തൃശൂർ: ദേശീയപാതയിൽ യുവാക്കളെ മർദ്ദിച്ച് രണ്ടരക്കിലോഗ്രാം സ്വർണം കവർന്ന കേസിൽ പുതിയ വഴിത്തിരിവ്. കേസിലെ മുഖ്യപ്രതി ഉപയോഗിച്ചിരുന്നത് ഡിവൈഎഫ്ഐ നേതാവിന്റെ കാറാണെന്ന് കണ്ടെത്തി. ഡിവൈഎഫ്ഐ ടൗൺ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗവും, നാങ്കരമല യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ഷാഹുൽ ഹമീദിന്റെ വാഹനമാണ് പ്രതികൾ ഉപയോഗിച്ചത്. ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൃശൂർ പൊലീസ് ഷാഹുൽ ഹമീദിന്റെ തിരുവല്ലയിലെ വീട്ടിൽ തെരച്ചിൽ നടത്തുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കേസിലെ മുഖ്യപ്രതിയും യൂട്യൂബറുമായ തിരുവല്ലാ സ്വദേശി റോഷൻ (29) ഉൾപ്പെടെ അഞ്ച് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്തനംതിട്ട സ്വദേശി ഷിജോ വർഗീസ് (23), തൃശൂർ സ്വദേശികളായ സിദ്ദിഖ് (26), നിശാന്ത് (24), നിഖിൽ നാഥ് (36) എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികൾ. തൃശൂർ -പാലക്കാട് ദേശീയ പാതയിൽ ഈ മാസം 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കോയമ്പത്തൂരിൽ പണി കഴിപ്പിച്ച സ്വർണാഭരണങ്ങൾ തൃശൂരിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു ആക്രമണം. രണ്ട് കോടിയോളം രൂപ വിലവരുന്ന സ്വർണമാണ് പ്രതികൾ കവർന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
മൂന്ന് കാറുകളിലായി വന്ന കവർച്ചാസംഘം സ്വർണം തട്ടുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കാറിൽ ഉണ്ടായിരുന്ന സ്വർണ വ്യാപാരി തൃശൂർ കിഴക്കേക്കോട്ട സ്വദേശി അരുൺ സണ്ണിയെയും സുഹൃത്ത് റോജി തോമസിനെയും കത്തിയും കോടാലിയും കാട്ടി പ്രതികൾ ഭീഷണിപ്പെടുത്തുകയും ചുറ്റികകൊണ്ട് ആക്രമിക്കുകയും ചെയ്‌തു. തുടർന്ന് കാറിൽ നിന്ന് ഇരുവരെയും പുറത്തിറക്കിയ ശേഷം സ്വർണവും കാറും കടത്തിക്കൊണ്ടുപോവുകയായിരുന്നു. പുത്തൂരിൽ വച്ച് അരുൺ സണ്ണിയെയും പാലിയേക്കരയിൽ വച്ച് റോജി തോമസിനെയും പ്രതികൾ ഇറക്കിവിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |