ഒറ്റപ്പെട്ടതെന്ന് തള്ളരുത്
തിരുവനന്തപുരം: ഹേമ റിപ്പോർട്ടിൽ 'അമ്മ'യിലെ ആർക്കെങ്കിലുമെതിരെ പരാതി വന്നിട്ടുണ്ടെങ്കിൽ അവർ അഗ്നിശുദ്ധി വരുത്തി തെളിയിക്കട്ടെയെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് ജഗദീഷ്. കേസെടുക്കാൻ കോടതി പറഞ്ഞാൽ അവർക്കെതിരെ അച്ചടക്ക നടപടിക്ക് അമ്മ തയാറാണ്.
വിഷയത്തിൽ അമ്മയിലെ ഭിന്നാഭിപ്രായം ഇതോടെ പുറത്തുവന്നു. ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞതിനെ വിമർശിച്ചാണ് ജഗദീഷ് തുറന്നടിച്ചത്.
റിപ്പോർട്ട് അന്നുതന്നെ പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ ഇക്കാലം കൊണ്ടു വലിയ മാറ്റമുണ്ടായേനെ. വാതിലിൽ മുട്ടിയെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് മാറ്റിനിറുത്തരുത്. പല തൊഴിലിടങ്ങളിലും ഇങ്ങനെയില്ലേ എന്ന ചോദ്യം സമൂഹത്തിന് ചേർന്നതല്ല. പവർ ഗ്രൂപ്പിനെപ്പറ്റി കേട്ടിട്ടില്ല. കാസ്റ്റിംഗ് കൗച്ച് ചിലർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവരത് പറയുമ്പോൾ അന്നു പറയാത്തതെന്താ എന്ന് ചോദിക്കാനാവില്ല. എപ്പോൾ വേണമെങ്കിലും പരാതി ഉന്നയിക്കാം.
ഹേമ കമ്മിറ്റിക്ക് മുന്നിൽ പറഞ്ഞത് പരാതിയായി അമ്മയ്ക്ക് ലഭിച്ചിട്ടില്ല. അതിനർത്ഥം ചൂഷണം നടന്നിട്ടില്ലെന്നല്ല. നടന്നിട്ടുണ്ടാകാം. അവർ തന്നെയാകണം പരാതിപ്പെട്ടത്. അത് എങ്ങനെയാണ് പരിഹരിക്കേണ്ടതെന്ന് ജസ്റ്റിസ് ഹേമ നിർദേശിച്ചാൽ അതും പരിഗണിക്കും. അവസരം നിഷേധിക്കപ്പെട്ടെന്ന് ഒരു നടിപറയുമ്പോൾ എന്തുകൊണ്ടെന്ന് അന്വേഷിക്കണം.
ദിലീപിന്റെ കേസിൽ സംഘടനയിൽ തീരുമാനം വരും മുൻപ് തന്നെ രാജിവച്ചു. അയാൾക്കെതിരെ പിന്നീട് അച്ചടക്ക നടപടി എടുക്കേണ്ട കാര്യമില്ല. കോടതിയാണ് ഇനി വിധി പറയേണ്ടത്. ഇന്റേണൽ കമ്മിറ്റി പഴുതുള്ള സംവിധാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |