അബുദാബി: മലയാളികളടക്കം ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളാണ് പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി യുഎഇയിൽ ജോലി ചെയ്യുന്നത്. പ്രവാസ ജീവിതം നയിക്കുന്നവർ ഏറെ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ഒന്നായിരിക്കും നാട്ടിലെത്താനും കുടുംബത്തെ കാണാനും അവധി ലഭിക്കുകയെന്നത്. ഇപ്പോഴിതാ പ്രവാസികൾക്ക് സന്തോഷവാർത്തയുമായി നബിദിനത്തോടനുബന്ധിച്ച് യുഎഇയിൽ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
പൊതുമേഖലയിൽ ജോലി ചെയ്യുന്നവർക്ക് സെപ്‌തംബർ 15 ഞായറാഴ്‌ചയാണ് നബിദിനത്തിന്റെ അവധി നൽകുന്നത്. ശമ്പളത്തോടുകൂടിയ അവധിയാണ് നൽകുന്നത്. ദി ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഇത് സംബന്ധിച്ച സർക്കുലർ ഇന്നലെ പുറത്തിറക്കി. സ്വകാര്യ മേഖലയ്ക്കും ഇതേദിവസം തന്നെ അവധിയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തുവരുമെന്നാണ് വിവരം.
ഇസ്ളാമിക് കലണ്ടറിലെ മൂന്നാം മാസത്തിൽ 12 റബി ഉൽ അവ്വൽ 1444നാണ് ഗൾഫ് രാജ്യങ്ങളടക്കമുള്ള ഇസ്ളാമിക് രാജ്യങ്ങളിൽ നബിദിനം ആചരിക്കുന്നത്. മലയാളികൾക്ക് ഇത്തവണ ഇരട്ടിമധുരമാണ്. സെപ്തംബർ 15നാണ് തിരുവോണം. പിറ്റേദിവസം നബിദിനവും കൂടി ചേർത്ത് രണ്ട് ദിവസത്തെ അവധി ആഘോഷിക്കാം.
നബിദിനത്തിന് ശേഷം ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ നിവാസികൾക്ക് ഡിസംബറിലാണ് പിന്നീട് നീണ്ട അവധി ലഭിക്കുന്നത്. ഡിസംബർ രണ്ട്, മൂന്ന് തീയതികളിലായി യഥാക്രമം തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് അവധി വരുന്നത്. ഇതിനൊപ്പം ശനി, ഞായർ വാരാന്ത്യ ദിനങ്ങൾ കൂടി ചേരുമ്പോൾ നാല് ദിവസത്തെ അവധി ലഭിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |