ചെന്നെെ: വന്ദേഭാരത് എക്‌സ്പ്രസിൽ യാത്ര ചെയ്ത 31കാരന്റെ മൊബെെൽ ഫോൺ പൊട്ടിത്തെറിച്ചു. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം ട്രെയിൻ വെെകിയതായി അധികൃതർ അറിയിച്ചു. ചെന്നെെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് മെെസൂരുവിലേക്ക് പോകുകയായിരുന്ന വന്ദേഭാരതിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
തമിഴ്നാട്ടിലെ തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടി റെയിൽവേ സറ്റേഷന് സമീപത്ത് വച്ച് രാവിലെ എട്ട് മണിക്കാണ് സംഭവം ഉണ്ടായത്. ട്രെയിനിൽ നിന്ന് വലിയ ശബ്ദം കേൾക്കുകയായിരുന്നു. കുഷ്‌നാഥ്കർ എന്നയാളുടെ ഫോണാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ജോലാർപേട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചെന്നെെ - മെെസൂർ വന്ദേഭാരത് എക്സ്പ്രസിന്റെ (20607) സി 11 കോച്ചിലായിരുന്നു കുഷ്‌നാഥ്കർ യാത്രചെയ്തിരുന്നത്. അദ്ദേഹത്തിന്റെ റിയൽമി മൊബെെൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണിന്റെ ബാറ്ററി ചൂടായതിനെ തുടർന്നാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
സി-11, സി -12 കോച്ചുകൾക്കിടയിലുള്ള ടോയ്‌ലറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ നിലവിളിക്കാൻ തുടങ്ങുകയും പരിഭ്രാന്തരാകുകയും ചെയ്തു. തുടർന്ന് ട്രെയിൻ നിർത്തി വാതിലുകൾ തുറന്നു. ഏകദേശം 35 മിനിറ്റോളം വെെകി 8.35നാണ് വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനരാരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |