കൊച്ചി: കലാഭവൻ മണിക്കുൾപ്പെടെ ഹിറ്റ് നാടൻപാട്ടുകളും ഭക്തിഗാനങ്ങളും ഒരുക്കിയ മുരളീധരൻ ഇരിങ്ങാലക്കുടയെന്ന മുരളീധരൻ ആശാൻ എൺപതാം വയസിലും സജീവമാണ്. ശിഷ്യർക്ക് പുറമെ കൊച്ചുമക്കൾ ഉൾപ്പെട്ട പുതുതലമുറയ്ക്കും പാട്ടിന്റെ പൈതൃകം പകരുന്നു.
രണ്ടായിരത്തിലേറെ നാടൻപാട്ടുകളും ഭക്തിഗാനങ്ങളും എഴുതിക്കഴിഞ്ഞു. നിരവധി പാട്ടുകൾക്ക് സംഗീതവും നൽകി. ആശാൻ വേദികളിൽ പാടാറുമുണ്ട്. പാട്ടുകൾ കേട്ടാണ് കലാഭവൻ മണി എഴുതാൻ ക്ഷണിച്ചത്. മണി പാടിയ 25 ഗാനങ്ങൾ മുരളീധരൻ ആശാൻ എഴുതിയതാണ്. ബാലേട്ടൻ മോളല്ലേടീ... എന്ന പാട്ടിന് സംഗീതവും നൽകി.
കലാപാരമ്പര്യമില്ലാത്ത സാധാരണ കുടുംബത്തിൽ ജനിച്ച മുരളീധരൻ ആശാന് സ്കൂൾ വിദ്യാഭ്യാസം മാത്രമേയുള്ളൂ. ഇരിങ്ങാലക്കുടയിലെ പൂനിലാ കലാസമിതിക്കുവേണ്ടി ഓണക്കളിക്കാണ് 24-ാം വയസിൽ ആദ്യമായി പാട്ടെഴുതിയത്. തുടർന്ന് നാടകങ്ങൾക്ക് പാട്ടെഴുതി. കാസറ്റുകൾ പുറത്തിറങ്ങിയതോടെ പ്രശസ്തനായി. പ്രണയം, ഭക്തി, വിരഹഗാനങ്ങൾ എഴുതിയിട്ടുണ്ട്. നിലവിൽ വീഡിയോ ആൽബത്തിനുള്ള രചനയിലാണ്.
വിധുപ്രതാപ്, പ്രദീപ് പള്ളുരുത്തി, ഹരിശങ്കർ തുടങ്ങിയവർ ആശാന്റെ പാട്ടുകൾ പാടിയിട്ടുണ്ട്. ഹരിശങ്കർ പാടിയ പ്രണയം മഴയായി പെയ്തുവെന്റെ മനസിൽ... എന്ന പാട്ടിന്റെ രചനയും സംഗീതവും മുരളീധരൻ ആശാനാണ്. തൈക്കൂടം ബ്രിഡ്‌ജിന്റെ കാലംപോയ പോക്കുകണ്ടോടീയും സൂപ്പർഹിറ്റാണ്. കൂടൽമാണിക്യസ്വാമിയെപ്പറ്റി ഭക്തിഗാനങ്ങൾ രചിച്ചു. ശ്യാംധർമ്മൻ ഉൾപ്പെടെയുള്ളവർ പാട്ടുകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. 20 മിനിറ്റ് മുതൽ രണ്ടുദിവസംവരെ ഒരു പാട്ടെഴുതാൻ വേണ്ടിവന്നിട്ടുണ്ടെന്ന് ആശാൻ പറയുന്നു.
ട്യൂൺസ് ഇരിങ്ങാലക്കുട സംഘത്തിലെ 65 അംഗങ്ങൾ ഉൾപ്പെടെ നിരവധി ശിഷ്യരുണ്ട്. മകൻ മധുവും പാട്ടെഴുതും. പേരക്കുട്ടികളായ അഞ്ജലി നാടകത്തിൽ അഭിനയിക്കുകയും ശ്രീദത്ത് പാടുകയും ചെയ്യുന്നുണ്ട്.
കൂടൽമാണിക്യ ക്ഷേതത്തിന് സമീപം കണ്ഠേശ്വരം തറയിൽവീട്ടിലാണ് താമസം. ഭാര്യ: വള്ളിയമ്മ. മക്കൾ: മധു, മനോജ്, വിനോദ്.
''കൂടൽമാണിക്യസ്വാമിയുടെ കാരുണ്യമാണ് കൂലിപ്പണിക്കാരനായ എന്നെ എഴുത്തുകാരനും പാട്ടുകാരനുമാക്കിയത്.""
മുരളീധരൻ ഇരിങ്ങാലക്കുട
ഹിറ്റ് ഗാനങ്ങളിൽ ചിലത്
എന്നുംവരുംവഴിവക്കിൽ അവളെന്നോടൊന്നുമിണ്ടാൻ....
ചേട്ടനിന്ന്പാടിയ പാട്ടെന്റെ ചുണ്ടിലൂറുന്നു......
പൂമണക്കുംപൂങ്കാവനം ശബരിമല.....
ചന്ദനംതൊട്ടാലും എത്രയെത്രചന്തം.....
ശ്രീരാമലക്ഷ്‌മണനും സീതയുമൊത്ത്......
ഞാന്റെ അളിയനെ കണ്ടേ......
എന്നേവിട്ടെങ്ങുപോയിസീതേ.....
പൊന്നരച്ച്പൊട്ടുംതൊട്ട്.....
കൂടൽമാണിക്യമേ കൂടണമെന്റെ കൂടേ....
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |