തിരുവനന്തപുരം: വ്യക്തമായ ലക്ഷ്യങ്ങളോടെ കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൂരത്തിനിടെ ശരിയല്ലാത്ത ഇടപെടലുകളുണ്ടായി. എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടിൽ സംഘപരിവാറിനെതിരെയും പരാമർശങ്ങളുണ്ട്.
പൂരത്തിന്റെ അവസാന സമയത്താണ് അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായത്. പൂരം എക്സിബിഷൻ, തറവാടക അടക്കം തുടക്കത്തിലുണ്ടായ പ്രശ്നങ്ങൾ സർക്കാർ പരിഹരിച്ചിരുന്നു. ഹൈക്കോടതിയുടെയും കേന്ദ്രഏജൻസികളുടെയുമടക്കം നിർദ്ദേശപ്രകാരമുള്ള നിയന്ത്രണങ്ങളായിരുന്നു ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പ് ലക്ഷ്യം മുൻനിറുത്തി അരങ്ങേറിയ ആസൂത്രിത നീക്കത്തിന്റെ ഫലമായി നിയമപരമായി അനുവദിക്കാൻ സാധിക്കാത്ത ആവശ്യങ്ങൾ ബോധപൂർവ്വം ഉന്നയിച്ചിട്ടുണ്ടെന്നാണ് എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത്തരത്തിൽ അനേകം ഇടപെടലുകളെക്കുറിച്ച് ഈ റിപ്പോർട്ടിലുണ്ട്. പക്ഷേ ഈ റിപ്പോർട്ട് സമഗ്രമല്ല.
അവിടെ നടന്നിട്ടുള്ള കുറ്റകൃത്യങ്ങൾ അന്വേഷിച്ച് കണ്ടുപിടിച്ച് ഭാവിയിൽ തൃശൂർ പൂരം ഭംഗിയായി നടത്താനുള്ള സംവിധാനം ഒരുക്കും. സാമൂഹ്യ അന്തരീക്ഷം തകർക്കാനുള്ള ഒരു കുത്സിത പ്രവൃത്തിയും അനുവദിക്കാനാവില്ല. പ്രകൃതി ദുരന്തങ്ങളും മറ്റ് പ്രയാസകരമായ അവസ്ഥകളുമുണ്ടായപ്പോൾ മുൻപ് തൃശൂർ പൂരം ചുരുക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ചില പ്രത്യേക രീതിയോടെയുള്ള ഇടപെടലിലൂടെ പൂരാഘോഷങ്ങൾ അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇത്തവണയുണ്ടായത്. അത് ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികളിലേക്ക് കടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |