തിരുവനന്തപുരം: പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലിയുടെ ജീവിതം ഒരു കാർട്ടൂൺ സ്ട്രിപ്പായി അവതരിപ്പിച്ച് ഗിന്നസ് വേൾഡ് റെക്കാഡ് നേടിയ തൃശൂർ സ്‌കൂൾ ഒഫ് ഫൈൻ ആർട്സിലെ ചിത്രകലാ വിദ്യാർത്ഥിനി റോഷ്‌നി ദുബായിലെ ദിലീഫ് ആർട്ട് ഗ്യാലറിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. മാസ്കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകനായ ഡോ.കഫീൽ ഖാന് കാമൽ ഇന്റർനാഷണൽ പുരസ്‌കാരം യു.എ.ഇയിലെ കലാ സാംസ്‌കാരിക പ്രവർത്തകനായ ഡോ.അബ്‌ദുള്ള അൽ മെഹയാസ് സമ്മാനിച്ചു. ഡോ.കഫീൽഖാൻ രചിച്ച ഓക്സിജൻ ജീവചരിത്രഗ്രന്ഥത്തിന്റെ മലയാളം പരിഭാഷയും ചടങ്ങിൽ പ്രകാശനം ചെയ്തു. വയനാട്ടിലെ ദുരന്തം തന്നെ ആകെ തളർത്തിയെന്ന് അവിടെ സന്ദർശിച്ചപ്പോഴുള്ള അനുഭവം പങ്കുവച്ച് ഡോ.കഫീൽഖാൻ പറഞ്ഞു.
ദുബായ് അന്താരാഷ്‌ട്ര പുസ്‌തകോത്‌സവത്തിലാണ് 'യൂസഫ് അലി- ബില്യൺ ഡോളർ ജേർണി' എന്ന കാർട്ടൂൺ സ്‌ട്രിപ് തയാറാക്കിയത്. റോഷ്‌നിയെ കൂടാതെ കോഴിക്കോട്ടെ സാംസ്‌കാരിക പ്രവർത്തക പി. സ്‌നേഹപ്രഭ, കുറഞ്ഞ സമയത്തിൽ റൂബിക്‌സ് സ്‌ക്യൂബ് പിരമിഡ് സോൾവ് ചെയ്‌ത അഗൻ മനോജ്, 110 കാറുകളെ ഒരു മിനിറ്റിൽ തിരിച്ചറിഞ്ഞ എൽ.കെ.ജി വിദ്യാർത്ഥിയായ കണ്ണൂർ സ്വദേശി ശിവംസ്, ഹാം റേഡിയോയിലൂടെ 36 ലോക റെക്കാഡ് സ്വന്തമാക്കിയ സനിൽ ദീപ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ക്യുറേറ്റർ എം. ദിലീഫ്, ഡോ.യഹിയഖാൻ, മജീഷ്യൻ പ്രദീപ് ഹുഡിനോ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |