തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 240 രൂപ വർദ്ധിച്ച് 60,440 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,555 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 8,242 രൂപയുമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഒരു പവൻ സ്വർണത്തിന് വില 60,200 രൂപയായിരുന്നു. ജനുവരി 22നാണ് ആഭരണപ്രേമികളെ ഞെട്ടിപ്പിക്കുന്ന തരത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 60,000 കടന്നത്. ഇതോടെ സ്വർണം വാങ്ങാനായി കാത്തിരുന്നവർ ആശങ്കയിലായിരിക്കുകയാണ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീവ്ര വ്യാപാര, തീരുവ നയങ്ങൾ തുടർന്നാൽ സ്വർണവില ഇനിയും കൂടിയേക്കാം. ട്രംപ് അധികാരമേറ്റതു മുതൽ സ്വർണവില മികച്ച മുന്നേറ്റമാണ് നടത്തിയത്. ഇന്ത്യയും ചൈനയും ബ്രസീലുമടക്കമുള്ള രാജ്യങ്ങൾ വ്യാപാര ഇടപാടുകളിൽ നിന്ന് ഡോളർ ഒഴിവാക്കുന്നതിനെതിരെ ട്രംപ് ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഡീഡോളറൈസേഷൻ നടത്തുന്ന രാജ്യങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണി സ്വർണത്തിന്റെ വാങ്ങൽ താത്പര്യം ഉയർത്തിയേക്കും. അതുപോലെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും സ്വർണവില ഉയരാൻ കാരണമാകും.
ഇന്നത്തെ വെളളിവില
സംസ്ഥാനത്തെ വെളളിവിലയിലും നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 105 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 105,000 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെളളിയുടെ വില 104 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 104,000 രൂപയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |