തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ഇതിനകം സർക്കാർ നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കേണ്ടതുള്ളതുകൊണ്ട് റിപ്പോർട്ട് വിവരാവകാശത്തിന്റെ പരിധിയിൽ വരില്ലെന്ന് 2020ൽ മുഖ്യവിവരാവകാശ കമ്മിഷൻ വിൻസന്റ് എം.പോൾ ഉത്തരവിറക്കിയിരുന്നു. അത്തരം കാര്യങ്ങൾ മാറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാമെന്ന് ഇൗ വർഷം ജൂലായിലാണ് വിവരാവകാശ കമ്മിഷൻ ഉത്തരവിറക്കിയത്. അതിന് പിന്നാലെ ഹൈക്കോടതിയിൽ രണ്ടു കേസുണ്ടായതു കൊണ്ടാണ് പുറത്തുവിടുന്നത് വൈകിയത്.
വനിതാകമ്മിഷൻ നിർദ്ദേശമനുസരിച്ച് പൊലീസിന് റിപ്പോർട്ട് കൈമാറിയെങ്കിലും സ്വകാര്യതയെ മാനിക്കേണ്ട വിഷയമായതിനാലാണ് പൊലീസ് നടപടിയും പ്രതിസന്ധിയിലായത്. കമ്മിറ്റിയെ നിയോഗിച്ചത് സിനിമാമേഖലയിലെ കുറ്റങ്ങൾ കണ്ടെത്തി ശിക്ഷിക്കാനല്ല. മറിച്ച് പ്രതിലോമപരമായ കാര്യങ്ങൾ അവിടെ നടക്കുന്നത് കണ്ടെത്തി അത്തരം സാഹചര്യങ്ങൾ ഇല്ലാതാക്കാനാണ്. അതനുസരിച്ചുള്ള ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്.
നടിമാർ നൽകുന്ന പീഡന പരാതികളിൽ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസ് വിട്ടുവീഴ്ച ചെയ്തിട്ടില്ല. അത്തരത്തിൽ കേസെടുത്തിട്ടുണ്ട്.
ചിലർക്ക് ഉണ്ടായ തിക്താനുഭവങ്ങൾ വച്ച് 94 വർഷത്തെ പൈതൃകമുളള മലയാള സിനിമാ രംഗത്തെ വിലയിരുത്തരുത്. സിനിമാ വ്യവസായ മേഖലയിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന ശുപാർശ സർക്കാർ നടപ്പാക്കി.
വനിതകൾ സംവിധായകരും സാങ്കേതിക പ്രവർത്തകരുമായുള്ള സിനിമകൾക്ക് പ്രോത്സാഹനം നൽകണമെന്ന ശുപാർശയിൽ അതിനായി ബഡ്ജറ്റ് വിഹിതം നീക്കിവച്ചു.
കേരള സിനിമാ റെഗുലേറ്ററി അതോറിറ്റി ബില്ല് നടപ്പാക്കാൻ സർക്കാർ പരിശോധന നടത്തിയിരുന്നു. വലിയ പ്രാഥമിക ചെലവും പ്രതിവർഷം ഗണ്യമായ ആവർത്തനച്ചെലവും വരുന്നതാണിത്. നിലവിലെ സാമ്പത്തികസ്ഥിതിയിൽ പരിഗണിക്കാൻ കഴിയാത്ത സാഹചര്യമാണ്.
വനിതകൾക്കായി സിനിമാ നിർമ്മാണ മേഖലയിൽ തൊഴിൽ പരിശീലനത്തിനായി സംസ്ഥാന ചലച്ചിത്ര അക്കാഡമി വഴി പദ്ധതി ആരംഭിച്ചിട്ടുണ്ട്. പരിശീലനത്തിനുശേഷം തൊഴിലവസരത്തിന് വഴിയൊരുക്കും. ആറ് മാസക്കാലത്തേക്ക് സ്റ്റൈപ്പന്റും അനുവദിക്കും. ഷൂട്ടിംഗ് സ്ഥലങ്ങളിലെല്ലാം ഇ ടോയ്ലറ്റുകൾ, സുരക്ഷിതമായ ഡ്രസ് ചേഞ്ചിംഗ് മുറികൾ, ഒരുക്കണമെന്നതു സംബന്ധിച്ച് സർക്കാരിന് മാത്രമായി തീരുമാനങ്ങൾ എടുക്കാനാവില്ല. കോൺക്ലേവിൽ ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |