മദ്യനയക്കേസിൽ ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന്റെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും അറസ്റ്ര്,മോചനം. നാടകീയമായ രാഷ്ട്രീയ മാറ്റങ്ങൾ, ഡൽഹി മുഖ്യമന്ത്രിയായുള്ള അതിഷി മർലേനയുടെ വരവ്. ഒരു വർഷത്തിനുമേലെയായി ആം ആദ്മി പാർട്ടി സംഘർഷ ഭരിതമായ യാത്രയിലാണ്... ഈ സംഘർഷാവസ്ഥയിലും അതിഷിക്കൊപ്പം നിന്ന ആം ആദ്മിയുടെ നെടുംതൂണുകളിലൊന്നായ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നിന്റെ മുഖം അത്ര പെട്ടെന്ന് ആർക്കും മറക്കാനാവില്ല. ഡൽഹിക്കു പുറമേ പഞ്ചാബിലും വേരുപടർത്തി പാർട്ടിക്ക് ദേശീയ മുഖം നൽകുന്നതിൽ മുഖ്യപങ്കു വഹിച്ചയാൾ.
പഞ്ചാബെന്നാൽ ആം ആദ്മിക്ക് പ്രതീക്ഷയായ സാഹചര്യം. എന്നാൽ പഞ്ചാബ് മണ്ണിൽ മന്നിന്റെ കാലിടറുന്നുവെന്നാണ് റിപ്പോർട്ടുകൾ. പാർട്ടി പോലും ഒപ്പമില്ലാത്ത രീതിയിലേക്ക് മന്നിന് തിരിച്ചടിയുണ്ടായാൽ അത് രാജ്യത്തിന്റെ രാഷ്ട്രീയ രീതിയെ മാറ്റി മറിച്ചേക്കാം. ഈയിടെയാണ് എസ്.എ.ഡി തലവൻ സുഖ്ബീർ സിംഗ് ബാദൽ സംസ്ഥാനത്ത് എ.എ.പി പിളർപ്പ് പ്രവചിച്ചത്. അത് ശരിവയ്ക്കും വിധം പഞ്ചാബിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ അനിശ്ചിതത്വത്തിന്റെ കാർമേഘങ്ങൾ ഇരുണ്ടുകൂടിയിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറും മന്നിന്റെ വിശ്വസ്തനുമായ ഓങ്കാർ സിംഗ് രാജിവച്ചത്.
മന്നിന്റെ മണ്ഡലമായ ധുരിയുടെ ചുമതലക്കാരനും മന്നിന്റെ ഭാര്യ ഡോ. ഗുർപ്രീത് കൗറിന്റെ രാഷ്ട്രീയ പരിപാടികളുടെ മേൽനോട്ടം കൈകാര്യം ചെയ്തിരുന്നതും ഓങ്കാറായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ നവനീത് വാധ്വ അദ്ദേഹത്തിന്റെ കരാർ പുതുക്കാത്തതിനെ തുടർന്ന് രാജിവച്ചതും കഴിഞ്ഞ ദിവസമാണ്. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ മന്നിനു മേൽ ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലും അതൃപ്തികൾ ഉണ്ടാകുനെന്ന് വ്യക്തം. അടുത്തിടെയാണ് മൻ മന്ത്രിസഭയിൽ നാല് മന്ത്രിമാരെ ഒഴിവാക്കി അഞ്ച് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരെ കയറ്റിയെന്ന് ആരോപണം ശക്തമാണ്. ഒഴിവാക്കപ്പെട്ടവർക്ക് പിന്തുണ ഏറുന്നത് മന്നിന് കടുത്ത വെല്ലുവിളിയാകുന്നു.
പ്രതിപക്ഷ ആരോപണം
കടുത്ത മദ്യപാനിയായ മൻ സംസ്ഥാനത്തെ നയിക്കാൻ യോഗ്യനല്ലെന്നാണ് പ്രതിപക്ഷ ആരോപണം. മുഖ്യമന്ത്രിയായപ്പോൾ മദ്യപാനം ഉപേക്ഷിച്ചെന്ന് പ്രചാരണമുണ്ടായെങ്കിലും കഴിഞ്ഞ മാസം ചണ്ഡിഗർ വിമാനത്താവളത്തിൽ വച്ച് വീഴുകയും പരിക്കേൽക്കുകയും ചെയ്തു. ഇത് മദ്യപിച്ചതിനാലാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മദ്യപാനവും കൃത്യനിർവഹണത്തിലെ വീഴ്‌ചയും അവർ ആവർത്തിച്ച് ഉയർത്തിക്കാട്ടിയപ്പോൾ പ്രതിരോധിക്കാതെ ആം ആദ്മി മൗനം പാലിച്ചത് വലിയ ചർച്ചയായി. പാർട്ടിയും കൈവിടുകയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നു.
ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗ് ജയിലിൽ കിടന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലം കൂടി ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. ഖാലിസ്ഥാൻ വാദം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്ന സാഹചര്യമാണ്. ഖാദൂർ സാഹിബ് എം.പിയും അമൃത്പാൽ സിംഗിന്റെ പിതാവായ തർസെം സിംഗും കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. പഞ്ചാബിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഒരു പ്രാദേശിക പാർട്ടി ഇല്ലെന്ന് അവർ ആവർത്തിച്ചുപറയുന്നു. ഇത് ജനം സ്വീകരിച്ചാൽ പഞ്ചാബിന്റെ രാഷ്ട്രീയ സ്ഥിതി എന്താകും. ബി.ജെ.പി ഉൾപ്പെടെയുള്ള പാർട്ടികൾ അധികാരം പിടിച്ചെടുക്കാൻ വഴികൾ തേടുമ്പോൾ മന്നും ആം ആദ്മിയും അതിനുള്ള അനുകൂല സാഹചര്യം ഒരുക്കിക്കൊടുക്കുകയാണോ.. അണിയറയിൽ കരുനീക്കങ്ങൾ ശക്തമാണ്. പുതിയ നേതൃത്വത്തിന് ആം ആദ്മിയും ശ്രമിച്ചേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |