി ഉറപ്പാക്കാൻ സർക്കാർ ശമ്പളം നൽകുന്ന മുഴുവൻ വിദ്യാലയങ്ങളിലെയും നിയമനം പി.എസ്.സി വിടണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു.
2009ലെ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നത് സംബന്ധിച്ച് പ്രൊഫ.എം.എ ഖാദർ ചെയർമാനായ വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് മാനേജർമാരുടെ നിയമവിരുദ്ധ നിയമനങ്ങൾക്കെതിരെ വിമർശനം. അദ്ധ്യാപക നിയമനത്തിനായി ടീച്ചർ റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുന്നതിനുള്ള സാദ്ധ്യത ആരായണം. ഒ.എം.ആർ പരീക്ഷകൾ വഴി യഥാർത്ഥ അഭിരുചിയുള്ളവരെ കണ്ടെത്താനാവില്ലെന്ന് വ്യക്തമാക്കിയ കമ്മിറ്റി ,ഒ.എം.ആർ രീതി ആളുകളെ അരിച്ച് ഒഴിവാക്കാനുള്ള യാന്ത്രിക പരീക്ഷയാണെന്നും വിമർശിച്ചു.
തസ്തിക പ്രതീക്ഷിച്ച് മാനേജർമാർ നടത്തുന്ന നിയമനങ്ങളിൽ അംഗീകാരം പ്രശ്നമാകാറുണ്ട്. നിയമിക്കപ്പെട്ടവർ അംഗീകാരത്തിനായി ഓഫീസുകളിൽ കയറിയിറങ്ങേണ്ട ദുരവസ്ഥയ്ക്ക് കാരണമിതാണ്. അംഗീകാരം സംബന്ധിച്ച വ്യവസ്ഥകൾ കാലോചിതമായി പരിഷ്കരിക്കണം. എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയമനത്തിന്റെ എല്ലാ കാര്യങ്ങളും നിയമനത്തിനായുള്ള സോഫ്ട് വെയറായ 'സമന്വയ' വഴി മാത്രം ചെയ്യണം. നിലവിലെ നിയമന രീതി തുടരുന്നിടത്തോളം ,കുട്ടികളുടെ എണ്ണം കുറയുന്നതു മൂലം ഇല്ലാതാവുന്ന തസ്തികയിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരെ മറ്റ് എയ്ഡഡ് സ്കൂളുകളിലാവണം നിയമിക്കേണ്ടത്. ഇതിനായി നിലവിലെ വിദ്യാഭ്യാസ ചട്ടങ്ങൾ ഭേദഗതി ചെയ്യണം.
സർക്കാർ സ്കൂളുകളിൽ തസ്തികാംഗീകാരത്തിനോ അദ്ധ്യാപക നിയമനത്തിനോ താമസം നേരിട്ടാൽ കുട്ടികളുടെ പഠനാവകാശം ഉറപ്പാക്കാൻ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തണം.
തസ്തികാംഗീകാരത്തിലെ അരക്ഷിതാവസ്ഥ ക്ലാസ്മുറി പഠനത്തെ ബാധിക്കുന്നു. ക്രമവിരുദ്ധമായ നിയമനങ്ങളുടെ നിയമ പരിശോധന
വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നതായും റിപ്പോർട്ടിലുണ്ട്.
സ്കൂൾ സമയ മാറ്റം
ഉടനില്ല: മന്ത്രി
കൊല്ലം: സ്കൂൾ സമയം രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാക്കണമെന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ നടപടി ഉടനുണ്ടാകില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
ഖാദർ കമ്മിറ്റിയുടെ രണ്ടാം ഘട്ട റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചെങ്കിലും നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് കൂടിയാലോചനകൾക്ക് ശേഷമായിരിക്കും. റിപ്പോർട്ട് നടപ്പാക്കിയാലും ഒരു അദ്ധ്യാപകരുടെയും പ്രൊമോഷൻ നടപടികളെയോ വേതനത്തെയോ ജോലിയെയോ ബാധിക്കില്ല. 220 പ്രവൃത്തി ദിനങ്ങൾ ഉൾപ്പെടുത്തിയാണ് ഈ അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കിയത്.എന്നാൽ ചില അദ്ധ്യാപക സംഘടനകൾ ഇതിനെതിരെ കോടതിയിൽ പോയതിനെ തുടർന്ന് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതിനെതിരെ സർക്കാർ അപ്പീൽ പോകില്ലെന്നും മന്ത്രി പറഞ്ഞു.
ഗവർണറുടെ കാലാവധി
സെപ്തംബർ 6ന് തീരും
എം.എച്ച്. വിഷ്ണു
□കേരളത്തിൽ ഒരു ടേം കൂടി നൽകുമോ എന്നതിൽ തീരുമാനം ഉടൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാന് ഒരു മാസം കൂടിയാണ് കാലാവധി അവശേഷിക്കുന്നത്. സെപ്തംബർ ആറിനാണ് 5 വർഷത്തെ കാലാവധി പൂർത്തിയാവുന്നത്. അദ്ദേഹം കേരളത്തിൽ തുടരുമോ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റുമോ എന്ന് വ്യക്തമല്ല.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് ഉപസമിതി ഗവർണർമാരുടെ പ്രവർത്തനം വിലയിരുത്തിയിരുന്നു. സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാവും തീരുമാനം.
രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് സർക്കാരുമായി നിരന്തരം ഇടഞ്ഞ്, ദേശീയ ശ്രദ്ധ നേടിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലാവധി കഴിഞ്ഞാലും കേരളത്തിൽ തുടരാൻ സാദ്ധ്യതയേറെയാണ്. അഞ്ചു വർഷ കാലയളവിലേക്കോ അല്ലെങ്കിൽ രാഷ്ട്രപതിയുടെ പ്രീതിയുള്ളടത്തോളമോ ആണ് ഗവർണർക്ക് തുടരാനാവുക.73കാരനായ ആരിഫ് ഖാൻ നേരത്തേ ഉപരാഷ്ട്രപതി സ്ഥാനത്തിനായി ശ്രമിച്ചിരുന്നെങ്കിലും ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകറിനാണ് നറുക്ക് വീണത്. 2004ൽ ബി.ജെ.പിയിൽ ചേർന്ന ഖാൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഉന്നത ബി.ജെ.പി നേതാക്കളുമായും ഉറ്റ ബന്ധമുള്ളയാളാണ്. താൻ പതിറ്റാണ്ടുകളായി ആർ.എസ്.എസാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ ഗവർണറായി 2019 സെപ്തംബർ ആറിനാണ് ചുമതലയേറ്റത്. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറാണ് സ്വദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |