ശരീരത്തിൽ 23 വെട്ടുകൾ കൊലയ്‌ക്ക് പിന്നിൽ മണ്ണ് മാഫിയയുടെ ക്വട്ടേഷൻ
ശ്രീകാര്യം: നഗരത്തെ നടുക്കി പൗഡിക്കോണത്തെ കാപ്പ കേസ് പ്രതി വെട്ടുകത്തി ജോയിയെ (41) വെട്ടിക്കൊന്ന കേസിൽ അഞ്ചുപ്രതികളെ പൊലീസ് അറസ്റ്റുചെയ്‌തു.
പന്തലക്കോട് കുറ്റ്യാണി മുംതാസ് മൻസിലിൽ ഷജീർ(39),വട്ടപ്പാറ കുറ്റ്യാണി ലക്ഷംവീട്ടിൽ രാകേഷ്.വി.എം(36),വള്ളക്കടവ് പുതുവൽ പുത്തൻ വീട്ടിൽ ടി.സി 42/1158ൽ നന്ദുലാൽ(30),നേമം എസ്റ്റേറ്റ് വാർഡിൽ ടി.സി 53/12/1ൽ വിനോദ് (38),മണക്കാട് ശ്രീവരാഹം അടിയിക്കതറ പുത്തൻവീട്ടിൽ ഉണ്ണിക്കൃഷ്ണൻ നായർ(42) എന്നിവരെയാണ് സിറ്റി ഡാൻസഫ് ടീമിന്റെ സഹായത്തോടെ ശ്രീകാര്യം പൊലിസ് പിടികൂടിയത്.
മണ്ണ്മാഫിയ സംഘത്തിൽ നിന്ന് ഒഴിവാക്കിയതിന്റെ വിരോധത്തിൽ സംഘത്തിലുള്ളവരെയും വീട്ടുകാരെയും ജോയി നിരന്തരം ആക്രമിച്ചതിനെ തുടർന്ന് ഒന്നാംപ്രതി സജീറാണ് ജോയിയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത്. നന്ദുലാൽ,വിനോദ്,ഉണ്ണിക്കൃഷ്ണൻ നായർ എന്നിവരെയാണ് ക്വട്ടേഷൻ ഏല്പിച്ചത്. സജീറിനെയും ഭാര്യയെയുമാണ് ജോയി കൂടുതൽ ഉപദ്രവിച്ചത്. ശ്രീകാര്യം എസ്.എച്ച്.ഒ ശ്രീജേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാനംവിട്ട പ്രതികളെ വലയിലാക്കാൻ പൊലീസിന് കഴിഞ്ഞത്.
ഇക്കഴിഞ്ഞ 9ന് രാത്രിയിലാണ് സംഭവം. ഓട്ടോയിൽ വിഷ്ണുനഗറിലെ വാടക വീട്ടിലേക്ക് പോകുമ്പോൾ കാറിൽ പിന്തുടർന്നെത്തിയ പ്രതികൾ ശ്രീകാര്യം പൗഡിക്കോണം സൊസൈറ്റിമുക്കിന് സമീപത്തുവച്ച് മാരകമായി വെട്ടിപ്പരിക്കേല്പിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. കൈകളിലും കാലുകളിലും തോളിലുമായി ജോയിക്ക് 23 വെട്ടേറ്റു. സ്ഥലത്ത് രക്തം വാർന്ന് കിടന്ന ജോയിയെ ശ്രീകാര്യം പൊലീസ് മെഡിക്കൽ കോളേജ് അശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കൊലപാതകത്തിനായി ആറ്റിങ്ങൽ സ്വദേശിയുടെ കാറാണ് വാടകയ്ക്കെടുത്തത്. കൃത്യം നടത്തിയശേഷം ബാലരാമപുരം ഭാഗത്ത് കാർ ഉപേക്ഷിച്ച് പ്രതികൾ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പിന്തുടർന്നു, അവസരം
നോക്കി വെട്ടി
നിരന്തര ശല്യം ഒഴിവാക്കാനായിരുന്നു പ്രതികൾ ചേർന്ന് പദ്ധതി തയ്യാറാക്കിയത്. പ്രതികൾ പലതവണ വാഹനങ്ങളിൽ പിന്തുടർന്ന് അവസരം നോക്കിയെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരും വ്യാപാരികളും നോക്കി നിൽക്കെയാണ് ഓട്ടോയിൽ നിന്നും വലിച്ചിറക്കി ജോയിയെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത്. പല ഗുണ്ടാസംഘങ്ങളുമായി ശത്രുതയുള്ള ജോയിയെ കൊലപ്പെടുത്താൻ മറ്റാരെങ്കിലും ക്വട്ടേഷൻ നൽകിയതാണോയെന്നും കൂടുതൽ പേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തിയാൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂവെന്ന് ഉന്നത പൊലീസ് ഉദ്വേഗസ്ഥർ പറഞ്ഞു.
അറസ്റ്റിലായ പ്രതികൾ കൊലപാതകമടക്കം നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻ കുമാറിന്റെ നിർദ്ദേശാനുസരണം കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ എം.കെ.മുരളി,ശ്രീകാര്യം എസ്.എച്ച്.ഒ ശ്രീജേഷ് വി.കെ, മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഷാഫി ബി.എം, തുമ്പ എസ്.എച്ച്.ഒ ബിനു.ആർ, കഴക്കൂട്ടം എസ്.എച്ച്.ഒ വിനോദ്,എസ്.ഐമാരായ ശശികുമാർ വി.കെ,പത്മകുമാർ,വിഷ്ണു പി.എൽ,അനന്തകൃഷ്ണൻ,ഉമേഷ്,രാജേഷ് കുമാർ,എസ്.സി.പി.ഒമാരായ ഗോപകുമാർ, പ്രതീഷ് കുമാർ,ഷെർഷാ ഖാൻ,വിനീത്,നീരജ്,പ്രസാദ്,സജാദ് ഖാൻ,അരുൺ എസ്.നായർ,സി.പി.ഒമാരായ പ്രശാന്ത്,ബിനു,സിറ്റിഷാഡോ അംഗങ്ങളായ സാബു ടി.ജെ,വിനോദ്,ഷിബി തുടങ്ങിയവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |