വിഴിഞ്ഞം: വിഴിഞ്ഞം മത്സ്യബന്ധന തീരത്ത് അപൂർവയിനം സൂര്യമത്സ്യം (ഓഷ്യൻ സൺ ഫിഷ്) കരയ്ക്കടിഞ്ഞു. എല്ലുകൾക്ക് ഏറ്റവും കൂടുതൽ ഭാരമുള്ള മത്സ്യമാണിത്. ഓഷ്യൻ സൺ ഫിഷ് അഥവാ കോമൺ മോള - എന്നാണിതിനെ അറിയപ്പെടുന്നത്.
ഭീമാകാരമായ രൂപമാണെങ്കിലും കടലിലെ പാവത്താനാണ് ഇവൻ. ആരെയും ഉപദ്രവിക്കാറില്ല. ഒറ്റനോട്ടത്തിൽ ശരീരം തിരണ്ടിയുടെ രൂപത്തിലാണ്. എന്നാൽ പരന്ന് ഉരുണ്ട രൂപത്തിലുള്ള ഈ മത്സ്യത്തിന് വാലുകളില്ല. ചെറിയ രണ്ടു ചിറകുകൾ മാത്രം. വലുപ്പമേറിയ കണ്ണുകൾ, മുതുകിൽ മുള്ള് ഉള്ളിലേക്ക് വളഞ്ഞു പല്ലുകൾ മൂടിയതരത്തിലാണ് ഇവയുടെ ചുണ്ടുകൾ ഉള്ളത്. അതിനാൽ തന്നെ ഇവ ഒന്നിനെയും കടിക്കാറില്ല. താരതമ്യേന ചെറിയ വായയാണിതിനുള്ളത്. അത് പൂർണമായും അടയ്ക്കാനും കഴിയില്ല. ഉൾക്കടലിലാണ് ഇവകൂടുതലും കാണുന്നത്. ഉഷ്ണമേഖല കാലാവസ്ഥയിലും മിതോഷ്ണജലത്തിലുമാണ് ഇവയുടെ വാസം.
സാധാരണ പെൺ സൂര്യ മത്സ്യങ്ങൾ ഒരേസമയം ലക്ഷകക്ണക്കിന് മുട്ടകൾ ഇടാറുണ്ട്. കേരളം തീരങ്ങളിൽ വളരെ അപൂർവമായി കാണപ്പെടുന്ന ഇവയെ ഭക്ഷണത്തിന് ഉപയോഗിക്കാറില്ല. എന്നാൽ ജപ്പാൻ, കൊറിയ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലെ വിശിഷ്ട ഭക്ഷണമായി ഇവയെ ഉപയോഗിക്കാറുണ്ട്. ചത്ത് കരയ്ക്കടിഞ്ഞ മത്സ്യത്തെ മത്സ്യ തൊഴിലാളികൾ കടലിൽത്തന്നെ ഉപേക്ഷിക്കുകയായിരുന്നു.
പ്രിയം ജല്ലിഫിഷുകൾ
ജെല്ലിഫിഷുകളാണ് പ്രധാന ഭക്ഷണം. അതും വളരെയധികം അളവിൽ കഴിക്കും. ജെല്ലി ഫിഷുകൾക്ക് പ്രോട്ടീൻ കുറവായതിനാലാണ് ഇവ കൂടുതൽ കഴിക്കേണ്ടി വരുന്നതെന്ന് ഗവേഷകർ പറയുന്നു. ജെല്ലി ഫിഷുകളെ ഭക്ഷിക്കുന്നതിനാൽ തന്നെ കടലിന്റെ ആവാസ വ്യവസ്ഥ നിയന്ത്രിക്കുന്നതിൽ ഈ മത്സ്യം വളരെയേറെ പങ്കുവഹിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു. ജെല്ലി ഫിഷിന് സമാനമായ പ്ലാസ്റ്റിക് കവറുകൾ ഭക്ഷിച്ച് ഇവ ചത്തുപോകാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |