□ഒറ്റ പട്ടിക ഒരു മാസത്തിനകം വേണമെന്ന് ഹൈക്കോടതി
കൊച്ചി: സംഘടനാ തിരഞ്ഞെടുപ്പിന് വോട്ടർ പട്ടിക തയ്യാറാക്കാൻ എസ്.എൻ.ഡി.പി യോഗത്തെ ഹൈക്കോടതി ചുമതലപ്പെടുത്തി. എല്ലാ ശാഖാ യോഗങ്ങളിൽ നിന്നും അംഗത്വ ലിസ്റ്റ് സ്വീകരിച്ച് ഒന്നിച്ചു ചേർത്ത് ഒരു പട്ടികയാക്കാനാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഉത്തരവ്.അംഗങ്ങളുടെ വിലാസം, തിരിച്ചറിയൽ രേഖയുടെ വിവരങ്ങൾ എന്നിവയും പട്ടികയിൽ വേണം. ഒരു മാസത്തിനകം പട്ടിക തയ്യാറാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
എസ്.എൻ.ഡി.പി യോഗം ഭരണത്തിന് അഡ്മിനിസ്ട്രേറ്ററെയോ റിസീവറെയോ നിയമിക്കണമെന്നും ,യോഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിയമനങ്ങൾ നടത്തുന്നത് തടയണമെന്നും യൂണിയൻ, ശാഖാ ഭാരവാഹികൾക്കെതിരെ അച്ചടക്ക നടപടികളെടുക്കുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഫ. എം.കെ. സാനു, അഡ്വ. എം.കെ. ശശീന്ദ്രൻ തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണ് നിർദ്ദേശം.തിരഞ്ഞെടുപ്പ് നടത്തിപ്പിന് നിയോഗിക്കുന്ന നിരീക്ഷകനെയും റിട്ടേണിംഗ് ഓഫീസറെയും സഹായിക്കാനുള്ളവരുടെ പട്ടികയിൽ യോഗം നിർദ്ദേശിച്ച അഡ്വ. സിനിൽ മുണ്ടപ്പിള്ളിയെയും എ. സോമരാജനെയും, ഹർജിക്കാർ നിർദ്ദേശിച്ച അഡ്വ. എൻ.ഡി. പ്രേമചന്ദ്രനെയും പി.പി. മധുസൂദനനെയും ഉൾപ്പെടുത്താമെന്നും ഉത്തരവിൽ പറയുന്നു.
കേസ് ഒരു മാസം കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.യോഗത്തിനും യോഗം ഭാരവാഹികൾക്കും വേണ്ടി അഡ്വ. എ.എൻ. രാജൻബാബു, അഡ്വ. ഉദയ് ഹാെള്ള എന്നിവരും ഹർജിക്കാർക്ക് വേണ്ടി അഡ്വ. പി.ബി. കൃഷ്ണൻ, അഡ്വ. ഡി. അനിൽകുമാർ എന്നിവരും ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |