അതിജീവിതമാർക്ക് അവർക്ക് ഉണ്ടായിട്ടുള്ള അനുഭവങ്ങളും അവർക്കെതിരെ ഉണ്ടായിട്ടുള്ള അക്രമങ്ങളും തുറന്നു പറയാനുള്ള ഒരു വേദി ഒരുങ്ങേണ്ടതാണെന്ന് മുരളി തുമ്മാരുകുടി. ഇക്കാര്യത്തിൽ പ്രത്യേക കോടതിയും സമയബന്ധിതമായ നടപടി ക്രമങ്ങളും ഉണ്ടായാൽ അതിജീവിതമാർ അതിനോട് സഹകരിക്കാനും കുറ്റം ചെയ്തവർക്ക് ശിക്ഷ കിട്ടാനും സാദ്ധ്യതയുണ്ട്. കുറ്റം ചെയ്യാത്തവർക്കാകട്ടെ അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ അവരുടെ പേരിലെ കളങ്കം ഒഴിവാക്കി കിട്ടുകയും ചെയ്യുമെന്നും അദ്ദേഹം കുറിച്ചു.
തുമ്മാരുകുടിയുടെ വാക്കുകൾ-
''തുറന്നു പറച്ചിലിന്റെ കോടതി
പ്രതീക്ഷിച്ച പോലെ കൂടുതൽ സ്ത്രീകൾ മലയാള സിനിമാരംഗത്ത് അവർക്കുണ്ടായ മോശമായ അനുഭവങ്ങൾ തുറന്നു പറയുകയാണ്. ഏറെ നടൻമാർ, സംവിധായകർ, സംഘടനാഭാരവാഹികൾ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് എന്നിങ്ങനെ സിനിമാലോകത്തിന് ചുറ്റും കറങ്ങുന്നവർ ഒക്കെ അഭിനയമോഹം ഉള്ളവരിൽ നിന്നും സെക്സ് അവകാശമായി കാണുന്നവർ ആണെന്നാണ് തെളിഞ്ഞുവരുന്നത്.
ഈ വിഷയത്തിന്റെ തുടക്കത്തിൽ തന്നെ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. മറ്റുള്ളവരുടെ മേൽ അധികാരമുള്ളവർ ഇത്തരത്തിൽ ഒരാളോട് പെരുമാറിയിട്ടുണ്ടെങ്കിൽ അത് ഒറ്റപ്പെട്ട സംഭവം ആകില്ല, ഒരു പാറ്റേൺ ആകാനാണ് സാധ്യത.
അമേരിക്കയിലെ ജിംനാസ്റ്റ് രംഗത്തെ പ്രതിഭകളുടെ, അമേരിക്കൻ ഒളിംപിക് അസോസിയേഷന്റെ ഉൾപ്പടെ, ടീം ഡോക്ടർ ആയിരുന്നു ഡോക്ടർ ലാറി നാസ്സർ. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകൾ മുതൽ രണ്ടായിരത്തി പതിനെട്ടിൽ അറസ്റ്റ് ചെയ്യപ്പെടുന്നത് വരെ ഇയാൾ ഇരുനൂറ്റി അറുപത്തി അഞ്ച് ജിംനാസ്റ്റുകളെ ആണ് ലൈംഗികമായി ദുരുപയോഗം ചെയ്തത്. ഇവരിൽ ഒളിമ്പിക് മെഡൽ ജേതാക്കൾ കൂടി ഉണ്ടായിരുന്നു. ഇവരിൽ ഒളിമ്പിക് മെഡൽ ജേതാക്കൾ കൂടി ഉണ്ടായിരുന്നു. ഹോളിവുഡ് രംഗത്തെ അതികായനായിരുന്ന Harvey Weinstein നെതിരെ പരാതി പെട്ടത് എൺപത് സ്ത്രീകൾ ആയിരുന്നു. അയാളുടെ പീഡന പരമ്പര മുപ്പത് വർഷം നീണ്ടു. (ഇവർ രണ്ടുപേരും ഇപ്പോൾ ജയിലിൽ ആണ്, നാസറിന് ലഭിച്ചിരിക്കുന്ന ശിക്ഷ മുന്നൂറിൽ ഏറെ വർഷം ജയിൽ വാസം ആണ്, അമേരിക്കയിൽ ആയതിനാൽ അയാൾ ഇനി സ്വന്ത്രമായി ഒരു ദിവസം പോലും ജീവിക്കില്ല).
ഇത് തന്നെ ആകും നമ്മുടെ കാര്യവും. കേട്ടിടത്തോളം പതിറ്റാണ്ടുകൾ ആയി തുടരുന്ന രീതിയാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടം മുതൽ ന്യൂ ജെൻ വരെ ഉള്ള ആളുകൾ ആരോപണവിധേയർ ആയി രംഗത്ത് ഉണ്ട്. സിനിമയിൽ അഭിനയിക്കാൻ മാത്രമല്ല സിനിമയിൽ അഭിനയിച്ചവർക്ക് സിനിമാതാരങ്ങളുടെ സംഘടനയിൽ അംഗമാകാൻ പോലും സംഘടനാഭാരവാഹികൾ ശരീരം ആവശ്യപ്പെട്ടു എന്നും ചെറുത്തവർക്ക് അംഗത്വം നൽകിയില്ല എന്നുമൊക്കെയാണ് പരാതികൾ വരുന്നത്.
ഇക്കണക്കിന് ഇപ്പോൾ ജീവിച്ചിരിക്കുന്നവരുടെ കാര്യം എടുത്താൽ പോലും ലൈംഗിക അക്രമങ്ങൾ നടത്തിയവർ ഡസൻ കണക്കിന് ഉണ്ടാകും, ലൈംഗിക അതിക്രമത്തിന് ഇരയായവർ നൂറു കണക്കിനും. (തെറ്റായി പെരുമാറിയവർ മരിച്ചുപോയിട്ടുണ്ടെങ്കിൽ പോലും ആ പ്രവർത്തികളെ പറ്റി തുറന്നു പറയണം എന്നാണ് എൻ്റെ അഭിപ്രായം, കാരണം അതിജീവിതമാർ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവരുടെ മനസ്സിലെ മുറിവായി അത് കിടക്കും, കുറ്റം ചെയ്തവർ മരിച്ചുപോയത് കൊണ്ട് അതിജീവിതമാർക്ക് അതൊരു ക്ലോഷർ ആകുന്നില്ല. കുറ്റം ചെയ്തിട്ടുള്ളവർ കുഴിമാടത്തിൽ നല്ല റെപ്യൂട്ടേഷനോടെ കിടക്കേണ്ട ആവശ്യവുമില്ല).
ഇത്തരത്തിൽ ഉള്ള ഓരോ കുറ്റകൃത്യവും നമ്മുടെ സാധാരണ കോടതിയുടെ കടന്നു പോകണമെങ്കിൽ അത് ഇപ്പോൾ ഈ വിഷയത്തിൽ ഉൾപ്പെട്ട ആരോപണവിധേയരും അതിജീവിക്കുന്നവരും ജീവിച്ചിരിക്കുന്ന കാലത്ത് സാധ്യമായി എന്ന് വരില്ല. അത് അതിജീവിതമാർക്കും ആരോപണവിധേയർക്കും നല്ലതല്ല.
അതുകൊണ്ട് തന്നെ നമുക്ക് ആദ്യം വേണ്ടത് അതിജീവിതമാർക്ക് അവർക്ക് ഉണ്ടായിട്ടുള്ള അനുഭവങ്ങളും അവർക്കെതിരെ ഉണ്ടായിട്ടുള്ള അക്രമങ്ങളും തുറന്നു പറയാനുള്ള ഒരു വേദിയാണ്. സൗത്ത് ആഫ്രിക്കയിലെ ട്രൂത്ത് കമ്മീഷന്റെ മോട്ടോ ആയിരുന്ന "Revealing is healing" ആണ് എനിക്ക് ഓർമ്മ വരുന്നത്. പൊതു സമൂഹം ജഡ്ജ്‌മെന്റൽ അല്ലാതെ അവരെ കേൾക്കുന്നു, തുറന്നു പറയുന്നത് കൊണ്ട് അവർക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തുന്നു എന്നുള്ളത് തന്നെ ശരിയായ ദിശയിലേക്കുള്ള ഒരു പടിയാണ്.
രണ്ടാമത്തേത് തുറന്നു പറയുന്നവരെ കോടതികളിലൂടെ ഡിഫമേഷൻ കേസ് നടത്തിയോ, പ്രൊഫഷനൽ രംഗത്ത് അവസരങ്ങൾ ഇല്ലാതാക്കിയോ പീഡിപ്പിക്കില്ല എന്ന് ഉറപ്പ് വരുത്തുകയാണ്. ഇതിൽ രണ്ടാമത്തേതിന് നമ്മുടെ സിനിമരരംഗം ശുദ്ധീകരിക്കുക മാത്രമേ മാർഗ്ഗം ഉള്ളൂ. പക്ഷെ തുറന്നു പറയുന്നവർക്കെതിരെ മനനഷ്ടക്കേസുകൾ വരുമ്പോൾ അവർക്ക് വേണ്ടത്ര സൗജന്യ നിയമസഹായം സമൂഹത്തിന് ഉറപ്പ് നൽകാനാകണം. അതി സമ്പന്നരായ ആരോപണവിധേയരോട് കോടതിയിൽ ഏറ്റുമുട്ടാൻ തികച്ചും സാധാരണക്കാരായ അതിജീവിതമാർക്ക് പറ്റില്ല എന്ന് നാം അംഗകീകരിക്കണം.
മൂന്നാമത്തേത് ഇത്തരത്തിൽ ഉള്ള തുറന്നു പറച്ചിലുകളിൽ ഔദ്യോഗികമായി പരാതി പറഞ്ഞു കോടതി സംവിധാനത്തിലൂടെ ക്രിമിനൽ കേസ് നടത്താൻ താല്പര്യം ഉള്ളവർക്ക് അതിന് വേണ്ടി മാത്രം സമയബന്ധിതമായി ഒരു ട്രിബ്യുണൽ ഉണ്ടാക്കുക എന്നതാണ്. സ്വന്തം പ്രൊഫഷനിൽ ഇനിയും പ്രതീക്ഷ ഉളള അതിജീവിതമാർ ഉണ്ട്, അതിന് ചിലവാക്കേണ്ട സമയം ഇനിയുള്ള നാൾ കോടതി വരാന്തയിൽ ചിലവാക്കാൻ അവർക്ക് താല്പര്യം ഉണ്ടാകില്ല. പക്ഷെ ഇക്കാര്യത്തിൽ പ്രത്യേക കോടതിയും സമയബന്ധിതമായ നടപടി ക്രമങ്ങളും ഉണ്ടായാൽ അതിജീവിതമാർ അതിനോട് സഹകരിക്കാനും കുറ്റം ചെയ്തവർക്ക് ശിക്ഷ കിട്ടാനും സാധ്യതയുണ്ട്. കുറ്റം ചെയ്യാത്തവർക്കാകട്ടെ അവർ ജീവിച്ചിരിക്കുമ്പോൾ താനെന്ന അവരുടെ പേരിലെ കളങ്കം ഒഴിവാക്കി കിട്ടുകയും ചെയ്യാമല്ലോ.
ഓരോ ദിവസവും കൂടുതൽ തുറന്നു പറച്ചിൽ വരുന്ന സാഹചര്യത്തിൽ അതിജീവിതമാരുടെയും ആരോപണവിധേയരുടെയും അവരുടെ കർമണ്ഡലങ്ങളുടെയും ഒരു മാട്രിക്സ് ഉണ്ടാക്കണം. കൃത്യമായ പാറ്റേണുകൾ തെളിഞ്ഞു വരും. മാദ്ധ്യമങ്ങളുടെ അന്വേഷണം അവിടെ കേന്ദ്രീകരിച്ചാൽ മതി, ഒളിഞ്ഞിരിക്കുന്ന സ്രാവുകൾ ഒക്കെ പുറത്തു വരും.
ഒത്തുപിടിച്ചാൽ....
മുരളി തുമ്മാരുകുടി''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |