വൈക്കം കല്ലറയിലെ നാട്ടിൻപുറത്ത് നിന്ന് ശരത് മോഹന്റെ വളർച്ച മലയാളസിനിമയുടെ നെറുകയിലേയ്ക്കാണ്. റസൂൽപ്പൂക്കുട്ടിക്കൊപ്പം തുടങ്ങിയ കരിയർ ആടുജീവിതത്തിലെ ശബ്ദമിശ്രണത്തിന് സംസ്ഥാന പുരസ്കാര നേട്ടത്തോടെ വെൺമയുള്ളതാവുന്നു. കേന്ദ്രമാനദണ്ഡം മാറ്റിയതിനാൽ ശബ്ദമിശ്രണത്തിന് ദേശീയ പുരസ്കാരത്തിനായി അപേക്ഷിക്കാൻ കഴിയില്ലെന്ന് ശരത് പറയുന്നു.
ശബ്ദമിശ്രണത്തിലേയ്ക്ക്
സി.എം.എസ് കോളേജിലെ പഠനകാലമാണ് വഴിത്തിരിവായത്. അന്ന് വിദ്യാർത്ഥികൾ ചേർന്ന് പുറത്തിറക്കിയ ഗാനം ആലപിച്ചത് ഞാനായിരുന്നു. കോളേജ് പരിസരമാണ് സൗണ്ട് എൻജിനീയറിംഗ് പഠനത്തിലേയ്ക്കുള്ള പ്രവേശനത്തിനുള്ള വഴിയൊരുക്കിയത്. തൃശൂർ ചേതന സ്റ്റുഡിയോയിൽ ഡിപ്ലോമ പഠിച്ച ശേഷം മുംബൈ പ്രവർത്തനമേഖലയാക്കുകയായിരുന്നു.
നൂറിലധികം സിനിമകൾ
കഴിഞ്ഞ പത്ത് വർഷത്തിലധികമായി മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശരത് നൂറിലധികം സിനിമകളുടെ ശബ്ദസാങ്കേതികപ്രവർത്തനത്തിൽ പങ്കാളിയായിട്ടുണ്ട്. ബാഹുബലി ഒന്നാം ഭാഗത്തിൽ അസോസിയേറ്റ് മിക്സ് എൻജിനിയറായി. റസൂൽ പൂക്കുട്ടിയുമായി ചേർന്ന് മൂന്നുസിനിമകളിൽ പ്രവർത്തിച്ചു. റഹ്മാനൊപ്പം ഷിക്കാര, സച്ചിൻ തുടങ്ങിയ ബോളിവുഡ് സിനിമകളിലും ദുബായ് എക്സ്‌പോയിലെ സംഗീതപരിപാടിയിലും പ്രവർത്തിച്ചു.
ആടുജീവിതത്തിലേയ്ക്കുള്ള വരവ്
മലയാളത്തിൽ കമ്മാരസംഭവം ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ റസൂൽപ്പൂക്കുട്ടിയുമായുള്ള പരിചയം ഗുണകരമായി. ഇത്രയും വലിയൊരു സിനിമയിലേയ്ക്ക് അവസരം ലഭിച്ചപ്പോൾ മറ്റെല്ലാ പ്രോജക്ടുകളും മാറ്റിവച്ച് സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 400 മണിക്കൂറോളം വേണ്ടിവന്നു ശബ്ദ മിശ്രണം പൂർത്തിയാക്കാൻ. പ്രേക്ഷകരോടും സംവിധായകൻ ബ്ളസിയോടും റസൂൽപ്പൂക്കുട്ടി ഉൾപ്പെടെയുള്ളവരോടും നന്ദിയുണ്ട്.
ആടുജീവിത്തിലെ വെല്ലുവിളി
ഔട്ട് ഡോർ സീനുകൾ ഏറെയുള്ളതിനാൽ പുതിയ എഫക്ടുകൾ ചെയ്യേണ്ടിവന്നു. ഞാനെന്ന മനുഷ്യനെ അടിമുടി അപ്ഡേറ്റ് ചെയ്തു. മറ്റ് സിനിമകളിൽ മ്യൂസികിനെ ആശ്രയിക്കുമ്പോൾ, നടന്ന സംഭവമായതിനാൽ ഇമോഷനെ കൂടുതൽ കൂട്ടുപിടിക്കേണ്ടിവന്നു. വൈകാരികത കൂട്ടി മിക്സ് ചെയ്യുകയെന്നത് വെല്ലുവിളിയായിരന്നു.
ദേശീയ പുരസ്കാരം
മുൻപ് സിങ്ക് സൗണ്ട്, സൗണ്ട് മിക്സ്, സൗണ്ട് ഡിസൈൻ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി പ്രത്യേക പുരസ്കാരം നൽകിയിരുന്നു. എന്നാൽ ഇത്തവണ സൗണ്ട് ഡിസൈന് മാത്രമായി പുരസ്കാരം ചുരുക്കി. ഇതോടെ മറ്റ് രണ്ട് കാറ്റഗറികളിൽ അപേക്ഷിക്കാൻപോലും കഴിയില്ല. മാനദണ്ഡങ്ങൾ മാറ്റണമെന്നാവശ്യപ്പെട്ട് പാനിന്ത്യ ലെവലിൽ മന്ത്രാലയത്തിന് നിവേദനം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |