ന്യൂഡൽഹി:മഹാരാഷ്‌ട്രയിൽ മുഖ്യമന്ത്രിയെ തീരുമാനിച്ചെങ്കിലും വകുപ്പുകളെ ചൊല്ലി ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയുടെ അതൃപ്തിയിൽ മന്ത്രിസഭാ രൂപീകരണം വഴിമുട്ടി. ചർച്ചകളിൽ അതൃപ്‌തി പ്രകടിപ്പിച്ച ഷിൻഡെ സത്താറയിലെ ഗ്രാമത്തിലേക്ക് മടങ്ങി.
അതേസമയം, സത്യപ്രതിജ്ഞ ഡിസംബർ 5ന് നടക്കുമെന്നും റിപ്പോർട്ട് വന്നു. മുംബയ് ആസാദ് മൈതാനത്തെ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും.
വ്യാഴാഴ്‌ച രാത്രി ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗത്തിൽ മുഖ്യമന്ത്രിയായി പരിഗണിക്കപ്പെടുന്ന ദേവേന്ദ്ര ഫഡ്‌നാവിസിനും എൻ.സി.പി നേതാവ് അജിത് പവാറിനുമൊപ്പം ഷിൻഡെയും പങ്കെടുത്തിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം സത്താറയിലേക്ക് മടങ്ങിയത്. ഷിൻഡെ തിരിച്ചെത്തും വരെ ചർച്ചകൾ നിറുത്തിവച്ചിരിക്കുകയാണ്.
എന്നാൽ, ഏകനാഥ് ഷിൻഡെ അസ്വസ്ഥനല്ലെന്ന് മഹാരാഷ്ട്ര മന്ത്രിയും ശിവസേന നേതാവുമായ ഉദയ് സാമന്ത് പറഞ്ഞു. ഗ്രാമത്തിൽ മുൻകൂട്ടി നിശ്‌ചയിച്ച പരിപാടിക്ക് പോയതാണ്. ഇന്ന് മടങ്ങിയെത്തിയ ശേഷം ചർച്ചകൾ പുനരാരംഭിക്കും. അതേസമയം ഷിൻഡെയ്‌ക്ക് ഉപമുഖ്യമന്ത്രി സ്ഥാനത്തിൽ താത്‌പര്യമില്ലെന്ന് ശിവസേന എം.എൽ.എയും വക്താവുമായ സഞ്ജയ് ഷിർസാത്ത് പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന ആൾ ഉപമുഖ്യമന്ത്രിയാകുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും അദ്ദേഹം സർക്കാരിന്റെ ഭാഗമാകണമെന്ന് പാർട്ടി ആഗ്രഹിക്കുന്നുണ്ടെന്നും ഷിർസാത്ത് വ്യക്തമാക്കി.
ആഭ്യന്തര വകുപ്പ് ബി.ജെ.പിയും അജിത് പവാറിന്റെ എൻ.സി.പി ധനകാര്യവും നിലനിറുത്താൻ സാദ്ധ്യതയുണ്ട്. നഗരവികസന, പൊതുമരാമത്ത് വകുപ്പുകൾ ഷിൻഡെയുടെ ശിവസേനയ്ക്ക് ലഭിച്ചേക്കും.
22 ക്യാബിനറ്റ് വകുപ്പുകൾ ബി.ജെ.പി കൈയിൽ വയ്‌ക്കും. ശിവസേനയ്ക്ക് 12ഉം എൻ.സി.പിക്ക് 9ഉം വകുപ്പുകൾ ലഭിക്കുമെന്നുമാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |