ക്വലാലംപുർ: വിദ്വേഷ പ്രസംഗം നടത്തിയ മതപ്രസംഗകൻ സാക്കിർ നായിക്ക് മലേഷ്യൻ ജനതയോട് മാപ്പു പറഞ്ഞു. പത്തുമണിക്കൂറോളം നീണ്ട പൊലീസിന്റെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് സാക്കിർ നായിക്ക് ഖേദപ്രകടനം നടത്തിയത്.
'സമൂഹത്തെയോ വ്യക്തികളെയോ മോശമായി ചിത്രീകരിക്കണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. അത് അടിസ്ഥാന ഇസ്ളാമിക തത്വങ്ങൾക്കെതിരാണ്. എന്റെ വാക്കുകൾ ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കിൽ ഹൃദയപൂർവം മാപ്പപേക്ഷിക്കുന്നു.'- നായിക് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടർന്ന് രാജ്യത്ത് സാക്കിർ നായിക്കിന്റെ പ്രസംഗത്തിന് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു.
ആഗസ്റ്റ് മൂന്നിന് മലേഷ്യയിലെ കോട്ട ബാരുവിൽ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഹിന്ദുക്കൾക്കും ചൈനീസ് വംശജർക്കുമെതിരെ സാക്കിർ നായിക്ക് വംശീയ പരാമർശം നടത്തിയത്. 'പഴയ അതിഥി'കളായ മലേഷ്യയിലെ ചൈനീസ് വംശജർ ഉടൻ രാജ്യം വിടണമെന്നും ഇന്ത്യയിലെ മുസ്ലിങ്ങൾക്കുള്ളതിനെക്കാൾ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കൾക്കുള്ളതെന്നുമായിരുന്നു നായിക്കിന്റെ പരാമർശം. നായിക്ക് വംശീയരാഷ്ട്രീയം കളിക്കാനാഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പരാമർശമാണിതെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് പറഞ്ഞിരുന്നു.
'വംശീയ വികാരങ്ങളെ ആളിക്കത്തിക്കാനാണ് നായിക്ക് ശ്രമിക്കുന്നത്. മതപ്രസംഗം നടത്താനുള്ള അവകാശം നായിക്കിനുണ്ട്. എന്നാൽ, അയാളതല്ല ചെയ്യുന്നത്. രാജ്യത്ത് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഇടപെടാൻ നായിക്കിന് അവകാശമില്ല. വിവാദപ്രസ്താവന രാജ്യത്ത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്നും മലേഷ്യൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. 'പ്രസംഗം വിവാദമായതോടെ മലേഷ്യയിലെ ഏഴു സംസ്ഥാനങ്ങളിൽ കഴിഞ്ഞദിവസം തന്നെ പ്രസംഗം നിരോധിച്ചിരുന്നു.
2016ൽ കള്ളപ്പണം വെളുപ്പിക്കൽ, മതപ്രഭാഷണങ്ങളിലൂടെ തീവ്രവാദത്തിനു പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങളിൽ ഇന്ത്യയിൽ കേസെടുത്തതോടെയാണ് നായിക്ക് മലേഷ്യയിലേക്ക് കടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |