കൊച്ചി: 'പൂട്ടിക്കാൻ' തീവ്രശ്രമം തുടരുമ്പോഴും തിരിച്ചടവിനും വായ്പ നൽകി ആളുകളെ പിഴിഞ്ഞ് ആത്മഹത്യയുടെ വക്കിൽകൊണ്ട് നിറുത്തുകയാണ് ഓൺലൈൻ ലോൺ ആപ്പുകൾ. അടിയന്തര ആവശ്യത്തിന് 3,000 രൂപ വായ്പ എടുത്ത ആലപ്പുഴ സ്വദേശിനിയെ പലിശ ഉയർത്തി സമ്മർദ്ദത്തിലാക്കി തിരിച്ചടവിനായി ലോണുകൾ എടുപ്പിച്ചത് നിരവധി തവണ. 1.5 ലക്ഷം രൂപയോളം ആകെ തിരിച്ചടച്ചെങ്കിലും ഭീഷണി തുടർന്നതോടെ ജീവനൊടുക്കാൻ തുനിഞ്ഞ ഇവരെ പ്രതിശ്രുത വരൻ കൊച്ചിയിലെ സൈബർ സുരക്ഷാ ഫൗണ്ടേഷൻ സഹായം തേടിയാണ് രക്ഷപ്പെടുത്തിയത്.
3000രൂപയ്ക്ക് 200 രൂപ മാത്രമാണ് പലിശയെന്നാണ് ലോണെടുക്കുമ്പോൾ കാണിച്ചിരുന്നത്. തിരിച്ചടവ് ദിവസം 200 രൂപ കൂടി പലിശ ഉയർത്തി. കൂടുതൽ പണം നൽകാനില്ലെന്ന് അറിയിച്ചതോടെ മറ്റൊരു ലോൺ ആപ്പ് നിർദ്ദേശിച്ചു. ഇതിൽ നിന്നും എടുത്ത 3000 രൂപയ്ക്ക് 4000 രൂപയായിരുന്നു തിരിച്ചടവ്.
ഭീഷണി തുടർന്നതോടെ ഈവിധം തിരിച്ചടിവിനായി പലപല ലോൺ ആപ്പുകളെ ആശ്രയിച്ചതോടെയാണ് ഭീമമായ തുക ബാദ്ധ്യതയായത്. നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്ക് കൈമാറുമെന്നെല്ലാം യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. സാമ്പത്തിക ഞെരുക്കവും മറ്റ് തടസങ്ങളൊന്നുമില്ലാതെ വേഗത്തിൽ പണം കിട്ടുമെന്ന ഒരേയൊരു കാരണമാണ് മൊബൈൽ ലോൺ ആപ്പുകളിലേക്ക് ആളുകളെത്തുന്നത്. നാണക്കേട് ഓർത്താണ് പലരും പരാതിപ്പെടാൻ തയ്യാകാത്തത്.- അഡ്വ. ജിയാസ് ജമാൻ, മേധാവി, സൈബർ സുരക്ഷാ ഫൗണ്ടേഷൻ
തരികിട ആപ്പുകൾ
പ്ലേ സ്റ്റോറിൽ ലഭ്യമായ ലോൺ ആപ്പുകളിൽ ചുരുക്കം ചിലതൊഴിച്ചാൽ ഭൂരിഭാഗം ആപ്പുകൾക്കും റിസർവ് ബാങ്കിന്റെ ബാങ്കിതര ധനകാര്യ സ്ഥാപന (എൻ.ബി.എഫ്.സി) ലൈസൻസ് ഇല്ല. ഏഴു ദിവസം മുതൽ ആറുമാസം വരെ തിരിച്ചടവ് കാലാവധി. ആധാർ, പാൻകാർഡ് പകർപ്പുകൾ മാത്രമേ വായ്പ തുക അക്കൗണ്ടിലേക്ക് മാറ്റാൻ വേണ്ടി ഇവർ ആവശ്യപ്പെടുന്നുള്ളൂവെങ്കിലും ആപ്പ് ഡൗൺലോഡ് ചെയ്ത് പ്രവർത്തിക്കുന്നതിനായി പിന്നീടുള്ള ആപ്പ് പെർമിഷനുകൾ നൽകുന്നതോടെയാണ് തട്ടിപ്പ് സംഘം യഥാർത്ഥ പണി തുടങ്ങുന്നത്.
ഭീഷണി പാകിസ്ഥാൻ നമ്പറിൽ നിന്നടക്കം
കൊച്ചി: ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെതുടർന്ന് പെരുമ്പാവൂരിൽ 30കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച കണിച്ചാട്ടുപാറ-അരുവാപ്പാറ കുതിയപ്പുറം വീട്ടിൽ ആരതി (31)യുടെ മൊബൈലിൽ നിന്നും ലോൺ ദാതാക്കളുടെ ഭീഷണി സന്ദേശങ്ങൾ കണ്ടെത്തി. നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് കൈമാറും. പാകിസ്ഥാനടക്കം വിവിധ രാജ്യങ്ങളിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയിട്ടുള്ളത്. 6500 രൂപയാണ് യുവതി ലോൺ എടുത്തത്. ഇതിൽ കുറച്ച് തിരിച്ചടച്ചിരുന്നു.
പിന്നിൽ ഉത്തരേന്ത്യൻ ലോബി, അന്വേഷണം വ്യാപിപ്പിച്ചു
പെരുമ്പാവൂർ: വലിയ തുക വായ്പ എടുക്കാനുള്ള ശ്രമമാണ് ആരതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന. വലിയ തുക വായ്പ ലഭിക്കുന്നതിന് പ്രോസസിംഗ് ചാർജ് ആയി ആവശ്യപ്പെട്ട തുകയ്ക്കായി മറ്റൊരു ആപ്പിൽ നിന്നും വായ് പ എടുത്തു. എന്നാൽ വലിയ തുക വായ്പയായി കിട്ടിയില്ല. ചെറിയ തുക അടയ്ക്കാനും ആയില്ല. ഇതോടെയാണ് ഉത്തരേന്ത്യൻ സംഘം ഭീഷണി തുടങ്ങിയത്. മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ ഫോണിലേക്ക് അയക്കുകയും അതുപ്രചരിപ്പിക്കുമെന്ന് ഫോണിലേക്ക് സന്ദേശം വന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
വീട്ടിൽ എല്ലാവരുമായി സംസാരിച്ചു കൊണ്ടിരിക്കെ ആരതിക്ക് ഒരു ഫോൺ കാൾ വരികയും മുറിയിലേക്ക് പോവുകയുമായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെത്തുടർന്ന് 5 വയസുകാരനായ മൂത്ത മകൻ മുറിയിൽ ചെന്നു നോക്കിയപ്പോഴാണ് വീട്ടമ്മ തൂങ്ങി നിൽക്കുന്നത് കണ്ടത്. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ മറ്റുള്ളവർ ആരതിയെ ഉടൻ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദ്ദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. 3 വയസുകാരിയായ മകൾ കൂടിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |