ന്യൂഡൽഹി: 2022 നവംബറിൽ സീതാറാം യെച്ചൂരിയെ മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് വിശേഷിപ്പിച്ചത് 'ടു ഇൻ വൺ' ജനറൽ സെക്രട്ടറിയെന്നാണ്. സി.പി.എമ്മിന്റെ മാത്രമല്ല കോൺഗ്രസിന്റെയും. ചില അവസരങ്ങളിൽ സി.പി.എമ്മിലേതിനേക്കാൾ സ്വാധീനം യെച്ചൂരിക്ക് കോൺഗ്രസിലുണ്ടെന്ന് പറയാനും ജയറാം മടിച്ചില്ല. കോൺഗ്രസ് ദേശീയ നേതാക്കൾ യെച്ചൂരിയെ അത്രയേറെ ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളെ മാനിച്ചിരുന്നു.
'ഇന്ത്യ' മുന്നണിയുടെ പ്രകാശം
ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തിന്റെ ഐക്യനിര രൂപപ്പെടുത്തുന്നതിൽ യെച്ചൂരി നിർണായക പങ്കാണ് വഹിച്ചത്. 'ഇന്ത്യ' മുന്നണിയുടെ രൂപീകരണ ചർച്ചകളിൽ യെച്ചൂരി ശക്തമായ സാന്നിദ്ധ്യമായി. പ്രതിപക്ഷ നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ സൗമ്യമായ ഇടപെടലുകളും സൗഹാർദ്ദവും മുന്നണി രൂപീകരണത്തിന് ഇന്ധനമായി. മതേതര ജനാധിപത്യ ശക്തികൾ മുന്നോട്ടുവരണമെന്ന് കണ്ണൂർ പാർട്ടി കോൺഗ്രസിൽ അദ്ദേഹം ആഹ്വാനം ചെയ്‌തു. പ്രതിപക്ഷ മഹാറാലികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ചു. ബി.ജെ.പിയെ എതിർക്കാൻ വേണ്ടി മാത്രം തൃണമൂൽ കോൺഗ്രസുമായി ദേശീയതലത്തിൽ ചങ്ങാത്തത്തിന് തയ്യാറായി. ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം നേടിയ ശേഷം തൃണമൂൽ കോൺഗ്രസിന്റെ അതിക്രമങ്ങൾ അടക്കം വിഷയങ്ങൾ കൈകാര്യം ചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
രാഹുൽ സുഹൃത്ത്
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി അടുത്ത സൗഹൃദം സൂക്ഷിച്ച ഇടത് നേതാവാണ് യെച്ചൂരി. കേരളത്തിൽ പല്ലും നഖവും ഉപയോഗിച്ച് സി.പി.എമ്മും കോൺഗ്രസും ഏറ്റുമുട്ടുമ്പോഴും ഇരുനേതാക്കളുടെയും ബന്ധത്തെ അത് ഉലച്ചില്ല. പാർലമെന്റിനും പുറത്തും ഇരുവരും ഹസ്‌തദാനം ചെയ്യുന്നതിന്റെയും തമാശകൾ പറഞ്ഞ് ചിരിക്കുന്നതിന്റെയും ചിത്രങ്ങൾ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് അടക്കം കൗതുകമായി. 2017ൽ,രാജ്യസഭയിൽ മൂന്നാമതും യെച്ചൂരിയുടെ സജീവസാന്നിദ്ധ്യം ഉറപ്പാക്കാൻ കോൺഗ്രസിന് താത്പര്യമുണ്ടായിരുന്നു. പിന്തുണ നൽകാമെന്ന് അന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷനായിരുന്ന രാഹുൽ അറിയിച്ചു. രാജ്യസഭയിൽ രണ്ടു തവണ മാത്രം പാർട്ടി അംഗത്തിന് നൽകുന്ന കീഴ്‌വഴക്കം ലംഘിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി സി.പി.എം പിന്നോട്ട് പോയപ്പോൾ പ്രതിപക്ഷത്തിന് നഷ്‌ടപ്പെട്ടത് പാർലമെന്റിൽ ബി.ജെ.പിക്കെതിരെയുള്ള ഉറച്ച ശബ്‌ദമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |