തലശ്ശേരി: മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഒ.ആർ കേളു എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടന്ന 'കരുതലും കൈത്താങ്ങും' തലശ്ശേരി താലൂക്ക് അദാലത്തിൽ ആകെ 415 പരാതികൾ പരിഗണിച്ചു. അദാലത്തിൽ 139 പരാതികൾ തീർപ്പാക്കി. 87 പരാതികളിൽ നടപടി സ്വീകരിച്ചു വരുന്നു. ഡിസംബർ ആറ് വരെ ഓൺലൈനായും നേരിട്ടും ലഭിച്ച പരാതികൾ 226. അദാലത്ത് ദിവസം 189 പരാതികൾ സ്വീകരിച്ചു. മുൻഗണനാ റേഷൻ കാർഡ് അപേക്ഷ, ഭൂമി സംബന്ധമായ പരാതികൾ, കെട്ടിട നമ്പറിനുള്ള അപേക്ഷകൾ തുടങ്ങിയവയാണ് കൂടുതലും ലഭിച്ചത്.
പുതിയതായി ലഭിച്ച പരാതികൾക്ക് രണ്ടാഴ്ചക്കകം മറുപടി നൽകുമെന്ന് അദാലത്തിനുശേഷം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. രാവിലെ 10 മണിക്ക് തുടങ്ങിയ അദാലത്ത് വൈകീട്ട് 6.30 മണിയോടെയാണ് സമാപിച്ചത്.
രാവിലെ ഉദ്ഘാടനത്തിന് ശേഷം അദാലത്ത് വേദിയിൽ 19 പേർക്ക് എ.എ.വൈ, മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തു. തുടർന്ന് മന്ത്രിമാർ അപേക്ഷകൾ വിലയിരുത്തി 11 പേർക്ക് മുൻഗണന റേഷൻ കാർഡുകൾ അനുവദിച്ചു. 27 പേരുടെ അപേക്ഷകൾ അനുമതിക്കായി സംസ്ഥാന തലത്തിലേക്ക് അയക്കും.
അദാലത്തിൽ കെ.പി മോഹനൻ എം.എൽ.എ, തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം ജമുനാറാണി, ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം സി.പദ്മചന്ദ്ര കുറുപ്പ്, സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജീവൻ, ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്തു, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി മിനി, ഡെപ്യൂട്ടി കളക്ടർ അനിൽകുമാർ, തലശ്ശേരി തഹസിൽദാർ എം. വിജേഷ് തുടങ്ങിയവർ സംബന്ധിച്ചു.
മാലൂരിലെ പ്രജിഷക്ക്
വീടൊരുക്കും
75 ശതമാനം ശാരീരിക വൈകല്യമുള്ള മകൻ ദേവതീർത്ഥിനൊപ്പം തലശ്ശേരി താലൂക്ക് അദാലത്തിന് എത്തിയ മാലൂർ സ്വദേശി കെ.പ്രജിഷക്ക് ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീട് അനുവദിക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശം നൽകി. ജന്മനാ കൈകാലുകൾക്ക് സ്വാധീനക്കുറവുള്ള, അനുഗ്രഹീത ചിത്രകാരനായ പതിനാലുകാരനായ മകന് ചികിത്സാ സഹായം, കുടുംബത്തിനുള്ള ഉപജീവനമാർഗം, സ്വന്തമായി വീട് എന്നീ ആവശ്യങ്ങളുമായാണ്, ഭർത്താവ് ഉപേക്ഷിച്ച പ്രജിഷ അദാലത്തിന് എത്തിയത്. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പ്രജിഷയ്ക്ക് ഉറപ്പ് നൽകി. മാനുഷിക പരിഗണന നൽകിയാണ് അദാലത്തിൽ പ്രജിഷയുടെ പരാതി പരിഗണിച്ചത്. ഹാളിന് പുറത്ത് വീൽചെയറിലെത്തിയ ദേവതീർത്ഥിന്റെ അരികിലേക്ക് എത്തിയാണ് മന്ത്രി പരാതി പരിഗണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |