തിരുവനന്തപുരം: അദ്ധ്യാപക നിയമനം പി.എസ്.സിക്ക് വിടുന്നത് കേരളത്തിന്റെ സാഹചര്യമനുസരിച്ച് മാത്രമേ തീരുമാനിക്കാനാവൂ എന്ന് മന്ത്രി വി.ശിവൻകുട്ടി. എയ്ഡഡ് മാനേജ്മെന്റുകൾക്ക് കേരളത്തിൽ പ്രമുഖ പ്രസ്ഥാനമാണ്. ഗവൺമെന്റ് സ്കൂളുകളിലേക്കാൾ കൂടുതൽ കുട്ടികൾ പഠിക്കുന്നത് എയ്ഡഡ് സ്കൂളുകളിലാണ്. അതിനാൽ ഇത്തരം കാര്യങ്ങൾ ധൃതിപിടിച്ച് നടപ്പാക്കാനാവില്ല.
ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ മുഴുവൻ കാര്യങ്ങളും നടപ്പാക്കാനാവില്ല. ഓരോ നിർദ്ദേശങ്ങളുടേയും എല്ലാ തലങ്ങളും പരിശോധിച്ച് പ്രായോഗികമായത് നടപ്പാക്കും. സ്കൂൾ സമയമാറ്റമടക്കമുള്ള നിർദ്ദേശങ്ങളൊക്കെ കേരളത്തിന്റെ സാഹചര്യമനുസരിച്ചും ക്യാബിനറ്റിന്റെ അംഗീകാരത്തോടെയും മാത്രമേ നടപ്പാക്കാനാവൂ.
രണ്ടു ഭാഗമായാണ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ആദ്യഭാഗം കഴിഞ്ഞവർഷം അംഗീകരിച്ചു. അതിൽ പറയുന്ന ചില പ്രധാനപ്പെട്ട ഭാഗങ്ങൾ നടപ്പാക്കി. സ്‌പെഷ്യൽ റിക്രൂട്ടുമെന്റിന് വേണ്ടിയുള്ള നിയമനിർമ്മാണം ആദ്യ റിപ്പോർട്ടിലെ പ്രധാന കാര്യമാണ്. അത് തയ്യാറാക്കിക്കഴിഞ്ഞു. നടപടിക്രമങ്ങൾ പൂർത്തീകരിച്ചാലേ നിയമമാകൂ. നിയമസഭാ സബ്ജക്ട് കമ്മിറ്റിയടക്കം പാസാക്കേണ്ടതുണ്ട്. രണ്ടാമത്തെ റിപ്പോർട്ടാണ് ഇപ്പോൾ കമ്മിറ്റി സമർപ്പിച്ച് മന്ത്രിസഭ അംഗീകരിച്ചിട്ടുള്ളത്. കമ്മിറ്റി റിപ്പോർട്ടിനോട് അങ്ങേയറ്റത്തെ നന്ദിയും കടപ്പാടുമുണ്ട്.
നടപ്പാക്കണം
വിദ്യാഭ്യാസമേഖലയുടെ പരിഷ്കരണത്തിനായി ഖാദർ കമ്മിറ്റി നൽകിയ ശുപാർശകൾ പൂർണമായി നടപ്പാക്കണമെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന നേതൃത്വയോഗം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.റിപ്പോർട്ടിലെ ഏറ്റവും പ്രസക്തമായ ശുപാർശ സമൂഹത്തിന്റെ താഴെത്തട്ടിലുള്ള സംവരണ വിഭാഗങ്ങൾക്ക് പി.എസ്.സി നിയമനങ്ങളിലൂടെ അദ്ധ്യാപന രംഗത്ത് തൊഴിലവസരങ്ങൾ ലഭിക്കാൻ സഹായിക്കുന്നതാണ്.
മന്ത്രിയുടെ നിലപാട്
രാഷ്ട്രീയ പ്രേരിതം:
പ്രൊഫ. ഖാദർ
കോഴിക്കോട്: സ്കൂൾ വിദ്യാഭ്യാസ രീതികൾ പരിഷ്കരിക്കാൻ തന്റെ നേതൃത്വത്തിലുള്ള സമിതി സമർപ്പിച്ച റിപ്പോർട്ട് പൂർണമായി നടപ്പാക്കാൻ കഴിയില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയപ്രേരിതമെന്ന് കമ്മിഷൻ ചെയർമാൻ പ്രൊഫ.എം.എ.ഖാദർ.
തുല്യത കൊണ്ടുവരാനാണ് എയ്ഡഡ് അദ്ധ്യാപക നിയമനം പി.എസ്.സിക്ക് വിടാൻ നിർദേശിച്ചത് . സ്കൂൾ സമയമാറ്റം നടപ്പാക്കണം. കമ്മിഷൻ ശുപാർശകൾ വളരെ നേരത്തേ നടപ്പാക്കേണ്ടതായിരുന്നു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തിയാലേ കുട്ടികൾ രക്ഷപ്പെടുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |