ജോർജ് ടൗൺ: മാക്സ് 60 കരീബിയൻ ടി -10 ലീഗ് മത്സരത്തിനിടെ ഔട്ടായതിന്റെ ദേഷ്യത്തിൽ ഹെൽമറ്റ് ബാറ്റ് കൊണ്ട് അടിച്ചു പറത്തി ന്യൂയോർക്ക് സ്ട്രൈക്കേഴ്‌സിന്റെ വെസ്റ്റിൻഡീസ് താരം കാർലോസ് ബ്രാത്ത്‌വെയ്റ്റ്. ഗ്രാൻഡ് കെയ്മൻ ജാഗ്വേഴ്‌സിനെതിരായ ക്വാളിഫയർ പോരാട്ടത്തിനിടെയാണ് സംഭവം. സ്ട്രൈക്കേഴ്‌സിനറെ ഇന്നിംഗ്സിലെ 9-ാം ഓവറിൽ ജാഗ്വേഴ്സിന്റെ ഐറിഷ് പേസർ ജോഷ്വാ ലിറ്റിലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഡങ്ക് ക്യാച്ചെടുത്താണ് ബ്രാത്ത്‌വെയ്‌റ്റ് പുറത്തായത്. എന്നാൽ പന്ത് ബ്രാത്ത്‌വെയ്റ്റിന്റെ തോളിലാണ് കൊണ്ടെതെന്ന് ടി.വി റീപ്ലേകളിൽ വ്യക്തമായിരുന്നു. ഇതിനെ തുടർന്നാണ് ബ്രാത്ത്‌വെയ്‌റ്റ് നിലവിട്ട് പെരുമാറിയത്. അമ്പയറോട് അനിഷ്ടം പ്രകടമാക്കിയ ബ്രാത്ത്‌വെയ്റ്റ് ഡഗൗട്ടിലേക്ക് മടങ്ങുന്നതിനിടെ ഹെൽമറ്റ് ബാറ്റ് കൊണ്ട് അടിച്ചു പറത്തുകയായിരുന്നു. പിന്നാലെ ബാറ്റും വലിച്ചെറിഞ്ഞു. ഔട്ടായതിന് തൊട്ടുമുൻപിലെ ബാളിൽ ബ്രാത്ത്‌വെയ്റ്റ് സിക്സടിച്ചിരുന്നു. 5 പന്തിൽ 7 റൺസാണ് താരം നേടിയത്. അതേസമയം മത്സരത്തിൽ ബ്രാത്ത്‌വെയ്റ്റിന്റെ സ്ട്രൈക്കേഴ്സ് 8 റൺസിന്റെ ജയം നേടി ഫൈനലിലെത്തി. ആദ്യം ബാറ്റു ചെയ്ത സ്ട്രൈക്കേഴ്സ് 10 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുത്തു. മറുപടിക്കിറങ്ങിയ ജാഗ്വേഴ്സിന് 96 റൺസെടുക്കാനേ സാധിച്ചുള്ളൂ. ബ്രാത്ത്‌വെയ്റ്റിനെതിരെ നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |