ലക്‌നൗ: ആത്മഹത്യാ കുറിപ്പും ബാഗുമായി ബാങ്കിൽ വന്നുകയറി ലക്ഷങ്ങളുമായി കടന്നയാൾക്കെതിരെ അന്വേഷണം. ഉത്തർ പ്രദേശിലെ ഷംലിയിലെ ധീമാൻപുരയിലുള്ള ആക്‌സിസ് ബാങ്ക് ശാഖയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 40 ലക്ഷം രൂപ തന്നില്ലെങ്കിൽ ബാങ്ക് സ്‌ഫോടനത്തിൽ തകരുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി.
38.5 ലക്ഷത്തിന്റെ ഹോം ലോൺ തനിക്കുണ്ടെന്നും സ്വത്ത് ജപ്‌തി ചെയ്‌തുപോയാൽ മക്കൾക്ക് കുടുംബമില്ലാതാകുമെന്നും അതുകൊണ്ട് 40 ലക്ഷം തരണമെന്നാണ് ഇയാൾ ബാങ്കിലെത്തി വിളിച്ചുപറഞ്ഞത്. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ബാങ്ക് മാനേജർ നമാൻ ജെയിനിനോട് അരമണിക്കൂറോളം തോക്ക് ചൂണ്ടി സംസാരിച്ച ശേഷമാണ് കൊള്ള നടത്തിയത്. തിരികെ പോകാൻ വഴി തന്നില്ലെങ്കിൽ സ്വയം വെടിവയ്‌ക്കുമെന്നും അല്ലെങ്കിൽ മാനേജരെ വെടിവച്ച് കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നും ഇതോടെ മാനേജരും ക്യാഷിയറും ചേർന്ന് പണം നൽകി.
സംഭവം നടക്കുന്ന സമയം ബാങ്കിൽ 12ഓളം ജീവനക്കാരും 14ഓളം ഇടപാടുകാരും ഉണ്ടായിരുന്നതായാണ് സാക്ഷികൾ വ്യക്തമാക്കുന്നത്. ബാങ്കിൽ നിന്നും പുറത്തുകടക്കും വരെ തോക്കുമായി മാനേജരെ അക്രമി ഭീഷണിപ്പെടുത്തി. കൊള്ള അന്വേഷിക്കാൻ പ്രത്യേക ടീമിനെ രൂപീകരിച്ചതായും ജീവനക്കാരെയടക്കം ചോദ്യം ചെയ്‌ത് വരികയാണെന്നും ഷംലി എസ്.പി രാംസേവക് ഗൗതം അറിയിച്ചു. കുറ്റവാളിക്കായി ശക്തമായ അന്വേഷണം തന്നെ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |