മേപ്പാടി: ഓട്ടം വിളിച്ചശേഷം കൂലി കൂടുതൽ ആവശ്യപ്പെട്ട ആരോപിച്ച് സംഘംചേർന്ന് മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. വെങ്ങപ്പള്ളി, ചൂരിയാറ്റ കല്ലട പ്രശാന്ത് (20) നെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രശാന്തിന്റെ സുഹൃത്ത് അനീഷ് നേരത്തെ അറസ്റ്റിൽ ആയിരുന്നു. ഓഗസ്റ്റ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രശാന്തും അനീഷും കൽപ്പറ്റയിൽ നിന്നും വെങ്ങപ്പള്ളിയിലേക്ക് ഓട്ടോറിക്ഷ ട്രിപ്പ് വിളിക്കുകയായിരുന്നു. വെങ്ങപ്പള്ളിയിൽ എത്തിയശേഷം കൂലി കൂടുതലാണെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറുമായി തർക്കത്തിൽ ഏർപ്പെടുകയും ഇരുവരുംചേർന്ന് ഓട്ടോ ഡ്രൈവർ കാവുമന്ദം സ്വദേശി ഷാജിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കല്ലുകൊണ്ട് ഓട്ടോ ഡ്രൈവറുടെ തലയിലിടിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ഷാജി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു. കൽപ്പറ്റ എസ്.ഐ. ടി. അനീഷ്, എസ്.സി.പി.ഒ ദിനേഷ്, സി.പി.ഒമാരായ ലിൻരാജ്, ടി. അനസ്, എം.കെ. ബിനു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഓപ്പറേഷൻ ഡി ഹണ്ട് തുടരുന്നു;
29 കേസുകളിൽ 30പേർ അറസ്റ്റിൽ
കൽപ്പറ്റ: ജില്ലയിൽ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിന് ഭാഗമായി പൊലീസ് നടത്തിവരുന്ന 'ഓപ്പറേഷൻ ഡി ഹണ്ട് തുടരുന്നു. മൂന്ന് ദിവസങ്ങൾക്കിടെ വിവിധ സ്‌റ്റേഷനുകളിൽ 29 കേസുകൾ രജിസ്റ്റർ ചെയ്തു. 30പേരെ പിടികൂടി. വിൽപ്പനക്കായി എം.ഡി.എം.എ, കഞ്ചാവ് എന്നിവ സൂക്ഷിച്ചതിനും കഞ്ചാവ് നിറച്ച ബീഡി വലിച്ചതിനുമടക്കമാണ് ഇത്രയുംപേരെ പിടികൂടിയത്. വൈത്തിരി പൊലീസ് വ്യാഴാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. വൈത്തിരി സ്വദേശികളായ പൂക്കോട് പറമ്പൂർ വീട്ടിൽ അജ്മൽ റിസ് വാൻ (26), തൈലക്കുന്ന് ഓടുമല കുണ്ടിൽ വീട്ടിൽ ഒ.എ. അഫ്സൽ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിൽപ്പനക്കായി സൂക്ഷിച്ച 6.28 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. വൈത്തിരി നരിക്കോട് മുക്കിൽ വെച്ചാണ് ഇവർ പിടിയിലായത്. വെയ്റ്റിംഗ് ഷെഡിൽ ഇരിക്കുകയായിരുന്ന പ്രതികൾ പൊലീസിനെ കണ്ടതോ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തിയത്. ഓപ്പറേഷൻ ഡീ ഹണ്ടിന്റെ ഭാഗമായുള്ള പരിശോധ വരുംദിവസങ്ങളിലും തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി തപോ ബസുമധാരി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |