SignIn
Kerala Kaumudi Online
Wednesday, 14 August 2024 5.55 AM IST

ചതിച്ചത് സുർക്കിയോ സിമന്റോ? മുല്ലപ്പെരിയാറിനെ കുറിച്ച് ബ്രിട്ടീഷുകാരൻ എഞ്ചിനീയർ പറഞ്ഞത് സത്യമാകുമോ?

mullaperiyar

വയനാട് ഉരുൾപൊട്ടലിന്റെ നടുക്കവും കണ്ണീരും തോർന്നിട്ടില്ല. അതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം,​ കർണാടകത്തിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഷട്ടർ തകരുകയും,​ ജലസമ്മർദ്ദം കുറയ്ക്കാൻ 27 ഷട്ടറുകൾ തുറക്കുകയും ചെയ്തത് അവിടത്തെയും ആന്ധ്രയിലെയും നദകളിൽ വെള്ളപ്പൊക്ക ഭീഷണിയുയർത്തിയിരിക്കുന്നത്. ഭൂഗർഭത്തിലായാലും,​ അണക്കെട്ടുകളിലായാലും ഏതു നിമിഷവും പൊട്ടിയേക്കാവുന്ന ഒരു ജലബോംബ് പോലെ,​ വലിയ ജലശേഖരങ്ങളുയർത്തുന്ന നിതാന്ത ഭീഷണിയുടെ അതിസമ്മർദ്ദമുണ്ട്,​ വീണ്ടും സജീവ ചർച്ചയാരുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിലും.

കേരളത്തിന് ഒരുപരിധിവരെ ആശ്വാസവും,​ അതോടൊപ്പം ആശങ്കാകുലവുമായ രണ്ട് വ്യത്യസ്ത സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് മുല്ലപ്പെരിയാർ വീണ്ടും ചർച്ചയിലെത്തുന്നത്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന മദിരാശി സർക്കാരും നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറും തമ്മിലുണ്ടാക്കിയ 999 വർഷത്തെ പാട്ടക്കരാറും,​ അതിന്റെ തുടർച്ചയായി 1970-ൽ കേരളവും തമിഴ്നാടും തമ്മിലുണ്ടാക്കിയ സപ്ലിമെന്ററി കരാറും നിലനിൽക്കുമോ എന്ന വിഷയത്തിൽ സുപ്രീംകോടതി വിശദമായ വാദം കേൾക്കാൻ തയ്യാറായതാണ് കേരളത്തെ സംബന്ധിച്ചുള്ള അനുകൂല സഹാചര്യം. എന്നാൽ,​ വയനാട്ടിലെ അതിദാരുണമായ പ്രകൃതിദുരന്തവും,​ സുർക്കികൊണ്ട് നിർമ്മിച്ച തുംഗഭദ്ര അണക്കെട്ടിന്റെ ഷട്ടർ ഗേറ്റ് തകർന്നതുമാണ് കേരളത്തിന്റെ മനസിൽ പതിറ്റാണ്ടുകളായി കുടികൊണ്ടിരിക്കുന്ന ജലഭൂത ഭീഷണിയെ വീണ്ടും തട്ടിയുണർത്തുന്ന ആശങ്ക.

മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടുമോ? ശരാശരി മലയാളിയുടെ ആദ്യ ചോദ്യം ഇതാണ്. പൊട്ടുമെന്നും ഒരിക്കലും പൊട്ടില്ലെന്നുമുള്ള നൂറുകണക്കിന് വിദദ്ധ അഭിപ്രായങ്ങൾ ശക്തമായുണ്ട്. അതിന് ഇരുപക്ഷവും ന്യായാന്യായങ്ങളും സാങ്കേതികത്വങ്ങളും അക്കമിട്ട് നിരത്തുന്നുമുണ്ട്. എന്നാൽ മുല്ലപ്പെരിയാർ മാത്രമല്ല, ലോകത്ത് എവിടെയായാലും മനുഷ്യനിർമ്മിതായ എല്ലാ അണക്കെട്ടുകളും ഏതെങ്കിലുമൊരു കാലത്ത് തകരുമെന്നത് സാമാന്യയുക്തിയാണ്. അണക്കെട്ട് തകരാൻ നിരവധി കാരണങ്ങളുമുണ്ട്. അത് ഭൂകമ്പമാകാം, അതിശക്തമായ വെള്ളപ്പൊക്കമാകാം, അണക്കെട്ടിന്റെ ബലക്ഷയമാകാം, യുദ്ധമാകാം, ഭീകരാക്രമണമാകാം.... അതുകൊണ്ടുതന്നെ,​ ഡാം പൊട്ടുമെന്നോ പൊട്ടില്ല എന്നോ ഉള്ള അഭിപ്രായ പ്രകടനങ്ങൾ പെരിയാർ തീരവാസികളുടെ ആശങ്ക പരിഹരിക്കാൻ പര്യാപ്തമല്ല.

മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയാണ് മുല്ലപ്പെരിയാർ അണക്കെട്ട് അപകടാവസ്ഥയിലാണെന്ന് മലയാളികളോട് ആധികാരികമായി പറഞ്ഞ ആദ്യ ഭരണാധികാരി. 1979 ഒക്ടോബർ 23-ന് സംസ്ഥാന നിയമസഭയിൽ ഭരണകക്ഷി എം.എൽ.എ പി.സി. ജോസഫ് അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുമ്പോഴായി​രുന്നു അത്, അന്ന് 84 വർഷം മാത്രം പഴക്കമുണ്ടായിരുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അപകടാവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രി വാചാലനായി. അതിനും ഒരാഴ്ച മുമ്പ്,​ ഒക്ടോബർ 17-നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഈ വിഷയം ചർച്ചചെയ്തതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. തുടർന്നാണ്,​ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി 145 അടിയായി നിജപ്പെടുത്തണമെന്നും,​ ബലക്ഷയം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര ജലകമ്മിഷന് കത്തയയ്ക്കുകയും ചെയ്തു.

ഈ സംഭവത്തിനും ഒരുവർഷം മുമ്പ് 1978 ഒക്ടോബർ 31-ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം ചൂണ്ടിക്കാണിച്ച് കേന്ദ്ര ജല കമ്മിഷൻ അംഗം എ.എൻ. ഹർക്കൗളിക്ക് കത്ത് എഴുതിയതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പിന്നീട് മുല്ലപ്പെരിയാർ വിഷയം ചൂടേറിയ ചർച്ചയാകുന്നത് 2000-നു ശേഷമാണ്. അന്നുമുതൽ 2016 വരെ കേരളം ഭരിച്ച എല്ലാ മുഖ്യമന്ത്രിമാരും ജലവിഭവ വകുപ്പ് മന്ത്രിമാരും അതത് കാലത്തെ പ്രതിപക്ഷ നേതാക്കളും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അപകടാവസ്ഥയെക്കുറിച്ച് നിയമസഭയിലും വാർത്താ മാദ്ധ്യമങ്ങൾക്കു മുന്നിലും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നിരവധി തവണ കേരള നിയമസഭയിൽ അടിയന്തര പ്രമേയങ്ങളുണ്ടായിട്ടുണ്ട്. സർവക്ഷി യോഗങ്ങൾ ചേർന്ന് വിഷയം ചർച്ചചെയ്യുകയും,​ അണക്കെട്ട് മൂലമുള്ള ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും തമിഴ്നാട് മുഖ്യമന്ത്രിക്കും കത്തെഴുതിയിട്ടുണ്ട്...

കാലാകാലങ്ങളിലെ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ച് അണക്കെട്ടിന്റെ കാര്യത്തിൽ അഭിപ്രായം മാറ്റിപ്പറയുന്നവരുമുണ്ട്. ഇന്നത്തെ മുഖ്യമന്ത്രി സി.പി.എം സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോൾ വണ്ടിപ്പെരിയാർ മുതൽ മറൈൻ ഡ്രൈവ് വരെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്,​ മുല്ലപ്പെരിയാർ അണക്കെട്ട് അപകടാവസ്ഥയിലാണെന്നും,​ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഈ വിഷയത്തിൽ മലയാളികൾ ഒറ്റക്കെട്ടായി നിൽക്കണമെന്നുമായിരുന്നു. എന്നാൽ കഴിഞ്ഞ എട്ടു വർഷത്തിനിടെ അണക്കെട്ട് ബലപ്പെടുത്താൻ പുതുതായി ഒന്നും ചെയ്തിട്ടില്ല എന്നിരിക്കെ മുഖ്യമന്ത്രി ആവർത്തിച്ചു പറയുന്നത് മുല്ലപ്പെരിയാർ അണക്കെട്ടിൽ യാതൊരു ആശങ്കയുമില്ല എന്നുമാണ്. ഇതൊക്കെ ജനങ്ങൾക്കിടയിൽ ആശയകുഴപ്പമുണ്ടാക്കുകയല്ലാതെ ആശങ്ക പരിഹരിക്കാൻ പോന്നതല്ല.

1889-ൽ സുർക്കിയും കരിങ്കല്ലും ഉപയോഗിച്ചു നിർമ്മിച്ച മേസണറി അണക്കെട്ടിന് ബലക്ഷയമുണ്ടെന്നും,​ അത് ഭാവിയിൽ അപകടം ചെയ്യുമെന്നും ആദ്യം പറഞ്ഞ സാങ്കേതിക വിദഗ്ദ്ധർ മലയാളികളല്ല; ബ്രിട്ടീഷ് എൻജിനിയർമാരാണ്. അതിനുള്ള കാരണം ശാസ്ത്രീയവുമാണ്. അണക്കെട്ട് കമ്മിഷൻ ചെയ്ത 1896-മുതൽ 1924 വരെയുള്ള സീപ്പേജ് ജലത്തിനൊപ്പം ഒലിച്ചുപോയ സുർക്കിയുടെ കണക്ക് പരിശോധിച്ച ബ്രി​ട്ടീഷ് എൻജിനിയർമാർ, ഈ അവസ്ഥ തുടർന്നാൽ ഭാവിയിൽ ഉണ്ടാകാവുന്ന അപകടം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1928 ഒക്ടോബർ 17-നും 28-നും അണക്കെട്ടിൽ പരിശോധന നടത്തിയ ഇറിഗേഷൻ ചീഫ് എൻജിനിയർ എൽ.എച്ച്. ഗെർഗ് മദ്രാസ് സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു.

തുടന്ന് സ്ഥിതിഗതികൾ വീണ്ടും പഠനവിധേയമാക്കിയ എക്സിക്യുട്ടീവ് എൻജിനിയർ മാക്കേയുടെ ശുപാർശ പ്രകാരം 1931 മാർച്ചിൽ അണക്കെട്ടിൽ നിന്ന് ഒലിച്ചുപോയ സുർക്കിയുടെ സ്ഥാനത്ത് 40 ചാക്ക് സിമന്റ് ഉപയോഗിച്ച് ഗ്രൗട്ട് ചെയ്തു. മുകളിലെ പാരപ്പറ്റിൽ നിന്ന് ഡ്രിൽചെയ്തുണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്നു ഗ്രൗട്ടിംഗ്. ഈ ബലപ്പെടുത്തൽ വിഡ്ഢിത്തമാണെന്നും അണക്കെട്ടിനെ കൂടുതൽ ദു‌ർബലപ്പെടുത്തുമെന്നും വാദിച്ച മറ്റൊരു ബ്രി​ട്ടീഷ് ചീഫ് എൻജിനിയർ ഡോവ്‌ലെ,​ ചീഫ് എൻജിനിയർ സ്റ്റാൻലിക്ക് കത്തെഴുതിയിരുന്നു എന്നതും ചരിത്രം. വീണ്ടും 1957 ഏപ്രിൽ മുതൽ 58 മാർച്ച് വരെയുള്ള അണക്കെട്ടിലെ സീപ്പേജ് ജലം പരിശോധിച്ചപ്പോഴും വൻതോതിൽ സുർക്കി മിശ്രിതം ചോർന്നു പോകുന്നതായി കണ്ടെത്തി.

ഇതേത്തുടർന്ന് 1961 ആഗസ്റ്റ് മുതൽ 1965 ഒക്ടോബർ വരെ അണക്കെട്ടിൽ 241 ബോർഹോളുകൾ ഉണ്ടാക്കി,​ 503.35 ടൺ സിമന്റ് ഉപയോഗിച്ച് ഗ്രൗട്ട് ചെയ്തു. അതായത്,​ അണക്കെട്ട് നിർമ്മിച്ച് ആദ്യത്തെ 69 വർഷത്തിനകം പ്രധാന നിർമ്മാണ സാമഗ്രിയായ സുർക്കി വൻതോതിൽ നഷ്ടപ്പെടുകയും പകരം 550 ടൺ ആധുനിക സിമന്റ് ഉപയോഗിച്ച് ബലപ്പെടുത്തുകയും ചെയ്തു! അതുകൊണ്ടുതന്നെ സുർക്കിയും കരിങ്കല്ലും ഉപയോഗിച്ചു നിർമ്മിച്ച മേസണറി ഡാം മറ്റൊരു വസ്തുവിന്റെ (സിമന്റ്) കൂടി പിന്തുണയോടെ നിൽനിൽക്കുന്ന വ്യത്യസ്ത അണക്കെട്ടായി. ഇതുതന്നെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലവും ബലക്ഷയവും വിലയിരുത്തുന്നവരുടെ പ്രഥമ പരിഗണനാ വിഷയം. കൂടാതെ 1924-ലും 1943-ലും ഉണ്ടായ അതിശക്തമായ പ്രളയവും പ്രതികൂല സാഹചര്യങ്ങളും മുല്ലപ്പെരിയാർ അണക്കെട്ടിനെ കൂടുതൽ ദുർബലപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MULLAPERIYAR DAM, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.