തിരുവനന്തപുരം: കെഎസ്ആർടിസിയുടെ വരുമാനം കൂട്ടാനുള്ള പുതിയ പദ്ധതിയുമായി മന്ത്രി കെബി ഗണേഷ് കുമാർ. ഓണക്കാലത്ത് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് 58 അധിക അന്തർ സംസ്ഥാന സർവീസുകൾ മന്ത്രി പ്രഖ്യാപിച്ചു. ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുവേണ്ടിയാണ് സ്പെഷ്യൽ സർവീസുകൾ. അടുത്തമാസം ഒൻപതുമുതൽ 23 വരെയാണ് സ്പെഷ്യൽ സർവീസുകൾ. കഴിഞ്ഞ വർഷം ഓണക്കാലത്ത് കെഎസ്ആർടിസി 71 കോടിരൂപയാണ് അധികമായി സമാഹരിച്ചത്. ഏറ്റവും ഉയർന്ന ഒരുദിവസത്തെ കളക്ഷൻ 8.48 കോടി രൂപയായിരുന്നു. ഇത്തവണ അതിലും കൂടുതൽ നേടുകയാണ് ലക്ഷ്യം.
ഉത്സവസീസണുകളിൽ സ്വകാര്യ ബസുടമകൾ നിരക്ക് വർദ്ധിപ്പിച്ചതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. സ്വകാര്യ ബസ് ഓപ്പറേറ്റർമാരെപ്പോലെ കെഎസ്ആർടിസി ഓണക്കാലത്ത് കൂടിയ നിരക്ക് ഈടാക്കില്ലെന്നും എല്ലാ പ്രധാന ഡിപ്പോകളിൽ നിന്നും ബസ് സർവീസുകൾ ഉണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസി പ്രതിദിനം തൊണ്ണൂറിലധികം അന്തർസംസ്ഥാന ബസ് സർവീസുകൾ നടത്തുന്നുണ്ട്. കെഎസ്ആർടിസിക്കൊപ്പം കർണാടക ആർടിസിയും സീസണിൽ കൂടുതൽ സർവീസുകൾ നടത്തുന്നുണ്ട്. കർണാടക ആർടിസി സീസണിൽ 21 അധിക സർവീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
അതിനിടെ ഓണസമയത്തെ ചാർജ് കൂട്ടുന്നതിനെ ന്യായീകരിച്ച് ചില സ്വകാര്യ ബസുടമകൾ രംഗത്തെത്തിയിട്ടുണ്ട്. യാത്രക്കാർ കൂടുന്ന അനുകൂല സാഹചര്യം മുതലാക്കാൻ കുറച്ച് ഓപ്പറേറ്റർമാർ പെർമിറ്റുകൾ എടുക്കാറുണ്ട്. കൂടുതൽ ഡിമാൻസ് ഉള്ളപ്പോൾ ചാർജ് ചെറുതായി ഉയർത്തുന്നത് ബിസിനസിന്റെ ഒരു ഭാഗം മാത്രമാണെന്നും അവർ പറയുന്നുണ്ട്.
അതേസമയം, ഓണത്തിന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കെഎസ്ആർടിസിയും കൂട്ടിയിട്ടുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്. ചെന്നൈയിൽ നിന്ന് എറണാകുളത്തേക്കുള്ള ഗരുഡ ബസിന്റെ നിരക്ക് 1151 രൂപയായിരുന്നത് സെപ്റ്റംബർ 11 മുതൽ ഉത്രാടദിനമായ 14 വരെ 600 രൂപയോളം കൂട്ടിയിട്ടുണ്ട്.നോൺ എസി സൂപ്പർ ഡീലക്സ് സ്പെഷ്യൽ സർവീസിൽ നിരക്ക് മുന്നൂറുരൂപയാണ് കൂട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |