ലണ്ടൻ : ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തിന് കാരണം അസ്ഥികളെ ബാധിച്ച ക്യാൻസറാണെന്ന് വെളിപ്പെടുത്തി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഈ മാസം 10ന് പുറത്തിറങ്ങുന്ന ബോറിസിന്റെ 'അൺലീഷ്‌ഡ്" എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. രാജ്ഞിയുമായുള്ള അവസാന കൂടിക്കാഴ്ചയെ പറ്റിയും ബോറിസ് തന്റെ പുസ്കത്തിൽ വിവരിക്കുന്നുണ്ട്. 2022 സെപ്തംബർ 8ന് 96-ാം വയസിലാണ് രാജ്ഞി അന്തരിച്ചത്. സെപ്തംബർ 6ന് ബോറിസ് പ്രധാനമന്ത്രി പദം രാജിവച്ച് ഒഴിയുകയും ലിസ് ട്രസ് അധികാരത്തിലേറുകയും ചെയ്തിരുന്നു.
'സ്കോട്ട്‌ലൻഡിലെ ബാൽമോറൽ കാസിലിലായിരുന്നു രാജ്ഞിയുടെ അവസാന നാളുകൾ. മരിക്കുന്നതിന് ഒരു വർഷത്തിലേറെയായി രാജ്ഞി അസ്ഥിസംബന്ധമായ ഒരുതരം ക്യാൻസറുമായി പൊരുതുകയായിരുന്നു. തനിക്ക് ഇക്കാര്യമറിയാമായിരുന്നു. രാജ്ഞിയുടെ നില ഏതുനിമിഷവും ഗുരുതരമാകുമെന്ന് ഡോക്ടർമാർ ആശങ്കപ്പെട്ടിരുന്നു.
അവസാനമായി കാണുമ്പോൾ രാജ്ഞി ആകെ വിളറിയിരുന്നു. കൈകളിൽ ഇരുണ്ട പാടുകളുണ്ടായിരുന്നു. അത് ഇഞ്ചക്ഷന്റേതാകാം. അസുഖ ബാധിതയായിരുന്നിട്ടും മാനസികമായി രാജ്ഞി തളർന്നിരുന്നില്ല. താൻ മരിക്കാൻ പോവുകയാണെന്ന് രാജ്ഞിക്ക് ബോധ്യമുണ്ടായിരുന്നു. എന്നാൽ അവസാനം വരെ പിടിച്ചുനിൽക്കാനും തന്റെ കർത്തവ്യങ്ങൾ നിറവേറ്റാനും അവർ തീരുമാനിച്ചിരുന്നു." ബോറിസ് പുസ്‌തകത്തിൽ പറയുന്നു.
എലിസബത്ത് രാജ്ഞിയുടെ മരണം സംബന്ധിച്ച വിവരങ്ങൾ ബക്കിംഗ്ഹാം പാലസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ആദ്യമായാണ് ബ്രിട്ടീഷ് സർക്കാരിൽ ഉന്നത പദവി വഹിച്ചിരുന്ന ഒരു വ്യക്തി ഇത്തരത്തിൽ പ്രതികരണം നടത്തുന്നത്. പ്രായാധിക്യം എന്നാണ് മരണസർട്ടിഫിക്കറ്റിൽ കാരണമായി രേഖപ്പെടുത്തിയിട്ടുള്ളത്. രാജകുടുംബത്തെ പറ്റിയുള്ള പുസ്തകങ്ങളിൽ അഭിപ്രായ പ്രകടനം പാടില്ലെന്ന ചട്ടമുള്ളതിനാൽ ബക്കിംഗ്ഹാം പാലസ് ബോറിസിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചിട്ടില്ല.
ജീവചരിത്രത്തിലും പരാമർശം
എലിസബത്ത് രാജ്ഞിയ്ക്ക് അസ്ഥി മജ്ജ കാൻസറിന്റെ അപൂർവ രൂപമായ മൈലോമ ബാധിച്ചിരുന്നെന്ന് ' എലിസബത്ത്: ആൻ ഇന്റിമേറ്റ് പോട്രെയ്‌റ്റ് " എന്ന ജീവചരിത്ര പുസ്തകത്തിലും പരാമർശമുണ്ട്. രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ സുഹൃത്ത് ഗൈൽസ് ബ്രാൻഡെർത്ത് ആണ് ഈ പുസ്തകം രചിച്ചത്. അസ്ഥികളിലെ വേദനയാണ് മൈലോമയുടെ പ്രധാന ലക്ഷണം. ഇടുപ്പെല്ലിലും നടുവിലും അതികഠിനമായ വേദനയുണ്ടാകും.
ഈ രോഗത്തിന് പ്രതിവിധിയില്ലെങ്കിലും പ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്താനും അസ്ഥികൾ ക്ഷയിക്കുന്നത് തടയാനും വേദനകളുടെ തീവ്രത കുറയ്ക്കാനും സഹായിക്കുന്ന മരുന്നുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |