കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലും തുടർന്നുള്ള പ്രശ്നങ്ങളിലും ഇടപെടണമെന്ന് ആവശ്യപ്പട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കത്തയച്ച് പ്രതിഷേധക്കാർ. ഭയപ്പെടാതെ ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നും സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. സംസ്ഥാന സർക്കാരിൽ നിന്ന് അനുകൂല നടപടി ലഭിക്കാത്ത പശ്ചാത്തലത്തിലാണ് പ്രതിഷേധക്കാരുടെ നീക്കം.
ബംഗാൾ ജൂനിയർ ഡോക്ടേഴ്സ് ഫ്രണ്ട് എഴുതിയ നാല് പേജുള്ള കത്തിന്റെ പകർപ്പ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനും കേന്ദ്രമന്ത്രി ജെ.പി നദ്ദയ്ക്കും അയച്ചു. ഓഗസ്റ്റ് ഒൻപതിനാണ് ക്രൂര മാനഭംഗത്തിനിരയായി ഡോക്ടർ കൊല്ലപ്പെട്ടത്. അന്ന് മുതൽ ജൂനിയർ ഡോക്ടർമാർ ഉൾപ്പെടെ പ്രതിഷേധം നടത്തിവരികയാണ്.
'പ്രതിഷേധം ആരംഭിച്ചതുമുതൽ സ്ഥാപനത്തിൽനിന്ന് ഭീഷണികളും അക്രമങ്ങളും വർദ്ധിച്ചു. പ്രയാസകരമായ ഈ സമയത്ത് നിങ്ങളുടെ ഇടപെടൽ എല്ലാവർക്കും പ്രകാശമാകും. ഇരുട്ടിൽ നിന്ന് മുന്നോട്ടുള്ള വഴികാട്ടിയാകും. ഏറ്റവും നിന്ദ്യമായ കുറ്റകൃത്യത്തിന് ഇരയായ ഞങ്ങളുടെ സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കും. അങ്ങനെ ആരോഗ്യ പ്രവർത്തകരായ ഞങ്ങൾക്ക് കടമകൾ ഭയമില്ലാതെ നിർവഹിക്കാൻ കഴിഞ്ഞേക്കും.' - കത്തിൽ എഴുതി.
മമതയുമായുള്ള കൂടിക്കാഴ്‌ച:
ഡോക്ടർമാർക്കിടയിൽ ഭിന്നത
വ്യാഴാഴ്‌ച മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള കൂടിക്കാഴ്‌ച അവസാനനിമിഷം ബഹിഷ്കരിച്ചതിൽ ഒരു വിഭാഗം ഡോക്ടർമാർക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. മമതയുമായുള്ള ചർച്ച ലൈവായി സംപ്രേഷണം ചെയ്യണമെന്ന ഡോക്ടർമാരുടെ ആവശ്യം സർക്കാർ നിരസിച്ചതിനാൽ ഡോക്ടർമാരുടെ സംഘം ഗേറ്റ് വരെ എത്തി തിരിച്ചു പോവുകായിരുന്നു. തുടർന്ന് മമത രാജി സന്നദ്ധത പ്രഖ്യാപിക്കുകയും ചെയ്‌തു. ഡോക്ടർക്ക് നീതി ലഭിക്കുകയാണ് തന്റെ ആവശ്യമെന്നും പറഞ്ഞിരുന്നു.
നാർക്കോ പരിശോധന
ആവശ്യം തള്ളി
അതിനിടെ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി സഞ്ജയ് റോയിയെ നാർക്കോ അനാലിസിസ് പരിശോധന നടത്താൻ അനുമതി തേടി സി.ബി.ഐ നൽകിയ അപേക്ഷ
കോടതി തള്ളി. പരിശോധന നടത്താൻ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (സി.എഫ്.എസ്.എൽ) നിന്ന് വിദഗ്ദ്ധ സംഘത്തെ കൊൽക്കത്തയിൽ എത്തിച്ചിരുന്നു. ഉത്തരവിനെതിരേ സി.ബി.ഐ മേൽക്കോടതിയെ സമീപിക്കും. സീൽദയിലെ അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് (എ.സി.ജെ.എം) അപേക്ഷ നൽകിയിരിക്കുന്നത്. ഇതിനായി പ്രതിയുടെ സമ്മതവും തേടിയിട്ടുണ്ട്. കേസിൽ ഇതുവരെ അറസ്റ്റിലായ ഏക പ്രതിയാണ് സഞ്ജയ് റോയ്.ഇയാളുടെ മൊഴിയിലെ വസ്തുതകൾ പരിശോധിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമാണ് നീക്കം. കഴിഞ്ഞ മാസം നുണപരിശോധന നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |