കൊല്ലം: ട്രെയിനിൽ പാഴ്സലായി അയച്ച 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ കൊല്ലം റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് പിടികൂടി. വസ്ത്രങ്ങളെന്ന പേരിലയച്ച 315 കിലോ ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ഇവ ഏറ്റുവാങ്ങാനെത്തിയ ആറ്റിങ്ങൽ നയനവിളാകം വിളയിൽ മൂലയിൽ അഖിലിനെ (35) ആർ.പി.എഫ് പിടികൂടി. ഒഴാഴ്ച മുമ്പാണ് നിരോധിത പുകയില ഉത്പന്നങ്ങൾ നിറച്ച ബണ്ടിലുകൾ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. സ്വാതന്ത്ര്യദിനത്തിൽ നടത്തിയ പ്രത്യേക പരിശോധനയ്ക്കിടെ ബണ്ടിലുകൾ ആർ.പി.എഫ് നിരീക്ഷണത്തിലാക്കി. ഇന്നലെ അഖിൽ പാഴ്സൽ ഏറ്റുവാങ്ങാനെത്തിയപ്പോൾ ആർ.പി.എഫ് ബണ്ടിലുകൾ പൊട്ടിച്ച് പരിശോധിച്ചപ്പോൾ കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ ചാക്കുകളിലായി പുകയില കണ്ടെത്തുകയായിരുന്നു.ബംഗളൂരുവിലെ സുഹൃത്ത് കച്ചവടത്തിനായി അയച്ചതാണിതെന്നാണ് അഖിലിന്റെ മൊഴി. അഖിലിനെതിരെ കേസെടുത്ത ശേഷം പുകയില ഉത്പന്നങ്ങൾ എക്സൈസിന് കൈമാറി. ആർ.പി.എഫ് ഇൻസ്പെക്ടർ ടി.ആർ.അനീഷ്,എസ്.ഐ ജി.സുരേഷ്, ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ ജിബിൻ,എ.എസ്.ഐ ഫിലിപ്പ് ജോൺ, കോൺസ്റ്റബിൽ അരുൺബാബു എന്നിവരടങ്ങിയ സംഘമാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |