പാറ്റ്ന: ബീഹാറിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിന് നേരെ കൂട്ടബലാത്സംഗശ്രമം നടന്നു. അക്രമിയുടെ സ്വകാര്യ ഭാഗത്ത് ബ്ലേഡ് ഉപയോഗിച്ച് പരിക്കേൽപ്പിച്ച ശേഷമാണ് നഴ്സ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്ന് ബീഹാർ പൊലീസ് അറിയിച്ചു. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് പിന്നാലെ ഡോക്ടർമാരുടെ സംഘടന രാജ്യവ്യാപക പ്രതിഷേധത്തിനും അനിശ്ചിതകാല പണിമുടക്കും നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഈ സംഭവവും നടക്കുന്നത്.
അക്രമികളിൽ ഒരാൾ ഡോക്ടറാണെന്നും സമസ്തിപൂർ ജില്ലയിലെ മുസ്രിഘരാരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗംഗാപൂരിൽ ആർബിഎസ് ഹെൽത്ത് കെയർ സെന്റർ അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചയാളാണെന്നും ബീഹാർ പൊലീസ് അറിയിച്ചു. സഞ്ജയ് കുമാർ എന്നാണ് ഡോക്ടറുടെ പേര്. ഇയാളും രണ്ട് അനുയായികളും ചേർന്ന് മദ്യലഹരിയിൽ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷം നഴ്സ് ആശുപത്രിയിലെ ജോലി മതിയാക്കിയെന്നും പൊലീസ് പറയുന്നു.
ബ്ലേഡ് ഉപയോഗിച്ച് ഡോക്ടറുടെ ജനനേന്ദ്രിയത്തിൽ മുറിവുണ്ടാക്കിയ ശേഷമാണ് നഴ്സ് ആക്രമികളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്. ആദ്യം ആശുപത്രിക്ക് പുറത്തുള്ള ഒരു സ്ഥലത്ത് ആരും കാണാതെ ഒളിച്ചിരുന്ന നഴ്സ് പിന്നീട് പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
നഴ്സിനെ സുരക്ഷിതമാക്കിയ ശേഷം പൊലീസ് സംഘം ആശുപത്രിയിലെത്തുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പാണ്ഡെ പറഞ്ഞു. ഡോക്ടറെ കൂടാതെ അവധേഷ് കുമാർ, സുനിൽ കുമാർ ഗുപ്ത എന്നിവരാണ് മറ്റ് രണ്ട് പ്രതികൾ.
പ്രാഥമിക അന്വേഷണത്തിൽ നഴ്സ് ഉപയോഗിച്ച ബ്ലേഡ്, രക്തം പുരണ്ട വസ്ത്രങ്ങൾ, ഒരു മദ്യക്കുപ്പി, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. സംഭവത്തിന് മുമ്പ് മൂന്ന് പേരും മദ്യപിച്ചിരുന്നതായും ബീഹാറിലെ ഡ്രൈ സ്റ്റേറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ നിരോധന നിയമപ്രകാരവും ഇവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |