ബീജിംഗ് : ചൈനയിൽ തെരുവു പൂച്ചകളെ സ്‌റ്റീൽ അമ്പുകൾ കൊണ്ട് ആക്രമിച്ച് അജ്ഞാതർ. ഷെജിയാംഗ് പ്രവിശ്യയിലെ ഹാങ്ങ്ഷൂവിലാണ് നടുക്കുന്ന സംഭവം. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ നിരവധി പൂച്ചകളെയാണ് ശരീരത്തിൽ ചെറിയ സ്‌റ്റീൽ അമ്പുകൾ തറച്ച് ജീവനറ്റ നിലയിൽ കണ്ടെത്തിയത്. ചില പൂച്ചകളെ ഗുരുതര പരിക്കുകളോടെ രക്ഷിക്കാനായി. പത്തിലേറെ അമ്പുകൾ തറച്ച നിലയിൽ പൂച്ചകുട്ടിയുടെ മൃതശരീരം കണ്ടെത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.
ഈ മാസം 13 മുതലാണ് സംഭവങ്ങളുടെ തുടക്കമെന്ന് കരുതുന്നു. ജീർണിച്ച നിലയിലും പൂച്ചയുടെ മൃതശരീരം കണ്ടെത്തി. പൂച്ചകൾക്കെതിരെ ക്രൂരതകൾ കാട്ടുന്നവരെ കണ്ടെത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പൂച്ചകളെ കൊന്നൊടുക്കുന്ന അക്രമികൾ മനുഷ്യരെ ആക്രമിക്കുമോ എന്ന ഭീതിയുമുണ്ട്.
നിരുപദ്രവകാരികളായ ജീവികളെ ദ്രോഹിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ നടപടികളുണ്ടായിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം, സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ഷിപ്പിംഗ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ 20കാരനായ മകൻ കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ പിടിയിലായെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ പറയുന്നു.
ഇയാൾ കുറ്റക്കാരനാണെങ്കിലും ശിക്ഷയൊന്നും ലഭിച്ചേക്കാനിടയില്ലെന്നാണ് വിലയിരുത്തൽ. കാരണം, ചൈനയിലെ ആന്റി ആനിമൽ അബ്യൂസ് നിയമത്തിന് കീഴിൽ തെരുവു പൂച്ചകൾ ഉൾപ്പെടുന്നില്ല. വൈൽഡ് ആനിമൽസ് പ്രൊട്ടക്ഷൻ നിയമത്തിന് കീഴിൽ കാട്ടുമൃഗങ്ങളുടെ കൂട്ടത്തിലാണ് തെരുവു പൂച്ചകളെ തരംതിരിച്ചിട്ടുള്ളത്.
അതേ സമയം, മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരകൃത്യങ്ങൾ ചൈനയിൽ വർദ്ധിക്കുന്നതായാണ് കണക്ക്. ഈ മാസം ആദ്യം ഫുജിയാൻ പ്രവിശ്യയിൽ ഒരാൾ തെരുവു പൂച്ചയെ അജ്ഞാത ദ്രാവകം ഒഴിച്ചു കൊന്നിരുന്നു. ത്വക്കിനും ആന്തരികാവയവങ്ങൾക്കും ഗുരുതരമായ പൊള്ളലേറ്റാണ് പൂച്ച ചത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |