തിരുവനന്തപുരം: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പറയുന്നതല്ല ബിജെപിയുടെ നിലപാടെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. രഞ്ജിത്തും സിദ്ദിഖും രാജി വച്ചിട്ടുണ്ടെങ്കിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മുകേഷിന്റെ രാജി എഴുതി വാങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'എംഎൽഎയായ മുകേഷിന്റെ നേരെയും ആരോപണം ഉയർന്ന സ്ഥിതിയ്ക്ക് അദ്ദേഹത്തിന്റെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങണം. നടനും മന്ത്രിയും എന്ന നിലയിൽ സുരേഷ് ഗോപിയ്ക്ക് അദ്ദേഹത്തിന്റെ നിലപാട് ഉണ്ട്. പക്ഷേ ഞങ്ങളെ സംബന്ധിച്ച് പാർട്ടിയുടെ നിലപാടാണ് പ്രാധാന്യം. അത് പാർട്ടി നേതൃത്വം പറയുന്നതാണ്. മുകേഷ് രാജിവയ്ക്കണം. രഞ്ജിത്തും സിദ്ദിഖും രാജിവച്ചലോ? അപ്പോൾ മുകേഷും രാജിവയ്ക്കണം. മുകേഷിനെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഒരു കോൺക്ലേവും ഇവിടെ നടക്കില്ല.
സുരേഷ് ഗോപിയുടെ അഭിപ്രായത്തെ വിലകുറച്ച് കാണുന്നില്ല. വേട്ടക്കാരന്റെ സ്വകാര്യത എന്തിനാണ് സർക്കാർ സംരക്ഷിക്കുന്നത്, ചലച്ചിത്രമേഖലയിൽ നല്ല എത്രയോ പ്രമുഖരുണ്ട്. അവരും ഇപ്പോൾ സംശയത്തിന്റെ മുനയിലാണ്. കുറ്റക്കാർക്കെതിരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. തെറ്റ് ചെയ്യാത്തവരെ പോലും സംശയത്തിന്റെ മുനയിൽ നിർത്തുന്നത് സർക്കാരാണ്. മാദ്ധ്യമങ്ങളെ ഇതിന് കുറ്റം പറയേണ്ട കാര്യമില്ല. മുകേഷ് രാജിവയ്ക്കണമെന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളത് ', - കെ സുരേന്ദ്രൻ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് കോടതി തീരുമാനിക്കുമെന്നാണ് സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടൻന്മാർക്കെതിരെ ഉയർന്ന വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമ്മ അസോസിയേഷനിൽ നിന്ന് ഇറങ്ങി വരുമ്പോഴാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടാതെ മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവും കേന്ദ്രമന്ത്രി നടത്തിയിരുന്നു.
'നിങ്ങളുടെ മീഡിയയ്ക്കുള്ള ഒരു തീറ്റയാണിത്. നിങ്ങൾ അത് വച്ച് കാശ് ഉണ്ടാക്കിക്കോള്ളൂ. പക്ഷേ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് നിങ്ങൾ. വിഷയം കോടതിയിൽ ഉണ്ടെങ്കിൽ കോടതി തീരുമാനിക്കും. നിങ്ങൾ ആടിനെ തമ്മിൽ തല്ലിച്ച് ചോര കൂടിക്കുക മാത്രമല്ല, ഒരു സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ച് വിടുകയാണ്. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നത്. നിങ്ങൾ ആരോടാണ് സംസാരിക്കുന്നത്. നിങ്ങൾ കോടതിയാണോ? കോടതി തിരുമാനിക്കും. ഞാൻ പറയാനുള്ളത് പറഞ്ഞു',- സുരേഷ് ഗോപി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |